ഗാന്ധിജയന്തി ദിനത്തില്‍ ബി.ജെ.പിയുടെ ത്രിവർണ്ണ യാത്ര; ചാണകവെള്ളം തളിച്ച് യൂത്ത് കോൺഗ്രസിന്‍റെ ശുദ്ധികലശം
ഗാന്ധി ഘാതകർ ശബരി ആശ്രമത്തിൽ കയറിയതിനാലാണ് ചാണകവെള്ളം തളിച്ച് ശുദ്ധികലശം നടത്തുന്നതെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ
ഗാന്ധി ജയന്തി ദിനത്തിൽ ബി.ജെ.പി ത്രിവർണ്ണ യാത്ര തുടങ്ങിയ പാലക്കാട്ടെ ആശ്രമത്തിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം. പാലക്കാട് അകത്തേത്തറ ശബരി ആശ്രമത്തില്‍ ചാണകവെള്ളം തളിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. ഗാന്ധി ഘാതകർ ശബരി ആശ്രമത്തിൽ കയറിയതിനാലാണ് ശുദ്ധികലശം നടത്തുന്നതെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. ഇന്നലെ കെ സുരേന്ദ്രൻറെ നേതൃത്വത്തിലാണ് ശബരി ആശ്രമത്തിൽ നിന്നും ത്രിവർണ്ണ യാത്ര ആരംഭിച്ചത്.
ഇന്നലെ എ.ഐ.സി.സി പ്രസിഡന്‍റായിരുന്ന ചേറ്റൂർ ശങ്കരൻ നായരുടെ കല്ലറയിലും ബി.ജെ.പി പ്രവര്‍ത്തകര്‍ പുഷ്പാർച്ചന നടത്തിയിരുന്നു. കോൺഗ്രസുകാർ ചേറ്റൂരിനെ മറന്നതിനാലാണ് ബി.ജെ.പി അദ്ദേഹത്തെ ഓർത്തതെന്നായിരുന്നു സംസ്ഥാന പ്രസിഡന്‍റ് സുരേന്ദ്രൻറെ പ്രതികരണം. അതേസമയം സ്വാതന്ത്ര്യസമര സേനാനികൾ ഇല്ലാത്തതിനാലാണ് സംഘ്പരിവാർ കോൺഗ്രസ് നേതാക്കളുടെ ശവക്കല്ലറകളിൽ എത്തുന്നതെന്ന് വി.കെ ശ്രീകണ്ഠൻ എം.പി കുറ്റപെടുത്തി.
പാലക്കാട് മങ്കരയില്‍ സ്ഥിതി ചെയ്യുന്ന ചേറ്റൂർ ശങ്കരൻ നായരുടെ സ്മൃതിമണ്ഡത്തിലാണ് കെ.സുരേന്ദ്രനും, ബി.ജെ.പി നേതാക്കളും പുഷ്പാർച്ചന നടത്തിയത്. അതേസമയം പട്ടേൽ തങ്ങളുടെതാണെന്ന് വാദിക്കുന്ന ബി.ജെ.പി എല്ലാ സ്വാതന്ത്ര്യ സമര സേനാനികളെയും തങ്ങളുടേതാക്കി മാറ്റാൻ ശ്രമിക്കുകയാണെന്ന് കോൺഗ്രസ് നേതാവായ വി.കെ ശ്രീകണ്ഠൻ എം.പി കുറ്റപെടുത്തി. റെയിൽവേ സ്ഥലം വിട്ടു നൽകാത്തതിനലാണ് ചേറ്റൂരിന്‍റെ സ്മൃതി മണ്ഡപത്തിലേക്ക് വഴി നിർമ്മിക്കാൻ കഴിയാത്തതെന്നും കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തി സ്ഥലം ലഭ്യമാക്കാൻ സുരേന്ദ്രൻ ശ്രമിക്കണമെന്നും വി.കെ ശ്രീകണ്ഠൻ പറഞ്ഞു. സ്ഥലം ലഭിച്ചാൽ എം.പി ഫണ്ട് ഉപയോഗിച്ച് പാടത്തിന് മുകളിലൂടെ പാലം നിർമ്മിക്കുമെന്നും വി.കെ ശ്രീകണ്ഠൻ എം.പി പറഞ്ഞു
Adjust Story Font
16