മഴ കൂടുതൽ ശക്തമാകാൻ സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഇന്ന് എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് തുടങ്ങിയ 5 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പാണ്
തിരുവനന്തപുരം: തെക്കു-പടിഞ്ഞാറൻ കാലവർഷം കേരളത്തിലെത്തിയ പശ്ചാത്തലത്തിൽ മഴ കൂടുതൽ ശക്തമാകാൻ സാധ്യത. ഇന്ന് എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് തുടങ്ങിയ 5 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പാണ്.
കേരളത്തിൽ കാലവർഷമെത്തിയതായി കഴിഞ്ഞ ദിവസമാണ് കേന്ദ്ര കാലാവസ്ഥാ വിഭാഗം സ്ഥിരീകരിച്ചത്. അതേസമയം ഈ വർഷം കേരളത്തിൽ കാലവർഷത്തിന് മുന്നോടിയായി വ്യാപകമായ മഴയാണ് ലഭിച്ചത്. ശക്തമായ പടിഞ്ഞാറൻ കാറ്റിന്‍റെയും അറബിക്കടലിൽ രൂപപ്പെട്ട ചക്രവാതചുഴിയുടെയും സ്വാധീന ഫലമായി വരും ദിവസങ്ങളിലും മഴ തുടരും. ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തെക്കൻ കേരള തീരത്തും ലക്ഷദ്വീപ് തീരത്തും മത്സ്യബന്ധനത്തിനും വിലക്ക് ഏർപ്പെടുത്തി.
അതേസമയം കോട്ടയത്ത് വീണ്ടും മഴ ശക്തമായി. പാലാ , മീനച്ചിൽ , കാഞ്ഞിരപ്പള്ളി താലൂക്ക് പരിധിയിലും കോട്ടയം നഗരത്തിലും ഇന്നലെ രാത്രി ശക്തമായ മഴ ലഭിച്ചു.പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടതും ജനങ്ങളെ വലച്ചു. 20 മണിക്കൂർ മഴ മാറി നിന്ന ശേഷമാണ് ജില്ലയിൽ വീണ്ടും മഴ കനത്തത്. മഴയെ തുടർന്നും കോട്ടയം മെഡിക്കൽ കോളേജ് ന്യൂറോ ഐസിയുവിന് സമീപം കൂട്ടിരിപ്പുകാർ ഇരിക്കുന്ന ഭാഗത്തും ഒപി ബ്ലോക്കിലും വെള്ളക്കെട്ടുണ്ടായി. ജീവനക്കാർ ഒരു മണിക്കൂറോളം ശ്രമപ്പെട്ടാണ് വെള്ളക്കെട്ട് ഒഴിവാക്കിയത്.മീനച്ചിൽ, മണിമല ആറുകളിലും ജലനിരപ്പ് ഉയർന്നു. നദീ തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാഭരണകൂടം. നിലവിൽ ജില്ലയില്‍ 31 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്.
Adjust Story Font
16