ഗോകുലം ഗോപാലന്‍ പ്രതിയായ അനധികൃത ചിട്ടിക്കേസുകള്‍ പിന്‍വലിച്ചത് സുപ്രിംകോടതി മാർഗനിർദേശങ്ങൾ ലംഘിച്ച്
കേസിന്റെ മെരിറ്റ് കോടതികളും പരിശോധിച്ചില്ലെന്ന് നിയമവിദഗ്ധർ
കോഴിക്കോട്: ഗോകുലം ഗോപാലൻ പ്രതിയായ അനധികൃത ചിട്ടിക്കേസുകൾ പിൻവലിച്ചതിൽ സുപ്രിം കോടതി നിർദേശങ്ങൾ പാലിച്ചില്ലെന്ന് വിലയിരുത്തൽ. കേസ് പിൻവലിക്കാമെന്ന സർക്കാർ ആവശ്യം കോടതിയിൽ അതേപോലെ ഉന്നയിക്കുകയായിരുന്നു പ്രോസിക്യൂഷൻ. പ്രോസിക്യൂഷൻ വാദം അതേപടി അംഗീകരിച്ച കോടതി വിധിയും മേൽക്കോടതികളിൽ ചോദ്യം ചെയ്യാവുന്നതാണെന്നാണ് നിയമ വിദ്ഗ്ധരുടെ അഭിപ്രായം.
അനധികൃമായി ചിട്ടി നടത്തുന്നതായി രജിസ്‌ട്രേഷൻവകുപ്പ് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്. ബ്ലാങ്ക് ചെക്കടക്കം രേഖകൾ പിട്ടിച്ചെടുത്തതായി കുറ്റപത്രത്തിൽ പറയുന്നുണ്ട്. എന്നാൽ കുറ്റപത്രത്തിലെ ആരോപണങ്ങൾ അവ്യക്തമാണെന്ന് വാദിച്ചാണ് പ്രോസിക്യൂഷൻ കേസ് പിൻവലിക്കാൻ ഹരജി നൽകിയത്.
കേസ് പിൻവലിക്കാനുള്ള സർക്കാർ തീരുമാനം പ്രോസിക്യൂട്ടർ അതേപടി കോടതിയിൽ അവതരിപ്പിക്കുകയായിരുന്നു. കേസിന്റെ മെരിറ്റ് കോടതികളും പരിശോധിച്ചില്ലെന്ന് നിയമവിദഗ്ധർ പറയുന്നു.
'സർക്കാർ വാദം കോടതയില്‍ അതേ പടി ഉന്നയിക്കുന്ന പോസ്റ്റ് ഓഫീസിന്റെ പണിയില്ല പ്രോസിക്യൂഷന്റേത്. കേസ് പിന്‍വലിക്കുന്നതിലെ പൊതുതാല്പര്യത്തെക്കുറിച്ച് പ്രോസിക്യൂട്ടർ പരിശോധന നടത്തണം. പ്രോസിക്യൂട്ടർ ഉന്നയിക്കുന്ന വാദം പരിശോധിച്ച ശേഷമേ കോടതിയും തീരുമാനമെടുക്കാവൂ' എന്നാണ് കേസുകള്‍ പിന്‍വലിക്കുന്നത് സംബന്ധിച്ച് ദീപക് മിശ്ര, ഡി വൈ ചന്ദ്രചൂഡ് എന്നിവരംഗങ്ങളായ സുപ്രിംകോടതി ബഞ്ച് പുറപ്പെടുവിച്ച വിധിന്യായത്തില്‍ പറയുന്നത്.
എന്നാല്‍ ഗോകുലം ഗോപാലന്‍ പ്രതിയായ അഞ്ച് കേസുകള്‍ പിന്‍വലിച്ചപ്പോള്‍ ഇതൊന്നും പാലിച്ചില്ല. ഗോകുലം ചിറ്റ്സിന്റെ രണ്ട് ബ്രാഞ്ചുകളില്‍ രജിസ്ട്രേഷന്‍ വകുപ്പ് നടത്തിയ പരിശോധയില്‍ രജിസ്ട്രർ ചെയ്യാത്ത 876 ചിട്ടികള്‍ കണ്ടെത്തിയതിനെ തുടർന്നാണ് കേസ് എടുത്തതെന്ന് പ്രോസിക്യഷന് വ്യക്തമാക്കുന്നുണ്ട്. രണ്ടിടങ്ങളില്‍ നിന്നും ബ്ലാങ്ക് ചെക്കടക്കം രേഖകള്‍ പിടിച്ചെടുത്തതായും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. എന്നിരിക്കെ എങ്ങനെയാണ് കുറ്റപത്രത്തിലെ ആരോപണങ്ങള്‍ അവ്യക്തമാണെന്ന് ഒഴുക്കന്‍ മട്ടില്‍ പറഞ്ഞുകൊണ്ട് കേസ് പിന്‍വലിക്കാനുള്ള ഹരജിയുമായി പ്രോസിക്യൂട്ടർക്ക് കോടതിയെ സമീപിക്കാവുന്നത് എന്നതാണ് ഉയരുന്ന ചോദ്യം. ഈ പ്രോസിക്യൂഷന്‍ വാദം ഉത്തമവിശ്വാസത്തിലാണെന്ന് പരിഗണിച്ച കോടതി കേസ്‍ പിന്‍വലിക്കാന്‍ അനുവാദവും നല്‍കി.
കേസ് പിന്‍വലിച്ചതിനെതിരെ ഷാജി പി ചാലി അംഗമായ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചില്‍ കണ്ണൂർ സ്വദേശിയായ എ കെ ഷാജി നല്കിക ഹരജി നിലനില്‍ക്കുന്നുണ്ട്. സുപ്രിംകോടതി നിർദേശങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടി കേസ് മുന്നോട്ടുപോയാല്‍ കേസ് പിന്‍വലിച്ച വിധി ചോദ്യം ചെയ്യപ്പെടുമന്നാണ് നിയമവൃത്തങ്ങള്‍ പറയുന്നത്.
അതേസമയം, ഗോകുലം ചിട്ടിതട്ടിപ്പ് കേസ് മീഡിയവൺ പുറത്ത് വിട്ട് ഒരു ദിവസം കഴിഞ്ഞിട്ടും മൗനം പാലിക്കുകയാണ് സർക്കാർ. ഗോകുലം ഗോപാലിനെതിരായ കേസ് പിൻവലിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകിയെന്ന വിവരം പുറത്ത് വന്നിട്ടും യാതൊരും വിശദീകരണവും സർക്കാർ നൽകിയിട്ടില്ല. സംസ്ഥാനത്തിന് എത്രരൂപയുടെ നികുതി നഷ്ടമുണ്ടായെന്ന പ്രതിപക്ഷ ചോദ്യത്തിലും സർക്കാർ മൗനം തുടരുകയാണ്.
ഗോകുലം ചിറ്റ്സ് ഉടമ ഗോകുലം ഗോപാലൻ പ്രതിയായ അനധികൃത ചിട്ടികേസുകൾ മുഖ്യമന്ത്രി ഇടപെട്ട് പിൻവലിപ്പിച്ചുവെന്നായിരുന്നു മീഡിയവൺ ഇന്നലെ പുറത്ത് വിട്ട് വാർത്ത. അനധികൃത ചിട്ടി നടത്തിപ്പിലൂടെ 60 ലക്ഷത്തോളം രൂപയുടെ നികുതി നഷ്ടം സർക്കാരിനുണ്ടായിട്ടാണ് ഗോകുലം ഗോപാലനെതിരെ സർക്കാർ നടപടി സ്വീകരിക്കാതിരുന്നത്. മുഖ്യമന്ത്രിയുടെ വഴിവിട്ട ഇടപെടൽ അടക്കം പുറത്ത് വന്ന് ഒരു ദിവസം കഴിഞ്ഞിട്ടും സർക്കാർ മൗനം പാലിക്കുകയാണ്.
Adjust Story Font
16