'ആവശ്യത്തിലധികം ആഘോഷിച്ചു, കേസ് കെട്ടിച്ചമച്ചതാണെന്ന് നിങ്ങൾക്കും എനിക്കുമറിയാം'; പ്രതികരിച്ച് വിദ്യ
അഗളി പോലീസ് സ്‌റ്റേഷനില്‍നിന്ന് മണ്ണാര്‍ക്കാട് കോടതിയിലേക്ക് കൊണ്ടുപോകാനിറങ്ങുമ്പോഴായിരുന്നു വിദ്യയുടെ പ്രതികരണം
കെ.വിദ്യ
പാലക്കാട്: കേസ് കെട്ടിച്ചമച്ചതാണെന്നും നീതിക്കായി ഏതറ്റം വരെയും പോകുമെന്നും കെ.വിദ്യ. വ്യാജരേഖ ചമച്ച് അധ്യാപക ജോലി നേടാന്‍ ശ്രമിച്ച കേസില്‍ പിടിയിലായതിന് പിന്നാലെ ആദ്യമായിട്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ദിവ്യ. അഗളി പോലീസ് സ്‌റ്റേഷനില്‍നിന്ന് മണ്ണാര്‍ക്കാട് കോടതിയിലേക്ക് കൊണ്ടുപോകാനിറങ്ങുമ്പോഴായിരുന്നു പ്രതികരണം.
'കേസ് കെട്ടിച്ചമച്ചതാണെന്ന് നിങ്ങൾക്കും അറിയാം എനിക്കും അറിയാം. ഏതറ്റം വരെ ആണെങ്കിലും നിയമപരമായി തന്നെ മുൻപോട്ട് പോകും'; വിദ്യ വ്യക്തമാക്കി. അതേസമയം ബയോഡേറ്റ വിദ്യയുടേതാണോ എന്ന ചോദ്യത്തിനും അട്ടപ്പാടി കോളേജ് പ്രിൻസിപ്പൽ ആണോ ഗൂഢാലോചനയ്ക്ക് പിന്നിലെന്ന ചോദ്യത്തിനും വിദ്യ പ്രതികരിച്ചില്ല.
വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് തയ്യറാക്കിയ സംഭവത്തിൽ ഒളിവിൽ കഴിയുകയായിരുന്ന കെ. വിദ്യയെ ഇന്നലെയാണ് കോഴിക്കോട് മേപ്പയൂരിൽ വെച്ച് പൊലീസ് പിടികൂടിയത്. പല തവണ ചോദ്യം ചെയ്തെങ്കിലും താൻ വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചിട്ടില്ലെന്ന വാദത്തിൽ ഉറച്ച് നിൽക്കുകയാണ് വിദ്യ. കോൺഗ്രസ് അധ്യാപക സംഘടന നേതാക്കളാണ് തനിക്ക് എതിരെ പ്രവർത്തിക്കുന്നത്. അട്ടപ്പാടി ഗവൺമെന്റ് കോളേജ് പ്രിൻസിപ്പൾ ലാലിമോളിന്റെ നേതൃത്വത്തിൽ ഗൂഢാലോചന നടന്നതായും വിദ്യ അന്വേഷണ സംഘത്തോട് പറഞ്ഞു.
വിദ്യയുടെ കൈപടയിൽ തയ്യറാക്കിയ ബയോഡാറ്റ കാണിച്ചപ്പോൾ ഇത് താൻ തയ്യറാക്കിയതാണെന്ന് വിദ്യ സമ്മതിച്ചു. അതേസമയം വിദ്യയുടെ ഒപ്പ് ഉള്ള ബയോഡാറ്റ ശാസ്ത്രീയ പരിശോധനക്ക് അയക്കും. മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണവും വിദ്യയുടെ സുഹൃത്തിനെ ചോദ്യം ചെയ്തതുമാണ് വിദ്യ താമസിക്കുന്ന സ്ഥലം കണ്ടെത്താൻ പൊലീസിന് സഹായകരമായത്.
watch video Report
Adjust Story Font
16