Quantcast

ബ്രാഹ്‌മിൻസ് ബ്രാൻഡിനെ ഏറ്റെടുത്ത് അസീം പ്രേംജിയുടെ വിപ്രോ

1987ൽ വിഷ്ണു നമ്പൂതിരി സ്ഥാപിച്ച ബ്രാൻഡാണ് ബ്രാഹ്‌മിന്‍സ്.

MediaOne Logo

abs

  • Updated:

    2023-04-21 09:04:49.0

Published:

21 April 2023 9:02 AM GMT

wipro brahmins
X

പ്രമുഖ ഭക്ഷ്യോത്പന്ന ബ്രാൻഡായ ബ്രാഹ്‌മിൻസിനെ ഏറ്റെടുത്ത് വിപ്രോ കൺസ്യൂമർ കെയർ. എത്ര തുകയ്ക്കാണ് ഏറ്റെടുക്കൽ എന്ന വിവരം പുറത്തുവന്നിട്ടില്ല. ബ്രാഹ്‌മിൻസ് എന്ന ബ്രാൻഡ് നാമം അതേ പോലെ നിലനിർത്തും. സാമ്പാർ, പുട്ടുപൊടി, രസം അടക്കമുള്ള ഉത്പന്നങ്ങളും കറിപ്പൊടികളും അതേപടി തുടരും.

നിറപറ ബ്രാൻഡിനെ കഴിഞ്ഞ വർഷം ഏറ്റെടുത്തതിന് പിന്നാലെയാണ് വിപ്രോ ബ്രാഹ്‌മിൻസിനെയും സ്വന്തമാക്കുന്നത്. 2003ൽ ചന്ദ്രിക സോപ്പിനെയും വിപ്രോ ഏറ്റെടുത്തിരുന്നു. പത്തു വർഷത്തിനിടെ വിപ്രോ സ്വന്തമാക്കുന്ന പതിനാലാമത്തെ ബ്രാൻഡാണിത്. സന്തൂർ സോപ്പ്, യാഡ്‌ലി, ഗ്ലൂക്കോവിറ്റ, മാക്‌സ്‌ക്ലീൻ എന്നിവയെയും അസീം പ്രേംജിയുടെ കമ്പനി സ്വന്തമാക്കിയിരുന്നു.

1987ൽ വിഷ്ണു നമ്പൂതിരി സ്ഥാപിച്ച ബ്രാൻഡാണ് ബ്രാഹ്‌മിൻസ്. 120 കോടിയാണ് കമ്പനിയുടെ വിറ്റുവരവ്. കേരളത്തിന് പുറമേ, ഗൾഫ്, യുകെ, യുഎസ്, ആസ്‌ട്രേലിയ എന്നിവിടങ്ങളിലേക്കു കൂടി ബ്രാൻഡിന്റെ വര്‍ധിച്ച വിപണനം ലക്ഷ്യമിടുന്നതായി വിപ്രോ കൺസ്യൂമർ കെയർ ഫുഡ് ബിസിനസ് പ്രസിഡണ്ട് അനിൽ ചുഗ് പറഞ്ഞു. നിറപറയ്ക്ക് ഗ്രാമീണ മേഖലയിലും ബ്രാഹ്‌മിന്‍സിന് നഗരമേഖലയിലുമാണ് കൂടുതൽ സാന്നിധ്യമെന്ന് ചുഗ് കൂട്ടിച്ചേർത്തു.

കേരളത്തിലെ മെട്രോ, ക്ലാസ് വൺ നഗരങ്ങളിൽ വലിയ സാന്നിധ്യമുള്ള ബ്രാൻഡാണ് ബ്രാഹ്‌മിൻസ്. കമ്പനി ബിസിനസിന്റെ 66 ശതമാനവും കേരളത്തിലാണ്. നാലു ശതമാനം കേരളത്തിന് പുറത്തും 30 ശഥമാനം അന്താരാഷ്ട്ര വിപണിയിലും.

വിപ്രോയ്ക്ക് പുറമേ, കേരളത്തിലെ ഭക്ഷ്യമാർക്കറ്റിൽ നോർവേ ആസ്ഥാനമായ ഓർക്ല ഫുഡ്‌സും ഈയിടെ നിക്ഷേപമിറക്കിയിരുന്നു. കൊച്ചി ആസ്ഥാനമായ, മീരാൻ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഈസ്റ്റേൺ കമ്പനിയെയാണ് ഓർക്ല ഏറ്റെടുത്തിരുന്നത്. 2020 സെപ്തംബറിലായിരുന്നു ഏറ്റെടുക്കൽ.

TAGS :

Next Story