കാസർകോട്ടെ പ്രവാസിയുടെ കൊലപാതകത്തിന് പിന്നിൽ മന്ത്രവാദ സംഘം; നാലുപേർ പിടിയിൽ
സ്വയം ജിന്നെന്ന് അവകാശപ്പെടുന്ന സ്ത്രീയും ഭർത്താവും രണ്ട് കൂട്ടാളികളുമായ സ്ത്രീകളുമാണ് പിടിയിലായത്
കാസർകോട്: പൂച്ചക്കാട്ടേ പ്രവാസി അബ്ദുൾ ഗഫൂർ ഹാജിയുടെ മരണം കൊലപാതകമെന്ന് ക്രൈം ബ്രാഞ്ച്. സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. കൊലപെടുത്തിയത് മന്ത്രവാദ സംഘമെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. 2023 ഏപ്രിൽ 14നാണ് പ്രവാസി അബ്ദുൽ ഗഫൂർ മരണപെട്ടത്. അറസ്റ്റിലായവരിൽ മൂന്നും സ്ത്രീകളാണ്. 596 പവനാണ് മന്ത്രവാദത്തിന്റെ മറവിൽ ഇവർ തട്ടിയെടുത്തത്.
2023ലാണ് ഗഫൂറിനെ സ്വവസതിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്ന് ഇത് സ്വാഭാവിക മരണമായി കണക്കിലെടുത്ത് മൃതദേഹം സംസ്‌കരിക്കുകയായിരുന്നു. എന്നാൽ മകന്റെ പരാതിയെത്തുടർന്ന് പിന്നീട് നടത്തിയ പോസ്റ്റുമോർട്ടത്തിൽ തലയ്ക്ക് പിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്ന് തെളിയുകയായിരുന്നു. ബേക്കൽ പൊലീസ് ആദ്യമന്വേഷിച്ച കേസ് പിന്നീട് ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു. സ്വർണം ഇരട്ടിപ്പിക്കലിനായി മന്ത്രവാദം നടത്തിയതാണ് എന്ന് തുടക്കം തന്നെ ആരോപണമുയർന്നിരുന്നു. സ്വയം ജിന്നാണ് എന്ന് അവകാശപ്പെടുന്ന സ്ത്രീയും അവരുടെ ഭർത്താവും രണ്ട് കൂട്ടാളികളുമായ സ്ത്രീകളുമാണ് പിടിയിലായത്.
Adjust Story Font
16