ആര്‍.എസ്.എസിനെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിച്ചതിന് കേരള-കര്‍ണാടക പൊലീസ് ചോദ്യംചെയ്തു, ഫോണ്‍ അവര്‍ കൊണ്ടുപോയി: മലയാളി യുവാവ്
സംഘികള്‍ക്കെതിരെയുള്ള പോസ്റ്റുകള്‍ താന്‍ തന്നെ ഇട്ടതാണോയെന്ന് പൊലീസ് ചോദിച്ചു, ആണെന്ന് മറുപടി നല്‍കിയെന്ന് ചന്ദ്രമോഹന്‍ കൈതാരം
ആര്‍.എസ്.എസിനെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിച്ചതിന് കേരള-കര്‍ണാടക പൊലീസ് തന്നെ ചോദ്യംചെയ്തെന്ന് മലയാളി യുവാവ്. ബംഗളൂരുവില്‍ ജോലി ചെയ്യുന്ന ചന്ദ്രമോഹന്‍ കൈതാരമാണ് ഫേസ് ബുക്ക് കുറിപ്പില്‍ ഇക്കാര്യം പറഞ്ഞത്. മൊബൈല്‍ ഫോണും ഇയര്‍ ഫോണും പൊലീസ് കൊണ്ടുപോയെന്നും അദ്ദേഹം പറഞ്ഞു.
സംഘികള്‍ക്കെതിരെയുള്ള പോസ്റ്റുകള്‍ താന്‍ തന്നെ ഇട്ടതാണോയെന്ന് പൊലീസ് ചോദിച്ചു, ആണെന്ന് മറുപടി നല്‍കിയെന്നും ചന്ദ്രമോഹന്‍ കൈതാരം വ്യക്തമാക്കി. ഫേസ് ബുക്ക് അക്കൌണ്ട് പൊലീസ് പൂട്ടിയേക്കാം. തന്നെയും അവർ പൂട്ടിയേക്കാമെന്ന് ചന്ദ്രമോഹന്‍ കൈതാരം പറഞ്ഞു.
ചന്ദ്രമോഹന്‍ കൈതാരത്തിന് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം പിന്തുണ നല്‍കി- "ഈ പറയുന്നത് പോലെ കേരള പോലീസും കർണാടകക്കാർക്കൊപ്പം ഈ മലയാളിക്കെതിരായ വേട്ടയാടലിൽ പങ്കാളിയായിട്ടുണ്ടെങ്കിൽ അത് അതീവ ഗുരുതരമായ ഒരു കാര്യമാണ്. കേരളത്തിന്റെ ബഹു. ആഭ്യന്തര മന്ത്രി (അതാരാണെന്ന് വച്ചാലും) മറുപടി പറയേണ്ടുന്ന വിഷയമാണിത്. ആർ.എസ്.എസ് എന്ന ഹിന്ദുത്വ ഭീകര സംഘടന വിമർശനാതീതമല്ല, അറ്റ്ലീസ്റ്റ് ഇന്ത്യൻ ഭരണഘടന ഇവിടെ നിലനിൽക്കുന്നിടത്തോളം കാലമെങ്കിലും".
ചന്ദ്രമോഹൻ കൈതാരത്തിന്‍റെ കുറിപ്പ്
ബാംഗ്ലൂരിൽ ഞാൻ ജോലി ചെയ്യുന്ന പ്ലാന്‍റിൽ ഇന്ന് കേരള-കർണാടക പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരെത്തി എന്നെ ചോദ്യംചെയ്തു.
സംഘികൾക്കെതിരെയുള്ള പോസ്റ്റുകൾ ഞാൻ തന്നെയാണോ ഇട്ടത് എന്ന് അവർ എന്നോട് ചോദിച്ചു. ഞാൻ 'കുറ്റം'സമ്മതിച്ചു. ആർ.എസ്.എസിനെതിരെയുള്ള പോസ്റ്റുകൾ ഇട്ടത് ഞാൻ തന്നെയാണ് സാറന്മാരെ എന്ന് ഞാൻ അവരോട് പറഞ്ഞു. അതോടെ എന്‍റെ മൈബൈൽ ഫോണും ഇയർഫോണും ഉൾപ്പെടെയുള്ള സ്ഥാവര ജംഗമങ്ങളെല്ലാം അവർ എടുത്തുകൊണ്ടുപോയി. എന്‍റെ എഫ്.ബി അക്കൗണ്ട് 2021 ഡിസംബർ 31ന് പൂട്ടാൻ ഇടയുണ്ട്. എന്നെയും അവർ പൂട്ടിയേക്കാം. മരിച്ചാലും മനുഷ്യന്‍റെ സ്വാതന്ത്ര്യസ്വപ്‌നങ്ങൾ ഭൂമിയിൽ അനന്തമായി അവശേഷിക്കും. പിശാചുക്കൾ ഇന്ത്യയിൽ ചിരകാലം വാഴില്ല.
Adjust Story Font
16