'മാനന്തവാടി മെഡി. കോളജിൽ ചികിത്സ വൈകിപ്പിച്ചു'; ആരോപണവുമായി കാട്ടാന ആക്രമണത്തിൽ മരിച്ച പോളിന്റെ കുടുംബം
''മന്ത്രിമാർ ആണെങ്കിൽ മതിയായ ചികിത്സ കിട്ടുമായിരുന്നല്ലോ... സൗകര്യങ്ങൾ ഇല്ലായിരുന്നെങ്കിൽ അച്ഛനെ പെട്ടെന്ന് അവിടെനിന്ന് മാറ്റണമായിരുന്നു.''
കൽപറ്റ: കാട്ടാന ആക്രമണത്തിൽ ചികിത്സയ്ക്കിടെ കുറുവാദ്വീപ് മരിച്ച സംഭവത്തിൽ മാനന്തവാടി മെഡിക്കൽ കോളജിനെതിരെ ആരോപണവുമായി കുടുംബം. ആശുപത്രിയിൽനിന്ന് കൃത്യമായ ചികിത്സ ലഭിച്ചിട്ടില്ലെന്നും ചികിത്സ വൈകിപ്പിച്ചെന്നും മരിച്ച പോൾ വി.പിയുടെ മകൾ ആരോപിച്ചു. കൃത്യമായ ചികിത്സ വേഗത്തിൽ ലഭിച്ചിരുന്നെങ്കിൽ അച്ഛൻ ജീവിച്ചിരിക്കുമായിരുന്നുവെന്നും ഇവർ പറഞ്ഞു.
രാവിലെ ഒൻപത് മണിക്ക് ആന ആക്രമിച്ചിട്ടും അച്ഛൻ മണിക്കൂറുകൾ ജീവിച്ചു. വേണ്ട ചികിത്സ വേഗം ലഭ്യമാക്കിയിരുന്നെങ്കിൽ മരണമുണ്ടാകുമായിരുന്നില്ല എന്നാണ് ഇതു കാണിക്കുന്നത്. ആശുപത്രിയിൽനിന്ന് ചികിത്സ വൈകിപ്പിച്ചു. മാനന്തവാടിയിൽനിന്ന് വേണ്ട ചികിത്സ കിട്ടിയില്ലെന്നും മകൾ ആരോപിച്ചു.
കോഴിക്കോട്ട് എത്തിക്കാൻ വൈകിയെന്നും അവർ ചൂണ്ടിക്കാട്ടി. വേണ്ട ചികിത്സയ്ക്കുള്ള സൗകര്യങ്ങളില്ലെങ്കിൽ അവിടെ രോഗിയെ നിർത്താൻ പാടില്ലായിരുന്നു. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ മകൾ പറഞ്ഞു ആർക്കും ആ ഗതി വരരുതെന്ന്. ഇപ്പോൾ അതേ ഗതി എനിക്കും വന്നിരിക്കുന്നു. എനിക്ക് എന്റെ അച്ഛനെ നഷ്ടമായെന്നും അവർ പറഞ്ഞു.
സൗകര്യങ്ങൾ ഇല്ലായിരുന്നെങ്കിൽ അച്ഛനെ പെട്ടെന്ന് അവിടെനിന്ന് മാറ്റണമായിരുന്നു. മന്ത്രിമാർ ആണെങ്കിൽ മതിയായ ചികിത്സ കിട്ടുമായിരുന്നല്ലോ... മറ്റുള്ളവർ പറഞ്ഞാണ് കോഴിക്കോട്ടേക്ക് മാറ്റുന്ന കാര്യം അറിഞ്ഞത്. ഒരു കാര്യവും തന്നോടും അമ്മയോടും പറഞ്ഞില്ല. ഏറെ വൈകിയാണ് കോഴിക്കോട്ടേക്ക് കൊണ്ടുപോയത്. ശസ്ത്രക്രിയ ചെയ്യുമെന്നു പറഞ്ഞെങ്കിലും അതുണ്ടായില്ലെന്നും മകൾ പറഞ്ഞു.
കുറുവാദ്വീപിൽ ഇന്നു രാവിലെയാണ് കാട്ടാനയുടെ ആക്രമണത്തിൽ വാച്ചറായ പാക്കം സ്വദേശി പോൾ വി.പിക്ക് ഗുരുതരമായി പരിക്കേറ്റത്. ആനയുടെ ചവിട്ടേറ്റു നട്ടെല്ലിനും വാരിയെല്ലിനും ഗുരുതരമായ പരിക്കേറ്റിരുന്നു. ആക്രമണത്തിനു പിന്നാലെ മാനന്തവാടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെനിന്ന് ഉച്ചയോടെ കോഴിക്കോട് മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Summary: Family of Kuruvadweep watcher Paul VP, who died in wild elephant attack, alleges delay in treatment at Mananthavady Medical College
Adjust Story Font
16