'ഇനി കോടതിയെ ബഹിഷ്‌കരിക്കുമോ'? ഇ.പി ജയരാജനെ ട്രോളി ശബരീനാഥൻ
ഇൻഡിഗോ വിമാനം മൂന്നാഴ്ച വിലക്കിയതിന് പിന്നാലെ ജയരാജൻ ഇൻഡിഗോ എയർലൈൻസ് ബഹിഷ്‌കരിച്ചിരുന്നു
വിമാനത്തുള്ളിലെ കൈയേറ്റത്തിൽ ഇ.പി ജയരാജനെതിരെ കേസെടുക്കണമെന്ന കോടതി നിർദേശം പുറത്ത് വന്നതിന് പിന്നാലെ ജയരാജനെ ട്രോളി കെ.എസ് ശബരീനാഥൻ. ഇനി കോടതിയെ ബഹിഷ്‌കരിക്കുമോ? എന്നാണ് ജയരാജന്റെ ചിത്രം പങ്കുവെച്ച് ശബരീനാഥന്റെ പരിഹാസം. ഇൻഡിഗോ വിമാനം മൂന്നാഴ്ച വിലക്കിയതിന് പിന്നാലെ ജയരാജൻ ഇൻഡിഗോ എയർലൈൻസ് ജയരാജൻ ബഹിഷ്‌കരിച്ചിരുന്നു.
അതേസമയം മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ ഇ.പി ജയരാജനെതിരെ കേസെടുത്തു. 120 (ബി), 307, 308, 506 എന്നീ വകുപ്പുകൾ പ്രകാരം തിരുവനന്തപുരം വലിയ തുറ പൊലീസാണ് കേസെടുത്തത്. വധശ്രമം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ജയരാജനെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ ഇ.പി ജയരാജനെതിരെ കേസെടുക്കണമെന്ന് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് പൊലീസ് നടപടി.
മുഖ്യമന്ത്രിയുടെ രണ്ട് പേഴ്സണൽ സ്റ്റാഫുകൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഗൺമാൻ അനിൽ കുമാർ, പി.എ സുനീഷ് എന്നിവരെയാണ് കേസിൽ പ്രതി ചേർത്തത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഹരജിയിൽ ഇ.പി ജയരാജനെതിരെ കേസെടുക്കാൻ കോടതി ഉത്തരവിടുകയായിരുന്നു. കോടതി ഉത്തരവ് സിപിഎമ്മിന് കനത്ത തിരിച്ചടിയായെന്നാണ് വിലയിരുത്തൽ. വധശ്രമം, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്താനാണ് പൊലീസിന് കോടതി നിർദേശം നൽകിയിരുന്നത്. വിമാനത്തിൽ വെച്ച് ഇ പി ജയരാജനും മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫും ക്രൂരമായി മർദ്ദിച്ചെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദും നവീൻ കുമാറും ആരോപിച്ചിരുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കോടതിയിൽ ഹരജി നൽകിയത്.
Adjust Story Font
16