Quantcast

പാട്ട കൊട്ടിയും ടോർച്ചടിച്ചും ശാസ്ത്രബോധമുള്ള തലമുറയെ വളർത്താനാവില്ല; ഉത്തരവാദിത്തപ്പെട്ടവർ തന്നെ ശാസ്ത്രവിരുദ്ധത പറയുന്നു: മുഖ്യമന്ത്രി

വിഭാഗീയത സൃഷ്ടിക്കാനുള്ള ശ്രമങ്ങളും മതത്തിന്റെയും ദേശത്തിന്റെയും പേരിൽ നമ്മുടെ ഐക്യത്തെ തകർക്കാനുള്ള ശ്രമങ്ങളും നടക്കുന്നു. ഇത്തരം ശ്രമങ്ങളെ മുളയിലേ നുള്ളിക്കളയണം.

MediaOne Logo

Web Desk

  • Updated:

    2024-01-15 15:43:28.0

Published:

15 Jan 2024 3:42 PM GMT

Exalogic - CMRL deal: Bengaluru ROC report implicates CM
X

തിരുവനന്തപുരം: രാജ്യത്ത്‌ ശാസ്ത്ര വിരുദ്ധമായ അസംബന്ധങ്ങൾ പ്രചരിപ്പിക്കപ്പെടുന്നുവെന്നും മതത്തിൻ്റെയും സംസ്കാരത്തിൻ്റെയും പേരിൽ നമ്മുടെ ഒരുമയെയും ഐക്യത്തെയും തകർക്കാൻ ശ്രമം നടക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ. അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും പ്രചരിപ്പിച്ച് ജനങ്ങളിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാണ്. വിദ്വേഷത്തിൻ്റെ രാഷ്ട്രീയം ഇവിടെ വേരോടാത്തത് ശാസ്ത്ര അടിത്തറ ഉള്ളതുകൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

തോന്നക്കല്‍ ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കില്‍ നടക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ ഉദ്‌ഘാടന വേദിയിലായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. പണ്ടു മുതൽ പ്ലാസ്റ്റിക് സർജറി ഉണ്ടായിരുന്നു എന്നുവരെ പറഞ്ഞു. ശാസ്ത്ര വിരുദ്ധ കാര്യങ്ങൾ ഉത്തരവാദിത്തപ്പെട്ടവർ തന്നെ പറയുകയാണെന്നും ശാസ്ത്രജ്ഞരല്ല, ആൾദൈവങ്ങൾ ആദരിക്കപ്പെടുന്ന സ്ഥിതിയാണ് ഇന്നുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ശാസ്ത്രമല്ല, മതമാണ് രാജ്യപുരോഗതിയിലേക്ക് നയിക്കുന്നത് എന്നാണ് പ്രചരിപ്പിക്കുന്നത്. ഇത് സ്വാതന്ത്ര്യത്തിലേക്കല്ല, പാരതന്ത്ര്യത്തിലേക്കാണ് നയിക്കുന്നത്- അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയെ പേര് പറയാതെയും മുഖ്യമന്ത്രി വിമർശനമുന്നയിച്ചു. പാട്ട കൊട്ടിയും ടോർച്ചടിച്ചും ശാസ്ത്ര ബോധമുള്ള സമൂഹത്തെ വളർത്തിയെടുക്കാനാകില്ല. ഇത്തരം അബദ്ധ ജഡിലതകളെ അധികാര സ്ഥാനം ഉള്ളവർ തന്നെ പ്രചരിപ്പിക്കുകയാണ്. വിഭാഗീയത സൃഷ്ടിക്കാനുള്ള ശ്രമങ്ങളും മതത്തിന്റെയും ദേശത്തിന്റെയും പേരിൽ നമ്മുടെ ഐക്യത്തെ തകർക്കാനുള്ള ശ്രമങ്ങളും നടക്കുന്നു. ഇത്തരം ശ്രമങ്ങളെ മുളയിലേ നുള്ളിക്കളയണം- അദ്ദേഹം പറഞ്ഞു.

ഇത്തരം ശ്രമങ്ങൾ കേരളത്തിൽ ഉണ്ടാകാത്തത് ശാസ്ത്രത്തിനോട് ആഭിമുഖ്യം ഉള്ളതുകൊണ്ടാണ്. ശാസ്ത്ര വിരുദ്ധതയെ നാം നേരത്തെ തള്ളിക്കളഞ്ഞു. ചില അധികാര കേന്ദ്രങ്ങൾ ശാസ്ത്രം സമൂഹത്തിൽ വേരോടാതിരിക്കാൻ വേണ്ടതെല്ലാം ചെയ്യുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യൻ ശാസ്ത്ര കോൺഗ്രസ് ഈ വർഷം നടന്നിട്ടില്ല. നടക്കുമോ എന്ന് അറിയില്ല. അതിന് അനുവാദം കിട്ടിയിട്ടില്ല എന്നാണ് അറിയുന്നത്. ഈ പൊതു ദേശീയ സാഹചര്യത്തിലാണ് കേരളത്തിന്റെ ശ്രമങ്ങൾ പ്രസക്തമാകുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

TAGS :

Next Story