സ്‌കൂൾ വിദ്യാർഥികൾക്ക് നേരെ യുവാവ് പെട്രോൾ ബോംബെറിഞ്ഞു; കളിയാക്കിയത് പ്രകോപനം
കാട്ടാക്കടയിലെ പരുത്തിപ്പള്ളി സ്കൂളിന് മുന്നിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്കാണ് പെട്രോള്‍ കുപ്പിയെറിഞ്ഞത്.
തിരുവനന്തപുരം കാട്ടാക്കടയില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ യുവാവ് പെട്രോള്‍ ബോംബെറിഞ്ഞു. പരുത്തിപ്പള്ളി സ്കൂളിന് മുന്നിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്കാണ് പെട്രോള്‍ കുപ്പിയെറിഞ്ഞത്. സ്കൂള്‍ കുട്ടികളും ഇരുപത്തിയൊന്നുകാരനായ നിഖില്‍ എന്ന യുവാവും തമ്മിലുള്ള തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. ആക്രമണത്തില്‍ ചെറിയ സ്ഫോടനം ഉണ്ടായെങ്കിലും ആര്‍ക്കും പരിക്കില്ല.
കാട്ടാക്കടയിലെ കുറ്റിച്ചല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന് മുന്നില്‍ ഇന്നലെ വൈകുന്നേരം നാലുമണിയോടെയായിരുന്നു സംഭവം. ബസില്‍ നിന്ന് ഇറങ്ങിയ നിഖിലിനെ കാത്തിരിപ്പ് കേന്ദ്രത്തിലിരുന്ന സ്കൂള്‍ വിദ്യാര്‍ഥികള്‍ കളിയാക്കി. ഇതില്‍ പ്രകോപിതനായ നിഖില്‍ കുട്ടികളുമായി വാക്കു തര്‍ക്കത്തിലാവുകയും കയ്യാങ്കളിയുണ്ടാവുകയും ചെയ്തു. പിന്നീട് ഇവിടെ നിന്ന് മടങ്ങിയ നിഖില്‍ ബൈക്കില്‍ തിരിച്ചെത്തുകയും പെട്രോള്‍ ബോംബ് വിദ്യാര്‍ഥികള്‍ക്ക് നേരെയെറിയുകയുമായിരുന്നു.
അതേസമയം, സംഭവത്തിന് പിന്നില്‍ പരുത്തിപ്പള്ളി സ്കൂളിലെ കുട്ടികളല്ലെന്ന് പി.ടി.എ പ്രസിഡന്‍റ് പറഞ്ഞു. പുറത്തുനിന്നുള്ള കുട്ടികളാണ് ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ഉണ്ടായിരുന്നതെന്നാണ് വിശദീകരണം. പെട്രോള്‍ ബോംബെറിഞ്ഞശേഷം മുങ്ങിയ നിഖിലിനായി പൊലീസ് തെരച്ചില്‍ തുടങ്ങി. നിഖിലിനൊപ്പം മറ്റൊരു യുവാവ് കൂടിയുണ്ടായിരുന്നു. പരുത്തിപ്പള്ളി സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥിയാണ് നിഖിലെന്നാണ് പൊലീസ് പറയുന്നത്.
Adjust Story Font
16