ഡബ്ള്യൂ.എം.ഒ ജനറല്‍ സെക്രട്ടറി എം.എ മുഹമ്മദ് ജമാൽ അന്തരിച്ചു
വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു
എം.എ മുഹമ്മദ് ജമാല്‍
വയനാട്: മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും വയനാട് മുസ്ലിം ഓർഫനേജ് ജനറൽ സെക്രട്ടറിയുമായ എം.എ മുഹമ്മദ് ജമാൽ അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സാമൂഹ്യ സേവന പ്രവർത്തനരംഗത്ത് നിറസാന്നിധ്യമായിരുന്ന മുഹമ്മദ് ജമാൽ, ഡബ്ള്യൂ.എം.ഒ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ സ്ഥാപക നേതാവാണ്. ഇന്ന് ഉച്ചക്ക് രണ്ട് മണി മുതൽ 4 മണി വരെ വയനാട് മുട്ടിൽ യത്തീംഖാനയിലും ആറ് മണിക്ക് സുൽത്താൻ ബത്തേരിയിലുള്ള ഡബ്ല്യു.എം.ഒ ഇംഗ്ലീഷ് സ്‌കൂളിലും മൃതദേഹം പൊതുദർശനത്തിന് വെക്കും. 7.30ന് സുൽത്താൻ ബത്തേരി വലിയ ജമാമസ്ജിദിൽ മയ്യത്ത് നിസ്‌കാരവും ശേഷം ചുങ്കം മൈതാനിയിൽ ഖബറടക്കവും നടക്കും.
1940 ജനുവരി 19ന് സുൽത്താൻ ബത്തേരി മാനിക്കുനിയിൽ ജനിച്ച മുഹമ്മദ് ജമാൽ, 1967ൽ മുക്കം യത്തീംഖാനയുടെ ശാഖയായി വയനാട് മുട്ടിലിൽ ഡബ്ല്യു.എം.ഒ സ്ഥാപിച്ചത് മുതൽ സ്ഥാപനത്തിന്‍റെ ജോയിന്‍റ് സെക്രട്ടറിയായും 1988 മുതൽ മരണം വരെ ജനറൽ സെക്രട്ടറിയായും ചുമതല വഹിച്ചു. ഡബ്ല്യു.എം.ഒക്ക് കീഴിൽ ഇന്ന് വയനാട് ജില്ലയിൽ 35 സ്ഥാപനങ്ങളുണ്ട്. ഡബ്ല്യു.എം.ഒക്ക് പുറമെ നിരവധി വിദ്യാഭ്യാസ, സാംസ്‌കാരിക സ്ഥാപനങ്ങളുടെ സംസ്ഥാപനത്തിലും വളർച്ചയിലും മുഹമ്മദ് ജമാൽ നിർണായക പങ്ക് വഹിച്ചു.
തൊഴിൽ പരിശീലനം, സ്‌കോളർഷിപ്പ്, ആതുര ശുശ്രൂഷ, വനിതാ ശാക്തീകരണം, ദാരിദ്ര്യ നിർമാർജ്ജനം, ആദിവാസി ക്ഷേമം, ഭിന്നശേഷി പുനരധിവാസം തുടങ്ങി ഒട്ടേറെ മേഖലകളിൽ സേവനം നൽകി. 2005 മുതൽ ഡബ്ല്യു.എം.ഒയിൽ നടക്കുന്ന സമൂഹ വിവാഹത്തിന്‍റെ മുഖ്യകാര്യദർശിയാണ്.
മുസ്‌ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറി, പ്രസിഡന്‍റ്, ട്രഷറർ, വൈസ് പ്രസിഡന്‍റ് തുടങ്ങിയ പദവികൾ വഹിച്ചു. 30 വർഷമായി സംസ്ഥാന പ്രവർത്തക സമിതി അംഗവും നിലവിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമാണ്. സാമൂഹ്യ നവോത്ഥാനത്തിന് ചുക്കാൻ പിടിച്ച വിദ്യാഭ്യാസ പ്രവർത്തകനായും മികച്ച സംരംഭകനായും രാഷ്ട്രീയ പ്രവർത്തകനായും മുഹമ്മദ് ജമാൽ ശോഭിച്ചു.
വയനാട്ടിൽ വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന 9000ത്തോളം വിദ്യാർഥികൾക്ക് മത-ധാർമിക വിജ്ഞാനം നൽകിവരുന്ന 19ഓളം സ്ഥാപനങ്ങളുടെ സാരഥിയായിരുന്നു ജമാൽ. ജില്ലയിൽ ആദ്യമായി സിബിഎസ്ഇ സ്‌കൂളുകൾ ആരംഭിക്കാൻ മുൻകൈയെടുത്ത്, ഡബ്ല്യൂഎംഒയ്ക്ക് കീഴിലുള്ള നാല് സിബിഎസ്ഇ സ്‌കൂളുകളുടെ ചെയർമാൻ സ്ഥാനമാണ് അദ്ദേഹം വഹിച്ചിരുന്നത്.
ജില്ലയിൽ മുസ്‌ലിം മാനേജ്മന്റിന് കീഴിലുള്ള ഏക എയ്ഡഡ് കോളജിന്റെയും, കണ്ണൂർ യൂണിവേഴ്‌സിറ്റിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഇമാം ഗസ്സാലി ആർട്‌സ് ആൻഡ് സയൻസ് കോളജിന്റെയും ചെയർമാൻ ആയിരുന്നു.
Adjust Story Font
16