Quantcast

നോവായി മുണ്ടക്കൈ, കൂറുമാറ്റത്തിന്‍റെ രാഷ്ട്രീയം, വിസ്ഫോടനങ്ങളുടെ കെട്ടഴിച്ച ഹേമ കമ്മിറ്റി, കാലാതീതനായി എംടി...;2024ലെ കേരളം

മലയാള സിനിമയുടെ ചരിത്രത്തിലിന്നോളം ഇത്രയധികം വിവാദങ്ങളിലൂടെ കടന്നുപോയ ഒരു വര്‍ഷമുണ്ടായിട്ടില്ല

MediaOne Logo

ജെയ്സി തോമസ്

  • Updated:

    2024-12-31 11:51:25.0

Published:

31 Dec 2024 8:58 AM GMT

Year ender
X

കോഴിക്കോട്: നെഞ്ചുലച്ച മുണ്ടക്കൈ, സിനിമാമേഖലയെ പിടിച്ചുകുലുക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്, മറുകണ്ടം ചാടിയ രാഷ്ട്രീയ നേതാക്കള്‍... സംഭവബഹുലമായിരുന്നു ഈ വര്‍ഷം. വലിയ ബഹളങ്ങളൊന്നുമില്ലാതെയാണ് തുടക്കമെങ്കിലും സംസ്ഥാനത്തിന്‍റെ സമസ്ത മേഖലകളെയും പിടിച്ചുകുലുക്കിക്കൊണ്ടാണ് 2024 അവസാനിക്കുന്നത്.

1. ഉരുളെടുത്ത മുണ്ടക്കൈ; രാജ്യം കണ്ട ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ദുരന്തം

2018ലെ പ്രളയത്തിന് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തത്തിനാണ് വയനാട് സാക്ഷിയായത്. ഒറ്റ രാത്രി കൊണ്ട് ഒരു പ്രദേശത്താകെയാകെ ഉരുള്‍ വിഴുങ്ങുകയായിരുന്നു. കുത്തിയൊലിച്ച മഴവെള്ളപ്പാച്ചിലിലില്‍ ഇല്ലാതായത് നൂറു കണക്കിന് ജീവനുകളും അവര്‍ ഒരായുസ് കൊണ്ട് സമ്പാദിച്ചതുമായിരുന്നു. ഉറ്റവരെയും കിടപ്പാടവും നഷ്ടപ്പെട്ടവരെയും എങ്ങനെ ആശ്വസിക്കുമെന്നറിയാതെ മലയാളി നിസ്സഹായതയോടെ നിന്നു. പക്ഷെ ദുരന്തത്തിന്‍റെ നടുക്കം മാറുംമുന്‍പെ രക്ഷാപ്രവര്‍ത്തനത്തിനായി അവര്‍ ഒരുമിച്ചു നിന്നു.

2024 ജൂലൈ 30ന് പുലര്‍ച്ചെയാണ് ഒരു വെള്ളിടി പോലെ ആ ദുരന്തമുണ്ടായത്. . മേപ്പാടി പഞ്ചായത്തിലെ പുഞ്ചിരിമറ്റം, മുണ്ടക്കൈ, ചൂരല്‍മല, വെള്ളരിമല എന്നിവിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടലുകളുടെ പരമ്പരയില്‍ ആ പ്രദേശമൊന്നാകെ ഒലിച്ചു പോയി. ഒരു രാത്രി ഇരുണ്ടുവെളുത്തപ്പോള്‍ പ്രകൃതി മനോഹരമായ ഒരു പ്രദേശം മുഴുവന്‍ കല്ലും മണ്ണും ചെളിയും നിറഞ്ഞ ദുരന്തഭൂമികയായി മാറി.ചെളിക്കുള്ളില്‍ കയ്യും കാലുമറ്റ മൃതേദഹങ്ങള്‍ സങ്കടക്കാഴ്ചകളായി മാറി. തകര്‍ന്നു തരിപ്പണമായ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ പ്രിയപ്പെട്ടവരെ തിരയുന്നവരെ കണ്ട് മലയാളിയുടെ നെഞ്ച് തേങ്ങി...ആരെങ്കിലും ജീവനൊടെയുണ്ടാകണേ എന്ന പ്രാര്‍ഥനയിലായിരുന്നു കേരളം. അച്ഛനെയും അമ്മയെയും മക്കളെയും ഭാര്യയെയും ഭര്‍ത്താവിനെയും സഹോദരങ്ങളെയും ഒന്നും ബാക്കി വയ്ക്കാതെ ഒരു കുടുംബത്തെയാകെ നഷ്ടപ്പെട്ടവരുണ്ടായിരുന്നു ഇക്കൂട്ടത്തില്‍. മുന്നോട്ടുള്ള ജീവിതത്തില്‍ പ്രതീക്ഷകളെല്ലാം നഷ്ടപ്പെട്ടവര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ മരിച്ചു ജീവിച്ചു.

രക്ഷാപ്രവര്‍ത്തനത്തിനായ സൈന്യവും ദേശീയ ദുരന്തനിവാരണ സംഘവും രക്ഷാപ്രവർത്തനത്തിനായി മുണ്ടക്കൈയ്യിൽ എത്തി.സൈന്യവും ഫയർഫോഴ്സും ചേർന്ന് ചൂരൽമലയിൽ താത്കാലിക പാലം നിർമിച്ചു. ചൂരൽമലയെയും മുണ്ടക്കൈയേയും ബന്ധിപ്പിച്ചാണ് ഈ പാലം നിർമ്മിച്ചത്. 481 പേരെയാണ് രക്ഷപ്പെടുത്തിയത്. ചൂരൽമലയിലെ പള്ളിയിലും മദ്രസയിലും പോളിടെക്നിക്കിലും പരിക്കേറ്റവരെ ചികിത്സിക്കുന്നതിനായി താത്കാലിക ആശുപത്രി തുറന്നു.വ്യോമ സേനയുടെ ഹെലിക്കോപ്റ്റർ ചൂരൽമലയിൽ എത്തുകയും അടിയന്തര വൈദ്യസഹായം ആവശ്യമുള്ളവരെ ആകാശമാർഗേ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

ദുരന്തത്തിൽ 298 പേർ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. 44 പേരെ കാണാതായി. 170 പേരുടെ മൃതദേഹം ബന്ധുക്കൾക്കു കൈമാറി. 128 പേരെ കാണാതായതിൽനിന്ന് 84 പേരെ ഡിഎൻഎ പരിശോധനയിലൂടെയാണു തിരിച്ചറിഞ്ഞത്. മുണ്ടക്കൈ–ചൂരൽമല ഭാഗത്തുനിന്നു 151 മൃതദേഹങ്ങളും 45 ശരീര ഭാഗങ്ങളുമാണു കണ്ടെത്തിയത്. നിലമ്പൂർ ഭാഗത്തുനിന്ന് 80 മൃതദേഹങ്ങളും 178 ശരീരഭാഗങ്ങളും കിട്ടി.

സംസ്ഥാനം നടത്തിയനിരന്തര ശ്രമങ്ങള്‍ക്ക് ശേഷം ഈയിടെയാണ് ചൂരല്‍മല-മുണ്ടക്കൈ ദുരന്തം അതിതീവ്ര ദുരന്തമായി കേന്ദ്രം പ്രഖ്യാപിക്കുന്നത്. കേന്ദ്രസംഘം നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലായിരുന്നു പ്രഖ്യാപനം.

മലയാള സിനിമയെ പിടിച്ചുകുലുക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്

മലയാള സിനിമയുടെ ചരിത്രത്തിലിന്നോളം ഇത്രയധികം വിവാദങ്ങളിലൂടെ കടന്നുപോയ ഒരു വര്‍ഷമുണ്ടായിട്ടില്ല. റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയുണ്ടായ പീഡന ആരോപണങ്ങളും അറസ്റ്റുകളും വിവാദങ്ങളും മോളിവുഡിനെ ഇന്ത്യന്‍ സിനിമക്ക് മുന്‍പിന്‍ നാണം കെടുത്തി.

2017ല്‍ കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെയാണ് സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചത്. 2017 ജൂലൈയിൽ രൂപീകരിച്ച ഹേമ കമ്മിറ്റി നവംബർ 16 നാണ് പ്രവർത്തനം ആരംഭിച്ചത്. 2019 ഡിസംബർ 31നാണ് കമ്മിറ്റി സർക്കാരിന് റിപ്പോർട്ട് നൽകിയതെങ്കിലും ഇത് പുറത്തുവരാന്‍ വര്‍ഷങ്ങള്‍ വേണ്ടി വന്നു. മലയാള സിനിമയെ ഒന്നാകെ പിടിച്ചുകുലുക്കാനുള്ളതൊക്കെയും 300 പേജുള്ള ആ റിപ്പോര്‍ട്ടിലുണ്ടായിരുന്നുവെന്നായിരുന്നു 2024 തെളിയിച്ചത്. കാസ്റ്റിംഗ് കൗച്ച് മുതല്‍ ലൊക്കേഷനുകളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ വരെയുള്ള ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ ഹേമ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ടായിരുന്നു. സിനിമാ സെറ്റുകളില്‍ മദ്യത്തിന്‍റെയും മയക്കുമരുന്നിന്‍റെയും സാന്നിധ്യം വ്യാപകമാണെന്നും കമ്മീഷന്‍ കണ്ടെത്തിയിരുന്നു.

മലയാള സിനിമയിലെ പവര്‍ഗ്രൂപ്പിനെപ്പറ്റിയും അഭിനേതാക്കള്‍ കമ്മീഷന് മൊഴി നല്‍കി. സ്ത്രീ സുരക്ഷിതമല്ല ലൊക്കേഷനുകള്‍ എന്ന് തെളിയിക്കുന്നതായിരുന്നു നടിമാരുടെ വെളിപ്പെടുത്തലുകള്‍. മൂത്രമൊഴിക്കാനോ ആര്‍ത്തവ സമയത്ത് പാഡുകള്‍ മാറ്റാനോ ഉള്ള സൗകര്യം ഭൂരിഭാഗം സിനിമാസെറ്റുകളിലുണ്ടായിരുന്നില്ല.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമാ രംഗത്തെ പ്രമുഖ നടന്‍മാര്‍ക്കെതിരെ പീഡന ആരോപണങ്ങളുമായി നിരവധി പേരാണ് രംഗത്തെത്തിയത്. താര സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി ആയിരുന്ന സിദ്ദീഖ്, ചിലച്ചിത്ര അക്കദമി ചെയർമാൻ കൂടിയായിരുന്ന സംവിധായകൻ രഞ്ജിത്ത് എന്നിവർക്കെതിരെ നടിമാർ തങ്ങൾക്കുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞിരുന്നു. ഇതിനു പിന്നാലെ കൂടുതൽ താരങ്ങൾ ആരോപണ വിധേയരായി. നടന്മാരായ ജയസൂര്യ, മുകേഷ്, മണിയൻ പിള്ള രാജു, ഇടവേള ബാബു സൂരജ് വെഞ്ഞാറമൂട്, ജയൻ ചേർത്തല, അലൻസിയർ, ബാബു രാജ് തുടങ്ങിയവരിൽ നിന്ന് മോശം സംസാരങ്ങളും പെരുമാറ്റവും ഉണ്ടായതായി ആരോപിച്ച് ജൂനിയർ ആർട്ടിസ്റ്റുകളും നടികളും രംഗത്തെത്തി.

സംഘടനയിലെ അംഗങ്ങളുള്‍പ്പെടെയുള്ളവര്‍ക്കെതിരെ ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് 'അമ്മ' ഭരണസമിതി പിരിച്ചുവിട്ടതായിരുന്നു മറ്റൊരു പ്രധാന സംഭവം. സിദ്ദീഖും ജയസൂര്യയും ഇടവേള ബാബുവും അടക്കം പ്രമുഖർ ലൈംഗിക പീഡനക്കേസുകളില്‍ പ്രതികളായതോടെയാണ് ആഗസ്ത് 27ന് പ്രസിഡന്‍റ് മോഹന്‍ലാല്‍ അടക്കമുള്ള ഭാരവാഹികള്‍ കൂട്ടത്തോടെ രാജിവച്ചത്.

യുവനടിയുടെ ലൈംഗികാരോപണത്തിനു പിന്നാലെ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നടൻ സിദ്ദീഖ് രാജിവെച്ചിരുന്നു. പിന്നാലെ അമ്മ അംഗങ്ങളായ മുകേഷ് അടക്കമുള്ളവർക്കെതിരെ ആരോപണം ഉയരുകയുണ്ടായി. സിദ്ദിഖിന്‍റെ രാജിക്ക് പിന്നാലെ ജനറൽ സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല വഹിച്ചിരുന്ന നടൻ ബാബു രാജിനെതിരെയും പരാതി ഉയര്‍ന്നിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അമ്മ സ്വീകരിച്ച നിലപാടിൽ വലിയ വിമർശനം സംഘടനയ്ക്ക് ഉള്ളിൽ നിന്ന് തന്നെ ഉയരുന്നതിനിടെയാണ് ഭരണ സമിതി പിരിച്ചുവിട്ടത്. പ്രസിഡന്‍റ് സ്ഥാനം വഹിക്കുന്ന മോഹൻലാൽ‌ ഇക്കാര്യത്തിൽ പ്രതികരണം നടത്തിയിരുന്നില്ല എന്നതും വിമർശനത്തിന് വഴിവെച്ചിരുന്നു.

രാഷ്ട്രീയ കേരളം

രണ്ട് സുപ്രധാന തെരഞ്ഞെടുപ്പുകളിലൂടെയാണ് സംസ്ഥാനം ഈ വര്‍ഷം കടന്നുപോയത്. ലോക്സഭാ തെരഞ്ഞെടുപ്പും ഉപതെരഞ്ഞെടുപ്പും. 18 സീറ്റുകളുമായി യുഡിഎഫ് പൊതുതെരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടി. തൃശൂര്‍ ലോക്സഭാ മണ്ഡലത്തിലെ സുരേഷ് ഗോപിയുടെ വിജയത്തോടെ ബിജെപി അക്കൗണ്ട് തുറന്നതും ഈ തെരഞ്ഞെടുപ്പിലായിരുന്നു. രാഹുല്‍ ഗാന്ധി സീറ്റൊഴിഞ്ഞതോടെ വയനാട്ടിലും കെ.രാധാകൃഷ്ണനും ഷാഫി പറമ്പിലും ലോക്സഭയിലേക്ക് ചുവടു മാറ്റിയതോടെയാണ് കേരളത്തില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. രാഹുൽ ഗാന്ധിയുടെ റെക്കോഡ് മറികടന്ന് വന്‍ ഭൂരിപക്ഷത്തിൽ പ്രിയങ്ക ഗാന്ധി കന്നിയങ്കത്തില്‍ ഉജ്ജ്വല വിജയം നേടിയപ്പോള്‍ പാലക്കാട്ട് രാഹുൽ മാങ്കൂട്ടത്തിലിലൂടെ യുഡിഎഫും ചേലക്കരയിൽ യു.ആർ പ്രദീപിലൂടെ എൽഡിഎഫും സീറ്റ് നിലനിർത്തി.

തെരഞ്ഞെടുപ്പ് കാലത്താണ് മുന്നണികളിലെ പടലപ്പിണക്കങ്ങള്‍ മറനീക്കി പുറത്തുവന്നത്. ഇത് നേതാക്കന്‍മാരുടെ മറുകണ്ടം ചാടലിന് കാരണമായി. പാലക്കാട്ടെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കിടയിലെ അപ്രതീക്ഷിത ട്വിസ്റ്റായിരുന്നു കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനർ കൂടിയായിരുന്ന ഡോ.പി.സരിന്‍റെ ഇടത് മാറ്റം. രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയാക്കാനുള്ള പാർട്ടിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് സരിൻ കോൺഗ്രസിൽ നിന്ന് രാജിവക്കുകയായിരുന്നു. തുടര്‍ന്ന് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി ജനവിധി തേടിയെങ്കിലും കന്നിയങ്കത്തില്‍ തന്നെ പരാജയം രുചിച്ചു.

പാലക്കാട് തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി വക്താവ് സന്ദീപ് വാര്യർ കളംമാറ്റി ചവിട്ടിയതായിരുന്നു കേരളം കണ്ട മറ്റൊരു ട്വിസ്റ്റ്. ഇടതുപക്ഷത്തോടൊപ്പം ചേരുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും അപ്രതീക്ഷിതമായായിരുന്നു സന്ദീപ് വാര്യരുടെ കോൺഗ്രസ് എൻട്രി. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം പ്രചാരണ വേദികളിലും സന്ദീപ് വാര്യർ സജീവമായി. പി.സി ജോര്‍ജിന്‍റെ ബിജെപി പ്രവേശനവും കോണ്‍ഗ്രസ് നേതാവ് കെ.കരുണാകരന്‍റെ മകള്‍ പത്മജയുടെ ബിജെപിയിലേക്കുള്ള കൂടുമാറ്റത്തിനും രാഷ്ട്രീയ കേരളം സാക്ഷിയായി.

നീല ട്രോളിയും പാതിരാ റെയ്ഡും

പാലക്കാട് ഉപതെരഞ്ഞെടുപ്പ് കാലത്ത് കത്തിക്കയറിയ ഏറ്റവും വലിയ വിവാദമായിരുന്നു നീല ട്രോളിയും പാതിരാ റെയ്ഡും. കോൺഗ്രസ് നേതാക്കൾ താമസിക്കുന്ന ഹോട്ടലിൽ ട്രോളി ബാഗിൽ പണമെത്തിച്ചു എന്നായിരുന്നു സിപിഎം ആരോപണം. നവംബർ 5ന് രാത്രി പന്ത്രണ്ട് മണിക്കായിരുന്നു കേസിനാസ്‌പദമായ സംഭവം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി കള്ളപ്പണം എത്തിച്ചുവെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ പാലക്കാട് നഗരത്തിലെ കെപിഎം ഹോട്ടലിൽ പൊലീസ് റെയ്‌ഡ് നടത്തുകയായിരുന്നു.കോൺഗ്രസ് നേതാക്കളായ ഷാനിമോൾ ഉസ്‌മാൻ, ബിന്ദു കൃഷ്‌ണ എന്നിവരുടെ മുറികളിൽ വനിത പൊലീസിൻ്റെ സാന്നിധ്യമില്ലാതെ നടന്ന പരിശോധനയും ഏറെ വിവാദമായിരുന്നു.എന്നാല്‍ ട്രോളി ബാഗില്‍ വസ്ത്രങ്ങൾ മാത്രമായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ വിശദീകരണം.

പൂരം കലക്കലും എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ചയും

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്തിയെന്ന് വിലയിരുത്തപ്പെടുന്ന സംഭവമാണ് തൃശൂര്‍ പൂരം. പൂരം നടന്ന ഏപ്രിൽ 19ന് പൊലീസിന്‍റെ ഭാഗത്തുനിന്നുണ്ടായ നടപടികളാണ് വൻ വിവാദത്തിലായത്.

21ന് പുലർച്ചെ മൂന്നു മണിക്ക് നടക്കേണ്ട വെടിക്കെട്ടിന് തിരക്കു നിയന്ത്രിക്കാനെന്ന പേരിൽ രാത്രി പത്തുമണിയോടെ സ്വരാജ് റൗണ്ടിലേക്കുള്ള പൊലീസ് ബാരിക്കേ‍ഡ് കെട്ടി അടച്ചതോടെയാണ് പ്രശ്നങ്ങൾക്കു തുടക്കം. സ്വരാജ് റൗണ്ട്, തേക്കിൻകാട് മൈതാനം എന്നിവ കെട്ടിയടച്ച് പൂരനഗരിയിലേക്കുള്ള പ്രവേശനം പൊലീസ് തടഞ്ഞു. ഇതോടെ രാത്രിപ്പൂരം കാണാനെത്തിയവരിൽ ഭൂരിഭാഗം പേർക്കും റൗണ്ടിലേക്ക് കടക്കാനായില്ല.

തിരുവമ്പാടി ഭാഗത്തുനിന്ന് വടക്കുന്നാഥ ക്ഷേത്രത്തിലേക്കുള്ള എല്ലാ വഴികളും അടച്ചതോടെ തിരുവമ്പാടി ഭഗവതിയുടെ എഴുന്നള്ളിപ്പും പഞ്ചവാദ്യവും തടസപ്പെട്ടു.ആൾക്കൂട്ടത്തിനുനേരെ പൊലീസ് ലാത്തി വീശിയെന്ന് പരാതിയുയർന്നു. പൊലീസിനെതിരെ തിരുവമ്പാടി ദേവസ്വം പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. ഇതോടെ തിരുവമ്പാടി ദേവസ്വം എഴുന്നള്ളിപ്പും പഞ്ചവാദ്യവും പാതിവഴിയിൽ ഉപേക്ഷിച്ചു. പുലർച്ചെ മൂന്നിന് നടക്കേണ്ടിയിരുന്ന വെടിക്കെട്ടിലും അനിശ്ചിതത്വമുണ്ടായി. അന്ന് തൃശൂർ സിറ്റി പൊലീസ് കമ്മിഷണറായിരുന്ന അങ്കിത് അശോകന്‍റെ നേതൃത്വത്തിൽ വെടിക്കെട്ടു മൈതാനത്തുനിന്ന് പൂരം കമ്മിറ്റിയംഗങ്ങളെയുൾപ്പെടെ നീക്കാൻ ശ്രമിച്ചതോടെയാണ് തർക്കമുണ്ടായത്. ജനങ്ങൾ പൂരപ്പറമ്പിൽ പൊലീസിനെതിരെ മുദ്രാവാക്യം മുഴക്കുകയും കൂക്കിവിളിക്കുകയും ബാരിക്കേഡ് മറിച്ചിടാൻ ശ്രമിക്കുകയും ചെയ്തു. ജനരോഷം ശക്തമായതോടെ മന്ത്രി കെ.രാജനുള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി നടത്തിയ ചർച്ചയെത്തുടർന്ന് നാല് മണിക്കൂർ വൈകി രാവിലെ 7.15നാണ് വെടിക്കെട്ടു തുടങ്ങിയത്.

പൂരനഗരിയിലേക്ക് സുരേഷ് ഗോപി ആംബുലന്‍സിലെത്തിയതും വിവാദത്തിന് കാരണമായി. ആദ്യം ആംബുലന്‍സില്‍ കയറിയില്ലെന്ന് പറഞ്ഞിരുന്ന സുരേഷ് ഗോപി പിന്നീട് അത് തിരുത്തി യാത്ര ചെയ്തുവെന്ന് സമ്മതിച്ചിരുന്നു. തനിക്ക് കാലിന് സുഖമില്ലാത്തതിനാലാണ് ആംബുലന്‍സില്‍ യാത്ര ചെയ്തതെന്നായിരുന്നു സുരേഷ് ഗോപിയുടെ വിശദീകരണം. സംഭവത്തില്‍ എംപിക്കെതിരെ കേസെടുത്തിരുന്നു.

പൂരം കലക്കലില്‍ സര്‍ക്കാര്‍ ത്രിതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇത് സംബന്ധിച്ച് തിരുവമ്പാടി ദേവസ്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി എഡിജിപി എം.ആർ അജിത് കുമാറിന്‍റെ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ദേവസ്വത്തിലെ ചിലർ ഗൂഢാലോചന നടത്തിയെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് പൂരനാളിൽ ബോധപൂർവം കുഴപ്പമുണ്ടാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.

സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആർ അജിത്കുമാർ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതായിരുന്നു മറ്റൊരു വിവാദം. ആർഎസ്എസ് നേതാക്കളായ ദത്താത്രേയ ഹൊസബലെ, രാം മാധവ് എന്നിവരുമായാണ് അജിത് കുമാർ കൂടിക്കാഴ്‌ച നടത്തിയത്. അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടത് സര്‍വീസ് ചട്ടലംഘനമെന്നായിരുന്നു ഡിജിപിയുടെ റിപ്പോര്‍ട്ട് . സന്ദര്‍ശന ലക്ഷ്യം എന്താണെന്ന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എഡിഎം നവീന്‍ ബാബുവിന്‍റെ മരണവും പി.പി ദിവ്യയുടെ രാജിയും

കേരള മനസാക്ഷിയെ മറ്റൊരു സംഭവമായിരുന്നു കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്‍റെ ആത്മഹത്യ. നവീൻ ബാബുവിന്‍റെ യാത്രയയപ്പ് സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി. പി ദിവ്യ നടത്തിയ പ്രസംഗത്തിന് പിന്നാലെയാണ് എഡിഎം ജീവനൊടുക്കിയത്. ഒക്ടോബര്‍ 15നാണ് നവീന്‍ ബാബുവിനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

സംഭവം വിവാദമാവുകയും വലിയ പ്രതിഷേധമുയരുകയും ചെയ്തതോടെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി ദിവ്യക്കെതിരെ കേസ് എടുത്തിരുന്നു. മുൻകൂർ ജാമ്യപേക്ഷ തള്ളിയതിന് പിന്നാലെ കീഴടങ്ങിയ പി.പി ദിവ്യ റിമാൻഡിൽ ജയിലിൽ കഴിയുകയും പിന്നീട് ജാമ്യം ലഭിക്കുകയുമായിരുന്നു. നവീൻ ബാബുവിന്റേത് കൊലപാതകമാണെന്നാണ് കുടുംബത്തിന്റെ ആരോപണം. കേസ് സിബിഐ അന്വേഷിക്കണമെന്നും നവീൻ ബാബുവിന്‍റെ ഭാര്യ ഹൈക്കോടതിയിൽ നൽകിയ ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു.

വികസനക്കുതിപ്പിനൊരുങ്ങി വിഴിഞ്ഞം

പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് ശേഷമാണ് വിഴിഞ്ഞം തുറമുഖത്ത് ട്രയൽ റണ്ണിന്‍റെ ഭാഗമായി ആദ്യ കപ്പലടുത്തത്.ജൂലൈ 11നാണ് ആദ്യ മദർഷിപ്പ് സാൻ ഫെർണാണ്ടോ തീരം തൊട്ടത്. 8000 കണ്ടെയ്നറുകളാണ് കപ്പലിലുണ്ടായിരുന്നത്. 2028ൽ സമ്പൂർണ തുറമുഖമായി മാറുമെന്നും 10,000 കോടി രൂപയുടെ നിക്ഷേപത്തിന് വഴിവയ്ക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

ഇടനെഞ്ചിൽ നോവായി അർജുൻ

പോയ വർഷം ഒരാൾക്ക് വേണ്ടിയും മലയാളി ഇത്രയധികം പ്രാർത്ഥിച്ചിട്ടുണ്ടാകില്ല... ഓരോ ദിവസവും പുലരുന്നത് അയാൾ ജീവനോടെ ഉണ്ടാകണേ എന്ന വാർത്ത കേൾക്കണേ എന്ന് ആശിച്ചുകൊണ്ടായിരുന്നു.... ഗംഗവലിപ്പുഴയുടെ ആഴങ്ങളിൽ ഇല്ലാതായ അർജുൻ എന്ന കോഴിക്കോടുകാരന് വേണ്ടി ലോകമെമെമ്പാടുമുള്ള മലയാളികൾ ഹൃദയം നുറുങ്ങി പ്രാർത്ഥിച്ചു... പ്രതിസന്ധികളും വെല്ലുവിളികളും നിറഞ്ഞ നീണ്ട 72 ദിവസത്തിന് ശേഷം ആണ് അർജുനെ കുറിച്ചുള്ള വിവരം ലഭിക്കുന്നത്.

ജൂലൈ പതിനാറാം തീയതിയായിരുന്നു ദേശീയപാത 66-ല്‍ ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായത്. ചായക്കടയുടെ മുന്നില്‍നിന്നവരും സമീപം പാര്‍ക്ക് ചെയ്ത വാഹനങ്ങളുമാണ് മണ്ണിനടിയില്‍ അകപ്പെട്ടത്. ചായക്കട ഉടമയും കുടുംബവും ഉള്‍പ്പടെ ഏഴുപേര്‍ അപകടത്തില്‍ മരിച്ചിരുന്നു. കാര്‍വാര്‍ - കുംട്ട റൂട്ടില്‍ നാലുവരിപ്പാത വികസിപ്പിക്കാനുള്ള പണികള്‍ നടക്കുന്ന ഭാഗത്താണ് മണ്ണിടിച്ചിലുണ്ടായത്. പാതയുടെ ഒരുവശം കുന്നും മറുവശം ഗംഗാവല്ലി നദിയുമാണ്. അപകടസമയത്ത് ഇവിടെ നിര്‍ത്തിയിട്ട ഇന്ധന ടാങ്കര്‍ ഉള്‍പ്പടെ നാല് ലോറികള്‍ ഗാംഗാവല്ലി നദിയിലേക്കു തെറിച്ചുവീണു ഒഴുകിയിരുന്നു. അപകടത്തിന്റെ വാര്‍ത്തകള്‍ കേട്ടതിന് പിന്നാലെ ജിപിഎസ് പരിശോധിച്ചപ്പോഴാണ് മരം കയറ്റി വരികയായിരുന്ന അര്‍ജുന്റെ ലോറിയും മണ്ണിനടിയിലാണെന്ന വിവരം കുടുബം അറിഞ്ഞത്.

കാലാതീതനായി എംടി

മലയാള സാഹിത്യലോകത്തിനും മലയാളിക്കും വലിയൊരു വേദന നല്‍കിക്കൊണ്ടാണ് 2024 വിട പറയുന്നത്. പ്രിയപ്പെട്ട എം.ടി മറഞ്ഞിരിക്കുന്നു. നിളയുടെ കലാകാരന്‍ നിളയില്‍ തന്നെ അലിഞ്ഞുചേര്‍ന്നിരിക്കുന്നു. ഡിസംബര്‍ 25ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ രാത്രി 10 മണിയോടെയായിരുന്നു അന്ത്യം.

നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്രസംവിധായകന്‍, ചെറുകഥാകൃത്ത്, നാടകകൃത്ത് എന്നീ നിലകളില്‍ മലയാളിയുടെ വായനയിലും ആസ്വാദന ലോകത്തും സ്വാധീനം ചെലുത്തിയ എം.ടി വിട പറഞ്ഞപ്പോള്‍ ഒരു കാലഘട്ടത്തിന് തന്നെയാണ് അവസാനമായത്.

സിനിമാ ലോകത്തിനും വലിയ നഷ്ടമായിരുന്നു 2024 സമ്മാനിച്ചത്. അഭിനയ പ്രതിഭ കൊണ്ട് അതിശയിപ്പിച്ച കവിയൂര്‍ പൊന്നമ്മ, ടി.പി മാധവന്‍, മീന ഗണേഷ്, മേഘനാഥന്‍, കനകലത, മോഹന്‍രാജ്, നിര്‍മല്‍ ബെന്നി എന്നിവരുടെ അപ്രതീക്ഷിത വിയോഗം തീരാനഷ്ടമായി. പ്രശസ്ത സിനിമാ എഡിറ്റര്‍ നിഷാദ് യൂസഫിന്‍റെ മരണവും വേദനയായി.

പ്രശസ്ത സംഗീതജ്ഞന്‍ കെ.ജി ജയന്‍, സംഗീത സംവിധായകന്‍ കെ.ജെ ജോയ്, സിപിഎം നേതാവ് എം.എം ലോറന്‍സ്, കവി എന്‍.കെ ദേശം, സംവിധായകന്‍ സംഗീത് ശിവന്‍, നാടകാചാര്യന്‍ ഓംചേരി എന്‍.എന്‍ പിള്ള തുടങ്ങിയവരും കാലയവനികക്കുള്ളില്‍ മറഞ്ഞതും ഈ വര്‍ഷമായിരുന്നു.

TAGS :

Next Story