സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
എറണാകുളം,തൃശൂർ , കോഴിക്കോട്, വയനാട് , കണ്ണൂർ , കാസർകോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്
തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടങ്ങളിലും കനത്ത മഴ തുടരുന്നു. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം,തൃശൂർ , കോഴിക്കോട്, വയനാട് , കണ്ണൂർ , കാസർകോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. നാളെ മൂന്ന് ജില്ലകളിലും യെല്ലോ അലർട്ടാണ്. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.
വടക്ക് കിഴക്കൻ അറബിക്കടലിൽ ഗുജറാത്ത് തീരത്തിനു സമീപം രൂപപ്പെട്ട ന്യൂനമർദ്ദം വടക്ക് കിഴക്കൻ അറബികടലിൽ സൗരാഷ്ട്ര - കച്ച് തീരത്തിന് സമീപം ശക്തികൂടിയ ന്യൂനമർദ്ദമായി നിലനിൽക്കുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ശക്തികൂടിയ ന്യുന മർദ്ദം ശക്തി പ്രാപിച്ചു തീവ്ര ന്യൂനമർദ്ദമാകാനും സാധ്യതയുണ്ട്.
ഒഡിഷ തീരത്തിനും സമീപപ്രദേശത്തിനും മുകളിലായി ന്യൂനമർദ്ദം നിലനിൽക്കുന്നു. മൺസൂൺ പാത്തി അതിന്‍റെ സാധാരണ സ്ഥാനത്തു നിന്ന് തെക്കോട്ടു മാറി സജീവമായിരിക്കുന്നു, ജൂലൈ 17 മുതൽ മൺസൂൺ പാത്തി വടക്കോട്ടു സഞ്ചരിക്കാൻ സാധ്യത. ഗുജറാത്ത് തീരം മുതൽ മഹാരാഷ്ട്ര വരെ ന്യുന മർദ്ദ പാത്തി (offshore trough) നിലനിൽക്കുന്നു. ഇതിന്‍റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു
ഉയർന്ന തിരമാല ജാഗ്രത നിർദേശം
കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) 17-07-2022 രാത്രി 11.30 വരെ 3.0 മുതൽ 3.2 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരുക.
1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക
Adjust Story Font
16