തിരുവനന്തപുരത്ത് പട്ടാപ്പകൽ യുവതിയെ കൊലപ്പെടുത്തിയ കേസ്: അന്വേഷണം വഴിമുട്ടി
വിനീത വിജയന്‍റെ ബാഗിലുണ്ടായിരുന്ന 25,000 രൂപ നഷ്ടപ്പെട്ടിട്ടില്ല, ഫോൺ രേഖകളില്‍ അസ്വാഭാവികതയില്ല..
പട്ടാപ്പകൽ തിരുവനന്തപുരം നഗരമധ്യത്തിൽ യുവതിയെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് അന്വേഷണം വഴിമുട്ടി. കൊല്ലപ്പെട്ട വിനീത വിജയന്‍റെ ഫോൺ രേഖകൾ പരിശോധിച്ചതിൽ അസ്വാഭാവികതയൊന്നും കണ്ടെത്താനായില്ലെന്നാണ് സൂചന. കൊലപാതകം നടന്ന സ്ഥലത്തിന് സമീപത്തെ കടയിൽ നിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളിൽ കാണുന്ന മൂന്ന് യുവാക്കളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം.
വിനീതയുടെ നാലരപ്പവന്‍റെ സ്വർണമാല മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. എന്നാൽ ഹാൻഡ് ബാഗിലുണ്ടായിരുന്ന 25,000 രൂപ നഷ്ടപ്പെടാത്തത് സംശയമുണർത്തുന്നുണ്ട്. കൊലയ്‌ക്കുശേഷം അലങ്കാരച്ചെടി വില്‍പ്പന കേന്ദ്രത്തിന്റെ പിന്നിലൂടെയാണ് കൃത്യം നടത്തിയവർ രക്ഷപ്പെട്ടതെന്നാണ് സംശയം. ഞായർ നിയന്ത്രണങ്ങളുടെ ഭാഗമായി നഗരത്തിനകത്തും പുറത്തും പൊലീസ് പരിശോധന നടക്കുന്നതിനിടെയാണ് നഗരത്തെ നടുക്കിയ അരുംകൊലയുണ്ടായത്.
അമ്പലമുക്ക് കുറവൻകോണം റോഡിലെ ടാബ്‌സ് ഗ്രീൻടെക് എന്ന അലങ്കാരച്ചെടികൾ വിൽക്കുന്ന കടയിലെ ജീവനക്കാരിയായിരുന്നു വിനീത. ഞായറാഴ്ച കടയ്ക്കുള്ളിലാണ് വിനീത കുത്തേറ്റുകൊല്ലപ്പെട്ടത്. മൂര്‍ച്ചയേറിയ ആയുധം കൊണ്ട് കഴുത്തിനേറ്റ കുത്താണ് മരണ കാരണം. കടയില്‍ സിസിടിവി ഉണ്ടായിരുന്നില്ല. സമീപത്തെ സ്ഥാപനങ്ങളിലെ സിസിടിവികള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. വിനീതയുടെ ഭര്‍ത്താവ് രണ്ടു വര്‍ഷം മുന്‍പ് ഹൃദയാഘാതം വന്ന് മരിച്ചു. എട്ടാം ക്ലാസിലും ആറാം ക്ലാസിലും പഠിക്കുന്ന രണ്ട് മക്കളുണ്ട്.
Adjust Story Font
16