വ്യാജ സർട്ടിഫിക്കറ്റ്; എസ്.എഫ്.ഐ മുൻ ജില്ലാ സെക്രട്ടറിക്കെതിരെ യൂത്ത് കോൺഗ്രസ് പരാതി
കുറ്റകൃത്യത്തിന് കൂട്ടുനിന്നതിന് ആനാവൂർ നാഗപ്പനെതിരെയും അന്വേഷണം നടത്തണമെന്ന് പരാതിയിലുണ്ട്.
തിരുവനന്തപുരം: വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കിയ എസ്.എഫ്.ഐ തിരുവനന്തപുരം മുൻ ജില്ലാ സെക്രട്ടറി അഡ്വ. ജെ.ജെ അഭിജിത്തിനെതിരെ യൂത്ത് കോൺഗ്രസ് പരാതി നൽകി.
പ്രായം കുറച്ചു കാണിക്കാൻ വ്യാജ ജനന സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കമ്മീഷണർക്കാണ് പരാതി നൽകിയത്. കുറ്റകൃത്യത്തിന് കൂട്ടുനിന്നതിന് ആനാവൂർ നാഗപ്പനെതിരെയും അന്വേഷണം നടത്തണമെന്ന് പരാതിയിലുണ്ട്.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നേമം സജീറാണ് പരാതി നൽകിയത്. ആനാവൂർ നാഗപ്പന്റെ നിർദേശപ്രകാരം എസ്.എഫ്.ഐ നേതാവാകാൻ യഥാർഥ പ്രായം ഒളിപ്പിച്ചുവച്ചെന്നായിരുന്നു അഭിജിത്തിന്റെ ആരോപണം. ഇയാളുടെ ശബ്ദസന്ദേശവും പുറത്തുവന്നിരുന്നു.
ഇതിനു പിന്നാലെയാണ് പരാതി നൽകിയത്. വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചതിൽ പ്രശ്നമൊന്നുമില്ല എന്ന് ആനാവൂർ നാഗപ്പൻ ശബ്ദ സന്ദേശത്തിൽ പറയുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നാഗപ്പനെതിരെയും അന്വേഷണം വേണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ജില്ലാ നേതാവാകാൻ ആനാവൂർ നാഗപ്പൻ പ്രായം കുറച്ചുപറയാൻ ആവശ്യപ്പെട്ടെന്നും ഇക്കാര്യം അറിയുന്ന വേറെയും നേതാക്കളുണ്ടെന്നും നിലവിൽ 30 വയസായിട്ടുണ്ടെങ്കിലും പുറത്തുപറയുന്ന പ്രായം അതല്ലെന്നും അഭിജിത്തിന്റെ ശബ്ദസന്ദേശത്തിൽ പറയുന്നു.
അതേസമയം, ജെ.ജെ അഭിജിത്ത് ഉന്നയിച്ച ആരോപണം തള്ളി സി.പി.എം ആനാവൂർ നാഗപ്പൻ രംഗത്തെത്തിയിരുന്നു. താൻ പറഞ്ഞു എന്ന് ആരെങ്കിലും പറഞ്ഞാൽ തനിക്ക് എന്തു ചെയ്യാനാവുമെന്നും ശബ്ദരേഖയെപ്പറ്റി അഭിജിത്തിനോട് തന്നെ ചോദിക്കണമെന്നും ആനാവൂർ പറഞ്ഞു.
അതേസമയം, വനിതാ പ്രവർത്തകയോട് മോശമായി പെരുമാറിയെന്ന പരാതിയെ തുടർന്ന് തിരുവനന്തപുരത്തെ മുൻ എസ്.എഫ്.ഐ നേതാവ് അഡ്വ. ജെ.ജെ അഭിജിത്തിനെ സി.പി.എം സസ്പെൻഡ് ചെയ്തിട്ടുണ്ട്. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് സസ്പെൻഡ് ചെയ്തത്.
Adjust Story Font
16