മീഡിയാവൺ വിധി മാധ്യമ സ്വാതന്ത്ര്യത്തെ ശ്വാസം മുട്ടിച്ചവരുടെ മുഖത്തേറ്റ കനത്ത പ്രഹരം; വിസ്ഡം
ഇത് ഇന്ന് രാജ്യം നേരിടുന്ന പൗരസ്വാതന്ത്ര്യ നിഷേധത്തിനെതിരെയുള്ള എല്ലാ നീക്കങ്ങളുടെയും വിജയം കൂടിയാണ്.
കോഴിക്കോട്: മീഡിയാവൺ പുനസംപ്രേഷണ വിലക്ക് നീക്കിയ സുപ്രിംകോടതി വിധി മാധ്യമസ്വാതന്ത്ര്യത്തെ ശ്വാസം മുട്ടിച്ചവരുടെ മുഖത്തേറ്റ കനത്ത പ്രഹരമാണെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ. കനത്ത വെല്ലുവിളികളെ അതിജീവിച്ച് നിയമ പോരാട്ടവുമായി മുന്നോട്ടു പോയ മീഡിയാവൺ മാനേജ്മെൻ്റിനെ അഭിനന്ദിക്കുന്നതായും വിസ്ഡം ജനറൽ സെക്രട്ടറി ടി.കെ അഷ്റഫ് പറഞ്ഞു.
ഈ പോരാട്ടവും അതിൻ്റെ വിജയവും മീഡിയാവണിന് വേണ്ടി മാത്രമുള്ളതല്ല. ഇന്ന് രാജ്യം നേരിടുന്ന പൗരസ്വാതന്ത്ര്യ നിഷേധത്തിനെതിരെയുള്ള എല്ലാ നീക്കങ്ങളുടെയും വിജയം കൂടിയാണ്. മീഡിയാവൺ പ്രതിസന്ധി നേരിട്ടപ്പോൾ നിർഭയമായി അതിനോടൊപ്പം നിന്ന മാധ്യമങ്ങൾക്കും ഈ സന്ദർഭത്തിൽ അഭിമാനിക്കാം.
അതേസമയം, ഫാസിസ്റ്റ് വിരുദ്ധ വാർത്തകളിൽ വെള്ളം ചേർത്ത് നിലപാട് മയപ്പെടുത്തി ഭരണകൂടത്തോടൊപ്പമാണന്ന് തെളിയിക്കാൻ ശ്രമിച്ച മാധ്യമങ്ങൾക്ക് അപമാനത്തിൻ്റേയും നിരാശയുടെയും സമയം കൂടിയാണിത്. ഇനിയുള്ള കാലം ഫാസിസത്തിന് കീഴ്പ്പെട്ടും അവരെ പ്രീണിപ്പിച്ചും കഴിഞ്ഞുകൂടാം എന്ന പൊതുബോധത്തെ ശക്തമായി തിരുത്താൻ കൂടി ഈ വിധി പലർക്കും വെളിച്ചമാകട്ടെ. ഈ വിജയത്തിൽ കൂടുതൽ വിനയാന്വിതരായി മുന്നേറാൻ മീഡിയാവണിനും സാധിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Adjust Story Font
16