ലോക സഞ്ചാരിയായ ഹോട്ടൽ ഉടമ വിജയൻ അന്തരിച്ചു
ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം
ലോക സഞ്ചാരിയായ ഹോട്ടൽ ഉടമ വിജയൻ (76) മരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കൊച്ചി കടവന്ത്ര സ്വദേശിയായ വിജയന്‍ ഭാര്യ മോഹനക്കൊപ്പം 26 രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.
കടവന്ത്ര ഗാന്ധിനഗറില്‍ ബാലാജി കോഫി ഹൌസ് നടത്തുന്ന വിജയനും മോഹനയും ചായക്കടയിൽ നിന്നുള്ള വരുമാനം കൊണ്ടായിരുന്നു ലോകം ചുറ്റിയിരുന്നത്. റഷ്യ സന്ദർശിച്ച ശേഷം മൂന്നാഴ്ച മുൻപാണ് നാട്ടില്‍ മടങ്ങിയെത്തിയത്. ജപ്പാനിലേക്ക് അടുത്ത യാത്ര പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. 56 ഉം 55 ഉം വയസുള്ളപ്പോഴായിരുന്നു ദമ്പതികളുടെ ആദ്യവിദേശയാത്ര.
ലോക യാത്ര കഴിഞ്ഞ് തിരിച്ചു വന്നാലുടൻ തൊട്ടടുത്ത ദിവസം കോഫി ഹൗസ് തുറക്കും. അതായിരുന്നു ശീലം. അടുത്ത യാത്രക്കുള്ള പണം സമ്പാദിക്കൽ അന്ന് തന്നെ തുടങ്ങും . 2007 ൽ ഈജിപ്തിലേക്ക് ആയിരുന്നു ഇരുവരുടെയും യാത്ര. അടുത്ത യാത്ര ജപ്പാനിലേക്ക് എന്ന് തീരുമാനിച്ചിരിക്കെയാണ് വിജയൻ വിട പറഞ്ഞത്. ഭാര്യ മോഹനക്കൊപ്പം ഇനിയും ലോകം കാണണമെന്ന് ആഗ്രഹം ബാക്കിവെച്ചാണ് വിജയൻ യാത്രയായത്.
Adjust Story Font
16