Quantcast

രണ്ടേ രണ്ട് കോടതി വിധികൾ കാരണമാണ് ഇന്ന് എഴുത്തുകൾ നടക്കുന്നത് -കവി പി.എൻ ഗോപീകൃഷ്ണൻ

‘കോടതി വിധികൾ ഇല്ലായിരുന്നുവെങ്കിൽ സ്വതന്ത്ര എഴുത്തിൻ്റെ കഴുത്ത് അറ്റുപോകുമായിരുന്നു’

MediaOne Logo

Web Desk

  • Published:

    2 Feb 2024 3:47 PM GMT

pn gopikrishnan
X

കൊച്ചി: രണ്ടേ രണ്ട് കോടതി വിധികൾ കാരണമാണ് ഇന്നത്തെ സാഹചര്യത്തിൽ എഴുത്തുകൾ നടക്കുന്നതെന്ന് കവി പി.എൻ ഗോപീകൃഷ്ണൻ. പെരുമാൾ മുരുകൻ കേസിലെയും മീശ കേസിലെയും കോടതി വിധികൾ ഇല്ലായിരുന്നുവെങ്കിൽ സ്വതന്ത്രമായ എഴുത്തിൻ്റെ കഴുത്ത് അറ്റുപോകുമായിരുന്നു. എറണാകുളത്ത് ഓടക്കുഴൽ അവാർഡ് സ്വീകരിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കവിതയെ ​ബ്രാൻഡ് ചെയ്യുന്നതാണ് പ്രശ്നം. പി. കുഞ്ഞിരാമനെ ഭക്തകവി എന്ന് മാധ്യമങ്ങൾ വിശേഷിപ്പിച്ചു. എന്നാൽ, വളരെ ഭംഗിയായി രാഷ്ട്രീയം പറഞ്ഞിട്ടുണ്ട് അദ്ദേഹം. ഗാന്ധി കൊല്ലപ്പെടും എന്ന് അദ്ദേഹം രണ്ട് വർഷം മുമ്പേ പറഞ്ഞു. കവിത എന്നത് നിരന്തരമായി മാറിക്കൊണ്ടിരിക്കുന്നു. ഇത് ഭാഷയെ മാറ്റി എഴുതുന്നു. ഇത് ഉൾക്കൊണ്ട് കവിത എഴുതണം.

ഇന്നലെത്തേക്കാളും കവിത ഇന്ന് അത്യാവശ്യമാകുന്നു. ശൂന്യതയിൽ അല്ല മനുഷ്യർ ജീവിക്കുന്നത്. എല്ലാ നാഗരികതയും മണ്ണിനടിയിൽ പോകും. ചലിക്കുന്നത് (കവിത) മുന്നോട്ട് പോകും.

വരും തലമുറക്ക് കവിത നമ്മൾ കൈമാറുന്നു. ലോകത്തിലെ എല്ലാ കവികളും സംസാരിക്കുന്നത് ഒരു ഭാഷയാണ്.

പാരമ്പര്യം എന്നത് നിരന്തരം പുതുക്കി കൊണ്ടിരിക്കുന്നു. ഇതില്ലാതെ ഒരു മാധ്യമത്തിനും നിലനിൽക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

‘കവിത മാംസഭോജിയാണ്' എന്ന കവിതാ സമാഹാരമാണ് പി.എൻ ഗോപീകൃഷ്ണനെ ഗുരുവായൂരപ്പന്‍ ട്രസ്റ്റിന്റെ ഓടക്കുഴൽ അവാർഡിന് അർഹനാക്കിയത്. പ്രശസ്തിപത്രവും ശിൽപ്പവും 30,000 രൂപയുമാണ് പുരസ്കാരം.

TAGS :

Next Story