Quantcast

വയനാട് വന്യജീവി സ​ങ്കേതം: ബഫർ സോണിനെ ചൊല്ലി വീണ്ടും ആശങ്ക

വനംവകുപ്പ് തയാറാക്കിയ മാപ്പിൽ ജനവാസ മേഖലകളും

MediaOne Logo

Web Desk

  • Updated:

    2024-11-03 05:04:21.0

Published:

3 Nov 2024 1:00 AM GMT

wayanad wildlife sanctury
X

കൽപറ്റ: വയനാട് വന്യജീവി സങ്കേതത്തിന്റെ ചുറ്റുമുള്ള ബഫർ സോണിനെ ചൊല്ലി വനാതിർത്തിഗ്രാമങ്ങളിൽ വീണ്ടും ആശങ്ക പടരുന്നു. 2023ലെ സുപ്രീംകോടതി വിധിക്കുശേഷം പുതുക്കിയ പ്രൊപ്പോസൽ പ്രകാരം വനംവകുപ്പ് തയാറാക്കിയ മാപ്പിൽ ജനവാസമേഖലകളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പരാതി. തെരഞ്ഞെടുപ്പടുത്ത പശ്ചാത്തലത്തിൽ വിഷയം വീണ്ടും ഉയർത്താനുള്ള തയാറെടുപ്പിലാണ് ജനങ്ങൾ.

വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള ജനവാസ മേഖലകളെ പൂർണമായി ഒഴിവാക്കി, ദൂരപരിധി പൂജ്യം കിലോമീറ്ററായി നിശ്ചയിച്ചു കൊണ്ടാണ് അതിർത്തി മാപ്പുകൾ സമർപ്പിച്ചിട്ടുള്ളതെന്നാണ് വയനാട് വന്യജീവിസങ്കേതം അധികൃതർ പറയുന്നത്. എന്നാൽ, വിഷയത്തിൽ വനംവകുപ്പ് ഒളിച്ചുകളിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു.

വനാതിർത്തിഗ്രാമങ്ങളിലെ ജനങ്ങൾ പലയിടത്തും സംഘടിച്ച് പ്രതിഷേധങ്ങൾ ആസൂത്രണം ചെയ്തുതുടങ്ങി. കഴിഞ്ഞ ദിവസം വയനാട് വന്യജീവിസങ്കേതം വൈൽഡ് ലൈഫ് വാർഡൻ്റെ ഓഫീസിലെത്തി പരിസ്ഥിതിലോല മേഖല നടപ്പാക്കുന്നതിനെതിരെ ജനങ്ങൾ പരാതിനൽകി. രാഷ്ട്രീയ കക്ഷികൾ കൃത്യമായ നിലപാടെടുക്കുന്നില്ലെന്ന് ആരോപിച്ച് ജനങ്ങൾ വോട്ട് ബഹിഷ്കരിക്കാനള്ള തയാറെടുപ്പിലുമാണ്.

ഇപ്പോൾ പ്രചരിക്കുന്ന മാപ്പ് പ്രകാരം പുൽപള്ളി മേഖലയിലെ പാക്കം, കുറിച്ചിപ്പറ്റ, ചേകാടി, ആലൂർക്കു ന്ന്, ഇലട്രിക്കവല, വീട്ടിമൂല, പാളക്കൊല്ലി, മാടൽ, പാതിരി, പെരിക്കല്ലൂർ, ചീയമ്പം തുടങ്ങിയ പ്രദേശങ്ങളെല്ലാം പരിസ്ഥിതിലോല മേഖലയിൽ ഉൾപ്പെടുന്നുണ്ട്. ജനങ്ങളുടെ ആശങ്ക പരിഹരിക്കാതെ തെരഞ്ഞെടുപ്പിൽ നിലപാടെടുക്കാൻ ഇല്ല എന്ന തീരുമാനത്തിലാണ് പ്രതിഷേധക്കാർ.

അതേസമയം, വയനാട് വന്യജീവി സങ്കേതത്തിന്റെ ഉള്ളിലുള്ള എന്‍ക്ലോഷറുകളായ വടക്കനാട്, ചെതലയം, നൂല്‍പ്പുഴ, മുത്തങ്ങ എന്നീ സ്ഥലങ്ങള്‍ വന്യജീവി സങ്കേതമായിട്ടാണ് ഇക്കോ സെന്‍സിറ്റീവ് സോണ്‍ സംബന്ധിച്ച മാപ്പില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്ന ചില സാമൂഹ്യ മാധ്യമങ്ങളുടെ പ്രചരണം തെറ്റാണെന്നും വ്യാജ പ്രചരണങ്ങളില്‍നിന്നും പിന്‍മാറണമെന്നും വനം മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. പൊതുജനങ്ങളില്‍ ആശങ്ക ഉളവാക്കുന്നതിനും തെറ്റിദ്ധരിപ്പിക്കുന്നതിനും വേണ്ടിയുള്ള ആസൂത്രിത നീക്കങ്ങളാണ് ഇതിന് പിന്നില്‍. പ്രസ്തുത എന്‍ക്ലോഷറുകള്‍ റവന്യൂ ഭൂമിയാണ്. അവയൊന്നും വന്യജീവി സങ്കേതത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അങ്ങനെ യാതൊരു നടപടിയും സ്വീകിക്കുകയുമില്ല.

വന്യജീവി സങ്കേതത്തിനു പുറത്തുള്ള ജനവാസമേഖലകള്‍ പൂര്‍ണമായും ഇക്കോ സെന്‍സിറ്റീവ് സോണില്‍നിന്നും ഒഴിവാക്കാനുള്ള പ്രപ്പോസലാണ് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ളത്. എന്നാല്‍, 11.02.2013-ല്‍ ടി.എന്‍ പ്രതാപന്‍ എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളുടെയും റവന്യൂ, പഞ്ചായത്ത്, വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും പാലക്കാട് വന്യജീവി സര്‍ക്കിള്‍ തല ഉപസമിതിയുടെയും ഒരു യോഗം വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള പാരിസ്ഥിതിക സംവേദക മേഖലകള്‍ (ഇക്കോ സെന്‍സിറ്റീവ് സോണ്‍) ആയി പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് കല്‍പ്പറ്റ മുനിസിപ്പല്‍ ഹാളില്‍ ചേരുകയും 176 ആളുകള്‍ പങ്കെടുത്ത യോഗം സര്‍ക്കാരിന് അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തയ്യാറാക്കിയ ഐകകണ്ഠ്യേനയുള്ള തീരുമാനങ്ങളില്‍ വന്യജീവി സങ്കേതത്തിന് അകത്തുള്ള റവന്യൂ എന്‍ക്ലോഷറുകള്‍ ഇക്കോ സെന്‍സിറ്റീവ് സോണില്‍ വരുന്നതാണെന്ന് വ്യക്തമാക്കുകുയും ചെയ്തിരുന്നു.

പിന്നീട് നടന്ന യോഗങ്ങളിലും വനത്തിനകത്തെ റവന്യൂ എന്‍ക്ലോഷറുകള്‍ ഇക്കോ സെന്‍സിറ്റീവ് സോണ്‍ ആക്കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിക്കാത്തതിനാലും അത്തരം തുരുത്തുകളില്‍ ക്വാറി, വന്‍കിട വ്യവസായങ്ങള്‍, വന്‍കിട ടൂറിസം പദ്ധതികള്‍ തുടങ്ങിയവ വരേണ്ടതില്ല എന്ന വികാരം കണക്കിലെടുത്ത് അത്തരം എന്‍ക്ലോഷറുകള്‍ ഇക്കോ സെന്‍സിറ്റീവ് സോണില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കിയിരുന്നില്ല. എന്നാല്‍, ഈ റവന്യൂ എന്‍ക്ലോഷറുകളില്‍ താമസിക്കുന്നവര്‍ക്ക് അപ്രകാരം ഒരു അഭിപ്രായമുള്ള പക്ഷം അവകൂടി ഇക്കോ സെന്‍സിറ്റീവ് സോണില്‍നിന്നും ഒഴിവാക്കി പ്രശ്നം പരിഹരിക്കാൻ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടും.

അതിനുശേഷം പൊതുജനങ്ങളില്‍നിന്നും ആക്ഷേപങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുന്നതിന് കേന്ദ്ര വനം മന്ത്രാലയം പുറപ്പെടുവിക്കുന്ന കരട് വിജ്ഞാപനത്തിന്‍മേല്‍ ആക്ഷേപം അറിയിക്കാൻ പൊതുജനങ്ങള്‍ക്കും സര്‍ക്കാരിനും അവസരം ഉണ്ടായിരിക്കും. ജനവാസ മേഖലകളെ പൂര്‍ണമായും ഇക്കോ സെന്‍സിറ്റീവ് സോണില്‍നിന്നും ഒഴിവാക്കാൻ ആവശ്യമായ എല്ലാ തുടര്‍നടപടികളും സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

TAGS :

Next Story