ഒരേസമയം രണ്ട് പേരെ വിവാഹം കഴിക്കാൻ അപേക്ഷ നൽകി യുവതി; കുരുക്കിലായി ഉദ്യോഗസ്ഥർ
പത്തനാപുരം, പുനലൂർ സ്വദേശികളായ യുവാക്കളെ വിവാഹം ചെയ്യുന്നതിനായാണ് പത്തനാപുരം സ്വദേശിയായ യുവതി അതത് സബ് രജിസ്ട്രാർ ഓഫീസുകളിൽ അപേക്ഷ നൽകിയത്.
കൊല്ലം: ഒരേസമയം രണ്ടു പേരെ വിവാഹം കഴിക്കാൻ രണ്ട് രജിസ്ട്രാർ ഓഫീസുകളിൽ അപേക്ഷ നൽകി യുവതി. പത്തനാപുരം, പുനലൂർ സ്വദേശികളായ യുവാക്കളെ വിവാഹം ചെയ്യുന്നതിനായാണ് പത്തനാപുരം സ്വദേശിയായ യുവതി അതത് സബ് രജിസ്ട്രാർ ഓഫീസുകളിൽ അപേക്ഷ നൽകിയത്. രണ്ടിടത്തും അപേക്ഷ സ്വീകരിച്ചതോടെ ഉദ്യോഗസ്ഥരും കുരുക്കിലായി.
സ്‌പെഷൽ മാര്യേജ് ആക്ട് പ്രകാരം ആദ്യം പത്തനാപുരം സബ് രജിസ്ട്രാർ ഓഫീസിലാണ് യുവതി അപേക്ഷ നൽകിയത്. ജൂൺ 30ന് നൽകിയ അപേക്ഷയിൽ പത്തനാപുരത്ത് തന്നെയുള്ള യുവാവുമായി വിവാഹം കഴിക്കണമെന്നാണ് യുവതി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം പുനലൂർ സബ് രജിസ്ട്രാർ ഓഫീസിൽ പുനലൂർ ഉറുകുന്ന് സ്വദേശിയായ യുവാവിനെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ഇതേ യുവതി മറ്റൊരു അപേക്ഷയും നൽകി.
യുവതി പത്തനാപുരം സ്വദേശി ആയതിനാൽ ഈ അപേക്ഷയിൽ ആക്ഷേപം സ്വീകരിക്കുന്നതിനും പ്രസിദ്ധീകരിക്കുന്നതിന്റെയും ഭാഗമായി നോട്ടിസ് പത്തനാപുരം സബ് രജിസ്ട്രാർ ഓഫിസിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
ഇതോടെ ഉദ്യോഗസ്ഥരും ആശയക്കുഴപ്പത്തിലായി, അപേക്ഷ നൽകിയ യുവതിയെയും, യുവാക്കളെയും വിളിച്ചു വരുത്തി കാര്യം അന്വേഷിക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ. അപേക്ഷ നൽകി 30 ദിവസത്തിന് ശേഷമേ വിവാഹ സർട്ടിഫിക്കറ്റ് വിതരണം ചെയ്യൂ. ഇനി അപേക്ഷിച്ചാൽ തന്നെ 90 ദിവസത്തിനുള്ളിൽ ഇത് പിൻവലിക്കാനും അനുവാദമുണ്ട്, എന്നിട്ടും ഒരേ യുവതിയുടെ പേരിൽ രണ്ട് സബ് രജിസ്ട്രാർ ഓഫീസുകളിൽ അപേക്ഷ വന്നതിനെ കുറിച്ച് പരിശോധന തുടരുകയാണ്.
Adjust Story Font
16