മരം മുറി പരാതി പിൻവലിക്കണം, ശശിധരനെ വിമർശിച്ചതിൽ സന്തോഷം; പി.വി അൻവറും മുൻ എസ്.പിയും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്ത്
മലപ്പുറം എസ്പിയും അൻവറും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നതിന്റെ തെളിവായി ഫോൺ സംഭാഷണം
മലപ്പുറം: മലപ്പുറം മുൻ ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത് ദാസും പി.വി അൻവർ എം.എൽ.എയും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്ത്. നിലിവിൽ എസ്പി ഓഫീസിൽ നൽകിയ മരം മുറി പരാതി പിൻവലിക്കണമെന്ന് സുജിത് ദാസ് ആവശ്യപ്പെടുന്ന ഫോൺ സംഭാഷണമാണ് പുറത്തായത്. പരാതി തനിക്ക് എതിരായി വരുമെന്നും അതിനാൽ പരാതി പിൻവലിക്കണമെന്നും അദ്ദേഹം എം.എൽ.എയോട് ആവശ്യപ്പെടുന്നുണ്ട്. താനൂർ കസ്റ്റഡിമരണത്തിൽ താൻ ഒരുപാട് മാനസിക പ്രശ്നം അനുഭവിച്ചതായും സുജിത്ത് ദാസ് പറയുന്നതായി സംഭാഷണത്തിൽ കേൾക്കാം. നിലവിലെ എസ്.പി തന്നെ മോശക്കാരനാക്കി ചിത്രീകരിക്കാൻ ശ്രമിക്കുന്നുവെന്നും പൊലീസ് അസോസിയേഷൻ സമ്മേളനത്തിൽ എസ്പിയെ വിമർശിച്ചത് തനിക്ക് സന്തോഷമായ കാര്യമാണെന്നും സുജിത്ത് ദാസ് ഫോൺ സംഭാഷണത്തിൽ പറയുന്നുണ്ട്. താൻ എംഎൽഎക്ക് ഒപ്പമാണെന്നും അദ്ദേഹം പറയുന്നത് കേൾക്കാം.
അതേസമയം ഒരു പൊലീസ് ഉദ്യോഗസ്ഥയ്ക്ക് താൻ ആവശ്യപ്പെട്ട സ്ഥലം നൽകാത്തതിൽ പി. വി അൻവർ സുജിത് ദാസിനെ പ്രതിഷേധം അറിയിക്കുന്നതും ഓഡിയോയിൽ വ്യക്തമാണ്. മലപ്പുറം എസ്.പിയുടെ ക്യാമ്പ് ഓഫീസിന് മുന്നിൽ അൻവർ എം.എൽ.എ ഇന്ന് കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. എസ്.പി ഓഫീസിലെ മരങ്ങൾ മുറിച്ചു മാറ്റിയതിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. ലൈഫ് മിഷൻ അട്ടിമറിക്കാൻ മലപ്പുറം എസ്.പി ശ്രമിക്കുന്നുവെന്നും ആരോപണം. മലപ്പുറം മുൻ എസ്.പി സുജിത് ദാസ് മരം മുറിച്ചു കടത്തിയെന്നാണ് പി.വി അൻവർ ആരോപിക്കുന്നത്. എ.ഡി.ജി.പി എം.ആർ അജിത്കുമാർ കൂട്ടുനിന്നു. മറുനാടൻ ഷാജൻ സ്കറിയയിൽനിന്ന് എം.ആർ അജിത്കുമാർ രണ്ട് കോടി കൈക്കൂലി വാങ്ങിയെന്നും അൻവർ ആരോപിച്ചു. അതേസമയം അൻവറിന്റെ പരസ്യ പ്രതിഷേധത്തിൽ സർക്കാറിന് അതൃപ്തിയുണ്ട്.
കഴിഞ്ഞ ദിവസം എസ്പിയുടെ വസതിയിലെത്തിയ പി.വി അൻവർ എം.എൽ.എയെ പൊലീസ് തടഞ്ഞത് വലിയ വാർത്തയായിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ ഔദ്യോഗിക വസതിയിൽ നിന്ന് മരങ്ങൾ മുറിച്ചു കടത്തിയതായി ബന്ധപ്പെട്ട പരാതിയിൽ നടപടി വേണമെന്ന ആവശ്യവുമായാണ് അൻവർ എം.എൽ.എ എത്തിയത്. കൊല്ലം കടയ്ക്കൽ സ്വദേശിയായ എൻ. ശ്രീജിത്ത് നൽകിയ പരാതിയിലെ നടപടി സംബന്ധിച്ച് അന്വേഷിക്കാനെത്തിയ അദ്ദേഹത്തെ പൊലീസ് തടയുകയായിരുന്നു. ഈ പരാതി പിൻവലിക്കണമെന്നാവശ്യമാണ് സുജിത് ദാസ് ഫോൺ സംഭാഷണത്തിലൂടെ അൻവർ എം.എൽ.എയോട് ആവശ്യപ്പെടുന്നത്. 2021ൽ തേക്ക്, മഹാഗണി മരങ്ങൾ മുറിച്ചു കടത്തി എന്നാണ് പരാതി.
മലപ്പുറത്ത് നടന്ന പൊലീസ് അസോസിയേഷൻ സമ്മേളനത്തിൽ പി.വി അൻവർ എസ്.പി എസ്. ശശിധരനെതിരെ രൂക്ഷ വിമർശനമുന്നയിച്ചതും വലിയ വാർത്തയായിരുന്നു. എസ്.പിക്കെതിരെ പൊതുവേദിയിൽ വിമർശനമുന്നയിച്ച സംഭവത്തിൽ മാപ്പ് പറയില്ലെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സാമൂഹ്യവിരുദ്ധമായ നിലപാട് സ്വീകരിക്കുന്ന മലപ്പുറം എസ്.പി കേരളത്തിലെ ഐ.പി.എസ് ഓഫീർമാരുടെ നല്ലപേരിനെ കളങ്കപ്പെടുത്തുകയാണെന്നും എസ്.പിയാണ് പൊതുസമൂഹത്തോട് മാപ്പ് പറയേണ്ടതെന്നും അൻവർ എം.എൽ.എ പറഞ്ഞു. താൻ പറഞ്ഞ പരാമർശം തെറ്റാണെന്ന് തോന്നിയിട്ടില്ലെന്നും അതിൽ ഉറച്ചുനിൽക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
മലപ്പുറത്ത് നടന്ന പൊലീസ് അസോസിയേഷൻ സമ്മേളനത്തിലായിരുന്നു പി.വി അൻവർ എസ്.പി എസ്. ശശിധരനെതിരെ രൂക്ഷ വിമർശനമുന്നയിച്ചത്. പരിപാടിക്ക് വൈകിയെത്തിയതും തന്റെ പാർക്കിലെ റോപ് മോഷണം പോയതിൽ പ്രതിയെ പിടികൂടാത്തതും അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ ജനങ്ങളുടെ മനോവികാരമുണ്ടാക്കാൻ പൊലീസിൽ ചിലർ ശ്രമിക്കുന്നുണ്ടെന്നും എം.എൽ.എ പരിപാടിക്കിടെ ആരോപിച്ചിരുന്നു. ഇത്തരത്തിൽ അൻവർ നടത്തിയ പരാമർശത്തിൽ തനിക്ക് സന്തോഷമായെന്ന കാര്യവും മുൻ ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത് ദാസ് പി.വി അൻവർ എം.എൽ.എയോട് പറയുന്നുണ്ട്.
Adjust Story Font
16