Quantcast

വഞ്ചിയൂരില്‍ സ്ത്രീക്ക് നേരെ വെടിവെപ്പ്; പ്രതിയെ തിരിച്ചറിയാനാകാതെ പൊലീസ്

പ്രതിയെത്തിയ കാറിന്‍റെ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയെങ്കിലും വ്യാജ നമ്പറാണെന്ന് തെളിഞ്ഞതോടെ കൂടുതൽ ദൃശ്യങ്ങൾ തേടുകയാണ് പൊലീസ്

MediaOne Logo

Web Desk

  • Published:

    29 July 2024 1:03 AM GMT

vanchiyoor shooting
X

തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂരിൽ സ്ത്രീക്ക് നേരെ വെടിവെപ്പുണ്ടായ സംഭവത്തിൽ പ്രതിയെ തിരിച്ചറിയാനാകാതെ പൊലീസ്. പ്രതിയെത്തിയ കാറിന്‍റെ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയെങ്കിലും വ്യാജ നമ്പറാണെന്ന് തെളിഞ്ഞതോടെ കൂടുതൽ ദൃശ്യങ്ങൾ തേടുകയാണ് പൊലീസ്. വ്യക്തിപരമായ വിദ്വേഷമാണ് അക്രമത്തിന് കാരണമെന്നാണ് പ്രാഥമികനിഗമനം.

പരിക്കേറ്റ ഷിനിയുടെ വീടിനു സമീപത്തായി കാർ നിർത്തിയ ശേഷം പ്രതി ഇറങ്ങി വരുന്നതിന്‍റെ ദൃശ്യങ്ങൾ ലഭ്യമായിട്ടില്ല. അക്രമത്തിന്‍റെ ദൃശ്യങ്ങളും ലഭ്യമല്ല. ഇതോടെയാണ് കാർ പോയ വഴിക്കുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് തേടിയത്. ഒട്ടേറെ ദൃശ്യങ്ങൾ പൊലീസ് ഇതിനോടകം ശേഖരിച്ചുകഴിഞ്ഞു. ഷിനിയുടെ വീടുള്ള റസിഡൻഷ്യൽ ഏരിയയിലെ ഒരു സിസിടിവി ദൃശ്യത്തിൽ മാത്രമാണ് കാർ കൃത്യമായി പതിഞ്ഞത്. കാറിൽ പതിപ്പിച്ചിരുന്ന നമ്പർ പ്ലേറ്റ് വ്യാജമാണെന്ന് തെളിഞ്ഞതോടെ ആ സാധ്യതയും അടഞ്ഞു. ആര്യനാട് സ്വദേശിയായ ഒരു വ്യക്തിയുടെ സ്വിഫ്റ്റ് കാറിന്‍റെ നമ്പറാണ് അക്രമിയുടെ കാറിൽ പതിപ്പിച്ചിരുന്നത്.

നമ്പറിന്‍റെ യഥാർത്ഥ ഉടമയുടെ മൊഴിയും പൊലീസ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. മാസങ്ങൾക്ക് മുൻപ് ഇയാൾ കോഴിക്കോട് സ്വദേശിക്ക് കാർ വിറ്റതായി പൊലീസ് കണ്ടെത്തുകയും ചെയ്തു. ഇതോടെ ആസൂത്രിതമായ കുറ്റകൃത്യമാണ് നടന്നതെന്ന് പൊലീസിന് ബോധ്യപ്പെട്ടു. കാറിൽ അക്രമിയായ സ്ത്രീയെക്കൂടാതെ മറ്റാരോ ഉണ്ടായിരുന്നെന്ന സംശയം കൂടി പൊലീസിനുണ്ട്. ഇതിനിടെ ഷിനിയുടെ മൊഴി വീണ്ടും രേഖപ്പെടുത്താനും പൊലീസ് ആലോചിക്കുന്നുണ്ട്.

ഇന്നലെ രാവിലെ എട്ടരയോടെയാണ് വഞ്ചിയൂർ ചെമ്പകശ്ശേരി സ്വദേശിനിയായ ഷിനിയെ വീട് കയറി എയർഗൺ ഉപയോഗിച്ച് അക്രമി വെടിവെച്ചത്. ഷിനിക്ക് പാഴ്സൽ നൽകാനെന്ന വ്യാജേനയാണ് അക്രമിയെത്തിയതെന്ന് മൊഴിയിൽ നിന്ന് വ്യക്തമാണ്. കൈയിൽ കരുതിയിരുന്ന എയർ ഗൺ ഉപയോഗിച്ച് മൂന്ന് തവണയാണ് അക്രമി വെടിയുതിർത്തത്. ഇത് തടയാൻ ശ്രമിക്കവെയാണ് ഷിനിയുടെ കൈവെള്ളയിൽ വെടിയേറ്റത്. ഷിനിയുടെ കൈവിരലിലാണ് പെല്ലറ്റ് തുളഞ്ഞുകയറിയത്. ഇത് ഇന്നലെ ശസ്ത്രക്രിയ നടത്തി പുറത്തെടുത്തു. തലയും മുഖവും മറച്ചാണ് പ്രതി വീട്ടുമുറ്റത്തേക്ക് കടന്നതും അക്രമം നടത്തിയതും. അതിനാൽ വീട്ടിലുള്ളവർക്കും പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഷിനിയുമായി മുൻവൈരാഗ്യമുള്ള വ്യക്തികളുണ്ടോ എന്നത് പൊലീസ് പരിശോധിക്കുന്നുണ്ട്. അങ്ങനെയാരെങ്കിലും ഉണ്ടെങ്കിൽ അവരെ വിശദമായി ചോദ്യം ചെയ്തേക്കും.



TAGS :

Next Story