എറണാകുളം വെണ്ണലയിൽ അമ്മയുടെ മൃതദേഹം മകന്‍ ആരുമറിയാതെ കുഴിച്ചിട്ടു
ഇന്നലെ രാത്രിയിലോ ഇന്ന് രാവിലെയോ ആയിരിക്കാം മൃതദേഹം കുഴിച്ചിട്ടതെന്ന് പൊലീസ് പറഞ്ഞു
കൊച്ചി: കൊച്ചി വെണ്ണലയിൽ അമ്മയെ മകൻ ആരുമറിയാതെ വീട്ടുമുറ്റത്ത് കുഴിച്ചുമൂടി. വെണ്ണല സ്വദേശിനി 78കാരിയായ അല്ലിയാണ് മരിച്ചത്. മകൻ പ്രദീപിനെ പാലാരിവട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമെ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു.
പുലർച്ചെ വെണ്ണലയിലെ വീട്ടുമുറ്റത്ത് പ്രദീപ് കുഴിയെടുക്കുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പാലാരിവട്ടം പോലീസെത്തി മൃതദേഹം പുറത്തെടുത്ത് ഇൻക്വസ്റ്റ് നടത്തി. ഇതിനിടെ മകൻ പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലായിരുന്നു പ്രദീപെന്ന് പൊലീസ് പറഞ്ഞു. പ്രമേഹ രോഗിയായ അമ്മ മരിച്ചതിനെത്തുടർന്ന് താൻ മറവു ചെയ്യുകയായിരുന്നുവെന്നാണ് പ്രദീപ് പൊലീസിനു നൽകിയ മൊഴി.
പ്രദീപ് സ്ഥിരം മദ്യപാനിയാണെന്നും പരിസരവാസികളുമായി ഇയാൾക്ക് വലിയ ബന്ധമില്ലെന്നും നാട്ടുകാർ പറഞ്ഞു. ടയർ റിപ്പയറിംഗ് കട നടത്തുന്ന പ്രദീപിന് ഭാര്യയും രണ്ടു മക്കളുമുണ്ട്. എന്നാൽ സംഭവ സമയത്ത് പ്രദീപും അമ്മ അല്ലിയും മാത്രമെ വീട്ടിൽ ഉണ്ടായിരുന്നുള്ളുവെന്നും നാട്ടുകാർ പറഞ്ഞു. പ്രദീപിൻ്റെ മൊഴി പൊലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമെ മരണകാരണം വ്യക്തമാകൂ എന്നും അസിസ്റ്റൻ്റ് കമ്മീഷണർ പി.രാജ് കുമാർ പറഞ്ഞു.
Adjust Story Font
16