Quantcast

മാലിന്യം നീക്കാൻ ഒരു വർഷമായി തീവ്രശ്രമം; എല്ലാവർക്കും ഉത്തരവാദിത്തം; രാഷ്ട്രീയമുതലെടുപ്പിന് പ്രതിപക്ഷം ശ്രമിച്ചെന്ന് മന്ത്രി

പരസ്പരം പഴിചാരുകയല്ല. കോർപ്പറേഷന് അധികാരമില്ലാത്ത റെയിൽവേ ഭൂമിയിലാണ് അപകടം ഉണ്ടായത്. റെയിൽവേ ഭൂമിയിൽ മറ്റാർക്കും ഒന്നും ചെയ്യാൻ കഴിയില്ല.

MediaOne Logo

Web Desk

  • Published:

    15 July 2024 10:48 AM GMT

year-long effort to clear the waste minister Says mb rajesh on waste management in amayizhanjan canal
X

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം നീക്കുന്നതിടെ ഒഴുക്കിൽപ്പെട്ട് തൊഴിലാളി മരിച്ചതുമായി ബന്ധപ്പെട്ട് ഉയർന്ന വിമർശനത്തിൽ വിശദീകരണവുമായി തദ്ദേശസ്വയംഭരണ മന്ത്രി എം.ബി രാജേഷ്. മാലിന്യ പ്രശ്നം പരിഹരിക്കാൻ ഒരു വർഷമായി സർക്കാർ തീവ്ര പരിശ്രമം നടത്തുന്നുണ്ടെന്നും പൂർണമായി പരിഹരിച്ചിട്ടില്ലെങ്കിലും അതിന് നേട്ടം ഉണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

പരസ്പരം പഴിചാരുകയല്ല. കോർപ്പറേഷന് അധികാരമില്ലാത്ത റെയിൽവേ ഭൂമിയിലാണ് അപകടം ഉണ്ടായത്. റെയിൽവേ ഭൂമിയിൽ മറ്റാർക്കും ഒന്നും ചെയ്യാൻ കഴിയില്ല. മാലിന്യനീക്കം ഉൾപ്പെടെ അങ്ങനെയാണ്. റെയിൽവേ ആക്ടിൽ അതൊക്കെ വ്യക്തമാക്കുന്നുണ്ട്. ഈ ഉത്തരവാദിത്തം നിറവേറ്റുന്നുണ്ടോ എന്ന് നോക്കുക മാത്രമാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ചെയ്യാൻ കഴിയുക. ഇതു ഉറപ്പുവരുത്താൻ സംസ്ഥാന സർക്കാർ ഇടപെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

യോഗം വിളിച്ചുകൂടേ എന്ന് പ്രതിപക്ഷനേതാവ് ചോദിക്കുന്നു. പലതവണ യോഗം വിളിക്കുകയും പല നടപടികൾ സ്വീകരിക്കുകയും ചെയ്തു. 2024 ജനുവരി 31ന് ഇതുമായി ബന്ധപ്പെട്ട് രണ്ട് റെയിൽവേ ഡിവിഷണൽ മാനേജർമാർക്ക് കത്ത് നൽകിയിട്ടുണ്ട്. യോഗം വിളിച്ചപ്പോൾ ഡിവിഷണൽ മാനേജർമാർ പങ്കെടുത്തില്ല. തിരുവനന്തപുരം റെയിൽവേയുടെ സീനിയർ ഉദ്യോഗസ്ഥർ ആരും പങ്കെടുത്തില്ല. ഹൈക്കോടതി റെയിൽവയെ രൂക്ഷമായ വിമർശിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജോയിയുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിലായിരുന്നു സർക്കാർ. നിർഭാഗ്യവശാൽ തുടക്കം മുതൽ രാഷ്ട്രീയ മുതലെടുപ്പ് ഉണ്ടായി. ഒരു ദുരന്തത്തിൽ രാഷ്ട്രീയ മുതലെടുപ്പ് നടന്നത് ഉണ്ടാവാൻ പാടില്ലാത്തതായിരുന്നു. ഇല്ലാത്ത ഉത്തരവാദിത്തം സർക്കാരിന്റെ തലയിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുമ്പോൾ വ്യക്തത വരുത്തേണ്ടി വരും. ഇന്നലെ പ്രതിപക്ഷ നേതാവ് എന്തെല്ലാമാണ് പറഞ്ഞത്? അല്പംകൂടി പ്രതിപക്ഷ നേതാവിന് കാത്തിരിക്കാമായിരുന്നെന്നും ജോയിയെ കിട്ടിയിട്ട് പറയാനുള്ള വിവേകം അദ്ദേഹം കാണിക്കണമായിരുന്നെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

രാഷ്ട്രീയലാഭത്തിൽ ചാടിവീണ് സന്തോഷം കണ്ടെത്തുന്നത് ശരിയല്ല. ഇത് തെറ്റാണെന്ന് എല്ലാവരും മനസിലാക്കണം. മാലിന്യ സംസ്കരണം എല്ലാവരുടെയും ഉത്തരവാദിത്തമാണ്. മാലിന്യം ശൂന്യാകാശത്തു നിന്ന് വന്നതല്ല. അത് സംസ്കരിക്കുന്നതിൽ ഓരോ വ്യക്തിക്കും ഉത്തരവാദിത്തമുണ്ട്. ഒരുതരത്തിലും ഉണ്ടാകാൻ പാടില്ലാത്ത ദുരന്തമാണുണ്ടായത്. ‌

ജോയിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയ മന്ത്രി, നടന്നത് സമ്മാനതകളില്ലാത്ത മഹത്തായ രക്ഷാപ്രവർത്തനമാണെന്നും ചൂണ്ടിക്കാട്ടി. രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത എല്ലാവരെയും സർക്കാരിന് വേണ്ടി അഭിനന്ദിക്കുന്നു. സ്കൂബ ഡൈവേഴ്സിന്റെ സേവനം പ്രത്യേക പരാമർശം അർഹിക്കുന്നത്. രക്ഷാപ്രവർത്തകർക്ക്‌ ഉചിതമായ ആദരവ് കോർപ്പറേഷന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS :

Next Story