പി.സി ജോർജിൻ്റെ ലൗ ജിഹാദ് പരാമർശം: പരാതി നൽകി യൂത്ത് കോൺഗ്രസും യൂത്ത് ലീഗും ഫ്രറ്റേണിറ്റിയും
‘കേരളത്തിൽ ഒരു കേസ് പോലും ലൗ ജിഹാദിൻ്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടില്ല’

തൊടുപുഴ: പി.സി ജോർജിന്റെ ലൗ ജിഹാദ് പരാമർശത്തിൽ പരാതി നൽകി യൂത്ത് കോൺഗ്രസ്. തൊടുപുഴ നിയോജക മണ്ഡലം പ്രസിഡൻ്റ് ബിലാൽ സമദാണ് തൊടുപുഴ പൊലീസിൽ പരാതി നൽകിയത്.
പി.സി ജോർജ് നടത്തുന്നത് കള്ള പ്രചരാണമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി. കേരളത്തിൽ ഒരു കേസ് പോലും ലൗ ജിഹാദിൻ്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടില്ല. ഒരു മത വിഭാഗത്തെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണെന്നും പരാതിയിൽ പറയുന്നു.
പി സി ജോർജിൻ്റെ ലൗ ജിഹാദ് പരാമർശത്തിൽ യൂത്ത് ലീഗും പൊലീസിൽ പരാതി നൽകി. ഈരാറ്റുപേട്ട മുൻസിപ്പൽ കമ്മിറ്റിയാണ് പരാതി നൽകിയത്. പാലാ DYSP ഓഫീസിലാണ് പരാതി നൽകിയത്. ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശക്കേസിലെ ജാമ്യ വ്യവസ്ഥകൾ ജോർജ് ലംഘിച്ചെന്ന് പരാതിയിൽ പറയുന്നു. ഫ്രറ്റേണിറ്റിയും പരാതി നൽകിയിട്ടുണ്ട്. വംശീയ പ്രസ്താവനകൾ നിരന്തരം ആവർത്തിച്ച് മുസ്‌ലിം സമുദായത്തെ ഒന്നടങ്കം അവഹേളിക്കുന്ന പി.സി ജോർജിനെതിരെ കേസ് എടുക്കണമെന്നും നിലവിലുള്ള ജാമ്യം റദ്ദാക്കി അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡൻ്റ് അമീൻ റിയാസ് ഡിജിപിക്ക് പരാതി നൽകി. വംശീയ പരാമർശങ്ങൾ നടത്തരുതെന്ന ജാമ്യ വ്യവസ്ഥ ഉണ്ടായിരിക്കെ വീണ്ടും സമാനമായ പരാമർശങ്ങൾ നടത്തിയ പി.സി ജോർജിനെ ഇനിയും ജയിലിൽ അടക്കുന്നില്ലെങ്കിൽ ശക്തമായ പോരാട്ടങ്ങളിലേക്ക് കടക്കുമെന്നും റിയാസ് വ്യക്തമാക്കി.
യൂത്ത് കോൺഗ്രസിന്റെ പരാതിയുടെ പൂർണരൂപം:
സർ, പൂഞ്ഞാർ സ്വദേശിയും ബിജെപി നേതാവും ആയ മുൻ MLA പിസി ജോർജ് എന്ന വ്യക്തി കഴിഞ്ഞ കുറച്ച് നാളുകളായി വർഗീയ പ്രസ്‌താവനകൾ നടത്തുകയും കേസുകളിൽ പ്രതിചേർക്കപ്പെടുകയും ചെയ്യുന്ന ആളാണ്. ഇന്ന് 10/03/2025 മീഡിയ വൺ ചാനലിൽ വന്ന ടിയാൻ്റെ പ്രസംഗം ഗൗരവകരമാണ്.
"കേരളത്തിലെ മീനച്ചിൽ താലൂക്കിൽ തന്നെ 400 ഓളം വരുന്ന പെൺകുട്ടികളാണ് ലൗ ജിഹാദിന് ഇരയായി ഇരിക്കുന്നത് സൂക്ഷിക്കണം "എന്ന കള്ള പ്രസ്താവന നടത്തിയതായി പൊതുമാധ്യമമായ മീഡിയവൺ ചാനലിൽ കാണുകയുണ്ടായി.
ഇന്നുവരെ കേരളത്തിൽ ലൗ ജിഹാദ് പേരിൽ ഒരു കേസ് പോലും രജിസ്റ്റർ ചെയ്യാത്ത സാഹചര്യത്തിൽ മുൻ നിയമസഭാംഗവും നിയമത്തെക്കുറിച്ച് പരിജ്ഞാനവും ഉള്ള ടിയാൻ മതസ്പർദ്ധ വളർത്താനും മനപ്പൂർവമുള്ള കലാപത്തിനുള്ള ആഹ്വാനവുമാണ് നടത്തിയിരിക്കുന്നത്. കഴിഞ്ഞകാലങ്ങളിൽ നിരന്തരം ഇത്തരം പ്രസ്‌താവനകൾ നടത്തിയ ടിയാൻ കോടതി അലക്ഷ്യം നേരിടുന്ന ആളു കൂടിയാണ്. സമൂഹത്തിലെ ഇതര മതവിശ്വാസികളെ തമ്മിലടിപ്പിക്കാൻ മനപ്പൂർവ്വം നടത്തുന്ന ഇത്തരം പ്രസ്താവനകൾ ആവർത്തിക്കാതിരിക്കണമെങ്കിൽ ശക്തമായ നിയമനടപടികൾ ടിയാനെതിരെ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
മതസ്‌പർദ്ധ വളർത്തൽ, മനപ്പൂർവമുള്ള കലാപ ആഹ്വാനം, ഒരു മത വിഭാഗത്തെ സമൂഹത്തിൽ ഒറ്റപ്പെടുത്തൽ, മനപ്പൂർവ്വം കള്ളം പ്രചരിപ്പിക്കൽ എന്നീ വകുപ്പുകൾ ടിയാൻ എതിരെ എടുക്കണമെന്നും അഭ്യർത്ഥിക്കുന്നു.
Adjust Story Font
16