തിരുവനന്തപുരത്ത് യുവതിയെ പെട്രോളൊഴിച്ച് കത്തിച്ചു; വധശ്രമം
സംഭവത്തിനിടെ പൊള്ളലേറ്റു കിണറ്റില്‍ ചാടിയ പ്രതി അഞ്ച് ലിറ്റർ പെട്രോൾ കൈയില്‍ കരുതിയിരുന്നതായി പൊലീസ് പറഞ്ഞു
തിരുവനന്തപുരം: ചേങ്കോട്ടുകോണത്ത് വീട്ടിൽ കയറി യുവതിയെ പെട്രോളൊഴിച്ച് കത്തിച്ചു. ചേങ്കോട്ടുകോണം സ്വദേശി ജി. സരിതയ്ക്കാണു ഗുരുതരമായി പൊള്ളലേറ്റത്. കൃത്യത്തിനിടെ പൊള്ളലേറ്റ പ്രതി പൗഡിക്കോണം സ്വദേശി ബിനു കിണറ്റിൽ ചാടി.
ഇന്നലെ രാത്രി എട്ടു മണിയോടെ സരിതയുടെ വീട്ടിലെത്തുകയായിരുന്നു ബിനു. വാക്കുതർക്കത്തിനൊടുവിൽ സ്കൂട്ടറിൽ കരുതിയിരുന്ന കന്നാസിൽനിന്ന് സരിതയുടെ ദേഹത്തേക്ക് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഇതിനിടെ, സരിതയുടെ മകളുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. 60 ശതമാനം പൊള്ളലേറ്റ യുവതിയുടെ നില ഗുരുതരമാണ്.
അതിനിടെ, ആക്രമണത്തിനു പിന്നാലെ കിണറ്റില്‍ ചാടിയ പ്രതിയെ കഴക്കൂട്ടത്തുനിന്നെത്തിയ അഗ്നിശമനാ സേനാംഗങ്ങള്‍ എത്തിയാണു പുറത്തെടുത്തത്. ഇയാൾക്ക് 50 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. യുവതിയെ അപായപ്പെടുത്തുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്നാണ് പൊലീ നിഗമനം. അഞ്ച് ലിറ്റർ പെട്രോൾ ഇയാൾ കൈയില്‍ കരുതിയിരുന്നു. സ്കൂട്ടറിൽ നിന്ന് വെട്ടുകത്തിയും മുളകുപൊടിയും കണ്ടെടുത്തു.
സരിതയും ബിനുവും പരിചയക്കാരാണ്. ആക്രമണത്തിലേക്ക് നയിച്ച കാരണം എന്താണെന്നു വ്യക്തമല്ല. സംഭവത്തില്‍ പോത്തൻകോട് പൊലീസ് കേസെടുത്തു.
Summary: Woman doused with petrol, set on fire in Thiruvananthapuram's Chenkottukonam
Adjust Story Font
16