പാലക്കാട് ഫോറസ്റ്റ് ഓഫീസർ ചമഞ്ഞ് യുവാവ് ലക്ഷങ്ങൾ തട്ടിയെടുത്തു
വനം വകുപ്പ് ജീവനക്കാരൻ എന്ന പേരിൽ സ്വകാര്യ ബാങ്കിൽ നിന്ന് 10 ലക്ഷം രൂപയുടെ ലോൺ എടുത്തു. ഇതിനായി വ്യാജ സാലറി സർട്ടിഫിക്കറ്റും ഉണ്ടാക്കി
പാലക്കാട്:ഫോറസ്റ്റ് ഓഫീസർ ചമഞ്ഞ് യുവാവ് ലക്ഷങ്ങൾ തട്ടിയെടുത്തു. പാലക്കാട് കോട്ടായി സ്വദേശി ബാല സുബ്രഹ്മണ്യന് എതിരെയാണ് വനം വകുപ്പ് പൊലീസിൽ പരാതി നൽകിയത്. വനംവകുപ്പിന്റെ യൂണിഫോമും വ്യാജ തിരിച്ചറിയൽ കാർഡും ഉപയോഗിച്ചാണ് ബാങ്കുകളിൽ നിന്ന് ഉൾപ്പെടെ യുവാവ് ലക്ഷങ്ങൾ തട്ടിയത്.
കഴിഞ്ഞ പതിനഞ്ചാം തീയതിയാണ് കോട്ടായി സ്വദേശി ബാല സുബ്രഹ്മണ്യൻ ഫോറസ്റ്റ് ഓഫീസർ എന്ന വ്യാജേനെ തട്ടിപ്പ് നടത്തുന്നത് വനംവകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടത്.വനം വകുപ്പ് ട്രിബ്യൂണലിൽ വച്ച് ജഡ്ജിയുടെ ഡ്രൈവർക്കൊപ്പം ഒലവക്കോട് റേഞ്ച് ഓഫീസിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ആണെന്ന് പരിചയപ്പെടുത്തി ഫോട്ടോ എടുത്തു. എന്നാൽ ഇതേ ഓഫീസിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥൻ സമീപം ഉണ്ടായിരുന്നതിനാൽ സംശയം തോന്നി നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്.
വനം വകുപ്പ് ജീവനക്കാരൻ എന്ന പേരിൽ സ്വകാര്യ ബാങ്കിൽ നിന്ന് 10 ലക്ഷം രൂപയുടെ ലോൺ എടുത്തു. ഇതിനായി വ്യാജ സാലറി സർട്ടിഫിക്കറ്റും ഉണ്ടാക്കി.ഒലവക്കോട് സ്വദേശിക്ക് അമ്പതിനായിരം രൂപയുടെ വണ്ടി ചെക്ക് നൽകിയതും മലമ്പുഴ സ്വദേശിയിൽ നിന്നും അമ്പതിനായിരം രൂപ വാങ്ങിയതുമടക്കം നിരവധി തട്ടിപ്പുകളാണ് യുവാവ് നടത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് ഭീഷണിപെടുത്തി മരമില്ലുകാരിൽ നിന്നും പണം വാങ്ങിയിട്ടുണ്ട്. സിവിൽ പൊലീസർ ചമഞ്ഞും തട്ടിപ്പ് നടത്തി. സർക്കാർ ഉദ്യോഗസ്ഥനാണെന്നാണ് ബാലസുബ്രമണ്യൻ നാട്ടിൽ പറഞ്ഞിരുന്നത്.
വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഓഫീസിൽവരെ യൂണിഫോമിൽ ബാലസുബ്രമണ്യൻ പലയിടത്തും എത്തിയിരുന്നു. തട്ടിപ്പ് പുറത്തായതോടെ ഇയാൾ ഒളിവിലാണ്. കോട്ടായി പൊലീസിൽ കേരള ഫോറസ്റ്റ് പ്രോട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ നേതാക്കൾ നേരിട്ടെത്തി പരാതി നൽകിയെങ്കിലും കേസ് എടുക്കാൻ പോലും തയ്യറായില്ലെന്ന് ആരോപണമുണ്ട്. പിന്നീട് പാലക്കാട് ഡി.എഫ്.ഒ നൽകിയ പരാതിയിൽ സൗത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ അഞ്ചു വർഷമായി യുവാവ് തട്ടിപ്പ് നടത്തി വരികയാണെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ.
Adjust Story Font
16