കരൾ നൽകാൻ ഭാര്യ തയ്യാര്‍; പണമില്ലാത്തതിനാൽ യുവാവിന്റെ ശസ്ത്രക്രിയ മുടങ്ങി
35 ലക്ഷം രൂപ ചികിത്സക്കായി കണ്ടെത്താനാകാതെ വിഷമിക്കുകയാണ് കുടുംബം
കൊല്ലം: കൊട്ടാരക്കരയിൽ കരൾ മാറ്റ ശസ്ത്രക്രിയക്ക് പണമില്ലതെ യുവാവിന്റെ ശസ്ത്രക്രിയ മുടങ്ങി. കരൾ നൽകാൻ ഭാര്യ ഒരുക്കമാണെങ്കിലും 35 ലക്ഷം രൂപ ചികിത്സക്കായി കണ്ടെത്താനാകാതെ വിഷമിക്കുകയാണ് കുടുംബം.
പാറമട തൊഴിലാളിയായിരുന്ന അജിമോന് മൂന്ന് മാസം മുമ്പാണ് കരൾ രോഗം സ്ഥിരീകരിച്ചത്. നാട്ടുകാരുടേയും സുഹൃത്തുക്കളുടേയും സഹായത്തോടെ ചികിത്സ തുടങ്ങി. എന്നാൽ ശസ്ത്രക്രിയക്ക് ആവശ്യമായ പണം കണ്ടെത്താൻ ഈ നിർധന കുടുംബത്തിന് കഴിഞ്ഞില്ല. കഴിഞ്ഞ ബുധനാഴ്ച ഓപ്പറേഷൻ നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും മാറ്റി വെച്ചു.
എത്രയും പെട്ടെന്ന് ശസ്ത്രക്രിയ നടത്തിയാൽ മാത്രമേ അജിമോനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ കഴിയൂ എന്നാണ് ഡോക്ടർമാർ പറയുന്നത്. ഭാര്യയും ഒന്നര വയസുള്ള മകനുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായ അജിമോൻ കിടപ്പിലായതോടെ നിത്യവൃത്തിക്ക് പോലും ബുദ്ധിമുട്ടുകയാണ്. ചികിത്സ നടത്തി ആരോഗ്യത്തോടെ തിരിച്ചെത്തണം. ജോലിക്ക് പോകണം. മകന് മികച്ച വിദ്യാഭ്യാസം നൽകണം. അങ്ങനെ അജിമോന്റെ സ്വപ്നങ്ങൾ ഏറെയാണ്. ഈ സ്വപ്നങ്ങൾക്ക് ചിറക് മുളയ്ക്കണമെങ്കിൽ കരുണവറ്റാത്തവരുടെ സഹായം ഈ കുടുംബത്തിന് വേണം.
Adjust Story Font
16