'ആ ക്രിമിനല്‍ ഇപ്പോഴും പുറത്തുണ്ട്, പേടിയുണ്ട്': കഞ്ചാവ് കേസില്‍ കുടുക്കിയ യുവാവിന്‍റെ പകയെ കുറിച്ച് ശോഭ വിശ്വനാഥ്
'ഈ കേസിലെ പ്രതി അച്ഛന്‍റെ കാശില്‍ ജീവിക്കുന്ന ലോര്‍ഡ്സ് ആശുപത്രി ഉടമയുടെ മകന്‍ ഹരീഷ് ഹരിദാസാണ്'
വിവാഹാഭ്യാര്‍ഥന നിരസിച്ചതിന് യുവാവ് കഞ്ചാവ് കേസില്‍ കുടുക്കിയതിനെ കുറിച്ച്, പിന്നീട് സ്വന്തം നിരപരാധിത്വം തെളിയിച്ചതിനെ കുറിച്ച് തുറന്നുപറയുകയാണ് യുവസംരംഭക ശോഭ വിശ്വനാഥ്. തന്നെ കുടുക്കിയ ക്രിമിനല്‍ ഇപ്പോഴും പുറത്താണ്. അറസ്റ്റ് ചെയ്തിട്ടില്ല. അടുത്തത് എന്തെന്ന ഭയമുണ്ടെന്ന് ശോഭ വിശ്വനാഥ് മീഡിയവണിനോട് പറഞ്ഞു.
"പണ്ടൊക്കെയായിരുന്നു ആസിഡ് ആക്രമണം. ഇപ്പോ ഇതാണ് ട്രെന്‍ഡ്. 10 വര്‍ഷമായി ഞാന്‍ സംരംഭകയാണ്, കുട്ടികളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നയാളാണ്, എനിക്കൊരു എന്‍ജിഒ ഉണ്ട്. ആ പേരാണ് ഒരു നിമിഷം കൊണ്ട് കള്ളക്കേസില്‍ കുടുക്കി ഇല്ലാതാക്കാന്‍ നോക്കിയത്. ഇതെല്ലാം പ്ലാന്‍ ചെയ്താണ് ചെയ്തത്. കാശും അധികാരവുമുണ്ടെങ്കില്‍ എന്തും ചെയ്യാമെന്ന സാഹചര്യം. ഈ കേസിനകത്തെ പ്രതി അച്ഛന്‍റെ കാശില്‍ ജീവിക്കുന്ന, ലോര്‍ഡ്സ് ആശുപത്രി സിഇഒയുടെ മകനായ ഹരീഷ് ഹരിദാസാണ്. ഇതൊന്നും ആ വ്യക്തിക്ക് മനസ്സിലാകില്ല. ആത്മഹത്യ ചെയ്യാതെ ജീവിക്കും എന്നുപറഞ്ഞ് ഇറങ്ങിയ വ്യക്തിയാണ് ഞാന്‍. രണ്ട് വര്‍ഷം മുന്‍പ് വിവാഹാഭ്യര്‍ഥനയോട് നോ പറഞ്ഞതാണ്. ഒരു വര്‍ഷം പ്ലാന്‍ ചെയ്ത് ട്രാപ് ചെയ്ത് നാണം കെടുത്തി. ഒരിക്കലും പോരാടാന്‍ ശക്തി കിട്ടുമെന്ന് കരുതിയില്ല. ആത്മഹത്യ ചെയ്തുപോകുമെന്ന് കരുതി. ഇപ്പോഴും ഞാന്‍ ഷോക്കിലാണ്.
ജനുവരി 21നാണ് സംഭവം. വീവേഴ്സ് വില്ലേജ് എന്ന സ്ഥാപനം ഞാന്‍ നടത്തുന്നുണ്ട്. 21ന് നാര്‍കോട്ടിക്സും പൊലീസും വന്ന് കടയില്‍ ബഹളമായെന്നാണ് ഞാനറിയുന്നത്. അപ്പോള്‍ ഞാന്‍ ആ സ്ഥലത്ത് പോലുമില്ല. ആദ്യം കരുതിയത് പ്രാങ്ക് ആണെന്നാ. പിന്നീടാണ് കടയില്‍ നിന്ന് കഞ്ചാവ് പിടിച്ചെന്ന് അറിയുന്നത്. അപ്പോഴേ ഞാന്‍ പൊലീസിനോട് പറയുന്നുണ്ട് ഇത് ട്രാപ് ആണെന്ന്. ഗാര്‍ഹിക പീഡനത്തിനെതിരെ അഞ്ചാറ് വര്‍ഷമായി വിവാഹമോചന കേസ് നടത്തുകയാണ് ഞാന്‍. ഒന്നുകില്‍ അയാള്‍ അല്ലെങ്കില്‍ വിവാഹാലോചനയുമായി പിന്നീട് വന്ന ഹരീഷ്- ഇവരില്‍ ഒരാളിയിരിക്കുമെന്ന്. അന്ന് ഞാന്‍ അനുഭവിച്ച ട്രോമ ഇനി ആരും അനുഭവിക്കരുത്. ഫിംഗര്‍ പ്രിന്‍റോ എന്ത് തരത്തിലുമുള്ള പരിശോധനക്കും തയ്യാറാണെന്ന് ഞാന്‍ പറഞ്ഞു. കഞ്ചാവിന്‍റെ അളവ് കുറവായിരുന്നതിനാല്‍ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. 2000 രൂപ അടച്ചാല്‍ കേസ് തീരുമായിരുന്നു. പക്ഷേ അപ്പോഴും ഞാന്‍ പറഞ്ഞു.. ഞാന്‍ എന്തിന് കേസ് ഏറ്റെടുക്കണം? ഞാനാ ക്രൈം ചെയ്തിട്ടില്ല. സത്യം കണ്ടുപിടിച്ചേ പറ്റുള്ളൂ എന്ന് തീരുമാനിച്ചു. ആ ദിവസം കടയിലെ ജീവനക്കാരി അര മണിക്കൂര്‍ സമയം സിസിടിവി ഓഫ് ചെയ്തെന്ന് വ്യക്തമായി. തുടര്‍ന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ പ്രതി ഹരീഷ് ആണെന്ന് വ്യക്തമാവുകയും ചെയ്തു.
Adjust Story Font
16