'സഭയ്ക്ക് സഹായം ചെയ്യുന്നവർക്കൊപ്പം നിൽക്കണം'; സർക്കാരിനെ പുകഴ്ത്തി യാക്കോബായ സഭ
'വിധികൾ ഒന്നൊന്നായി എതിര് നിൽക്കുമ്പോൾ നമ്മെ സഹായിക്കുന്ന ഒരു ഗവൺമെന്റുണ്ട് എന്ന് മറന്നുപോവരുത്'
ജോസഫ് മാർ ഗ്രിഗോറിയോസ്
എറണാകുളം: സംസ്ഥാന സർക്കാരിനെ പുകഴ്ത്തി വീണ്ടും യാക്കോബായ സഭ. സഭക്ക് നന്മയും ഗുണവും സഹായം കിട്ടുന്നവർക്ക് ഒപ്പം നിൽക്കണമെന്നാണ് യാക്കോബായ സഭ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് പറഞ്ഞത്.
സഭയ്ക്ക് നീതി കിട്ടണമെന്നാഗ്രഹിക്കുന്ന സർക്കാരാണിവിടെയുള്ളത്. പ്രതിസന്ധിഘട്ടത്തിൽ കൈത്താങ്ങായവരോട് നന്ദികേട് കാണിക്കരുതെന്നും നിർദേശം. പുതുപ്പള്ളി തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ജോസഫ് മാർ ഗ്രിഗോറിയോസ് നിലപാട് വ്യക്തമാക്കിയത്.
'സഭയെ എവിടെ നിന്ന് ഗുണം കിട്ടുന്നുവോ അവിടെ നിൽക്കാൻ ആർജവം കാണിക്കുന്നത് നന്ദി ഉള്ളവരുടെ ലക്ഷണമാണ്. മറുവിഭാഗവുമായി ചർച്ച ചെയ്ത് ശാശ്വത പരിഹാരം കാണാൻ സർക്കാർ ശ്രമം നടത്തുമ്പോൾ അതിന് എതിര് നിൽക്കരുത്. വിധികൾ ഒന്നൊന്നായി എതിര് നിൽക്കുമ്പോൾ നമ്മെ സഹായിക്കുന്ന ഒരു ഗവൺമെന്റുണ്ട് എന്ന് മറന്നുപോവരുത്. അവിടെ രാഷ്ട്രീയമൊന്നുമില്ല'- ജോസഫ് മാർ ഗ്രിഗോറിയോസ് പറഞ്ഞു.
നേരത്തെയും സർക്കാരിനൊപ്പം നില്‍ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. സഭയ്ക്ക് സഹായം ചെയ്യുന്നവരെ തിരിച്ചും സഹായിക്കും. 2017ലെ കോടതിവിധിയുടെ ഘട്ടത്തിൽ ആ വിധി നീതിയല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇവിടെയുണ്ടെന്നത് പ്രതീക്ഷയാണെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നു.
Adjust Story Font
16