ശബരിമല: ദേവസ്വം ബോർഡ് ആസ്ഥാനത്തേക്ക് യൂത്ത് കോൺഗ്രസ് മാര്‍ച്ച്; പാർലമെന്‍റിനു മുന്നില്‍ യു.ഡി.എഫ് എം.പിമാരുടെ പ്രതിഷേധം
ശബരിമലയിലെ അനിയന്ത്രിതമായ തിരക്ക് നിയന്ത്രിക്കാൻ വേണ്ട ഇടപെടലുകൾ നടത്താത്ത ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്തും മുഖ്യമന്ത്രിയും രാജിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം
തിരുവനന്തപുരം/ന്യൂഡല്‍ഹി: ശബരിമലയിലെ ക്രമീകരണങ്ങൾ ഒരുക്കുന്നതിൽ ദേവസ്വം ബോർഡ് പരാജയപ്പെട്ടെന്ന് ആരോപിച്ച് ബോർഡ് ആസ്ഥാനത്തേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധം. ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ ഓഫീസിലേക്ക് തള്ളിക്കയറാൻ പ്രവർത്തകർ ശ്രമിച്ചു. പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് എം.പിമാർ ഡൽഹിയിലും പ്രതിഷേധിച്ചു.
ശബരിമലയിലെ അനിയന്ത്രിതമായ തിരക്ക് നിയന്ത്രിക്കാൻ വേണ്ട ഇടപെടലുകൾ നടത്താത്ത ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്തും മുഖ്യമന്ത്രി പിണറായി വിജയനും രാജിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പ്രത്യേക ബോർഡ് യോഗം നടക്കുന്നതിനിടെ പ്രസിഡന്റിന്റെ ചേംബറിലേക്ക് തള്ളിക്കയറാൻ പ്രവർത്തകർ ശ്രമിച്ചു. പ്രധാന വാതിൽ പൊലീസ് പൂട്ടിയതോടെ പ്രവർത്തകർ ദേവസ്വം കമ്മീഷണറുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
തീർത്ഥാടകർക്ക് വേണ്ട സൗകര്യം ഒരുക്കിയില്ലെങ്കിൽ പ്രതിഷേധം ഇനിയും ശക്തമാക്കുമെന്ന് യൂത്ത് കോൺഗ്രസ് വ്യക്തമാക്കി. ശബരിമലയിലെ തിരക്കിൻ്റെ കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
പാർലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിലായിരുന്നു യു.ഡി.എഫ് എം.പിമാരുടെ പ്രതിഷേധം. തീർഥാടകർ നേരിടുന്ന പ്രതിസന്ധി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ടി.എൻ പ്രതാപൻ എം.പി ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടീസും നൽകി. ഭക്തരുടെ ദുരിതം എൻ.കെ പ്രേമചന്ദ്രൻ എം.പി ലോക്സഭയിൽ അവതരിപ്പിച്ചു. സംസ്ഥാന പൊലീസും ദേവസ്വം ബോർഡും പരാജയപ്പെട്ടതായി അദ്ദേഹം ആരോപിച്ചു. ആന്‍റോ ആന്‍റണി എം.പിയും സഭയിൽ ശബരിമല വിഷയം ഉന്നയിച്ചു.
Summary: Youth Congress protests at the board headquarters alleging that the Devaswom Board has failed to make arrangements at Sabarimala. UDF MPs also protested in Delhi, demanding a solution to the problem
Adjust Story Font
16