അട്ടപ്പാടിയിലും കാട്ടാന ആക്രമണം: വീട് തകർക്കാൻ ശ്രമിച്ച് ഒറ്റയാൻ
അട്ടപ്പാടി കൂടപ്പെട്ടി സുന്ദരസ്വാമിയുടെ വീടാണ് തകർക്കാൻ ശ്രമിച്ചത്
പാലക്കാട്: പാലക്കാട് അട്ടപ്പാടിയിലും കാട്ടാന ആക്രമണം. കൂടപ്പെട്ടിയിൽ ഇന്നലെ രാത്രിയിറങ്ങിയ ഒറ്റയാൻ വീട് തകർക്കാൻ ശ്രമിച്ചു. അട്ടപ്പാടി കൂടപ്പെട്ടി സുന്ദരസ്വാമിയുടെ വീടാണ് തകർക്കാൻ ശ്രമിച്ചത്. രണ്ട് കുട്ടികളുള്ള കുടുംബം തലനാരിഴയ്ക്ക് രക്ഷപെടുകയായിരുന്നു.
ഇന്നലെ അർധരാത്രിയോടു കൂടിയാണ് ആക്രമണമുണ്ടായത്. വീട് തകർക്കാൻ ശ്രമിച്ചെങ്കിലും കാട്ടാന ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. അട്ടപ്പാടിയുടെ വിവിധ പ്രദേശങ്ങളിലായി കഴിഞ്ഞ അഞ്ച് മാസത്തിനിടെ നാല് പേരാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
അതേസമയം ധോണിയിൽ ഇന്നലെ രാത്രി വീണ്ടും പി.ടി സെവൻ കാട്ടാനയിറങ്ങി. പ്രദേശവാസിയായ ശാന്തയുടെ വീടിന് സമീപത്തായാണ് പി.ടി സെവൻ എത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ പി.ടി സെവനൊപ്പം ഉണ്ടായിരുന്ന രണ്ട് ആനകൾ ഇന്നലെ രാത്രിയിൽ എത്തിയിട്ടില്ല. ഡോക്ടർ അരുൺ സക്കറിയ വയനാട്ടിൽ നിന്നും എത്തിയിൽ മാത്രമെ ആനയെ മയക്കുവെടി വയ്ക്കാൻ കഴിയൂ.
ബുധനാഴ്ചയാണ് പി.ടി സെവനെ പിടികൂടുന്നതിനായി വയനാട്ടിലുള്ള സംഘമെത്തിയത്. കാട്ടാനകൾ സ്ഥിരമായി ജനവാസ മേഖലയിൽ എത്തുന്നതിനാൽ ധോണി നിവാസികൾ ആശങ്കയിലാണ്. വി.കെ ശ്രീകണ്ഠൻ എം.പി ധോണിയിലെത്തി നാട്ടുകാരുടെ പരാതികൾ കേട്ടിരുന്നു.
Adjust Story Font
16