Quantcast

താനൂരിൽ മത്സ്യബന്ധന തോണി മറിഞ്ഞ് കാണാതായ യുവാവ് മരിച്ചു

മറ്റ് രണ്ടുപേരും നീന്തി രക്ഷപെട്ടെങ്കിലും റിസ്‌വാൻ തിരയിൽപ്പെടുകയായിരുന്നു.

MediaOne Logo

Web Desk

  • Published:

    9 Dec 2023 6:36 AM

youth died who went missing after fishing boat overturned in Tanur
X

മലപ്പുറം: താനൂരിൽ മത്സ്യബന്ധന തോണി മറിഞ്ഞ് കാണാതായ യുവാവ് മരിച്ചു. ഫക്കീർ പള്ളി സ്വദേശി മുഹമ്മദ്‌ റിസ്‌വാനാണ് മരിച്ചത്. ഒട്ടുമ്പുറം തൂവൽ തീരത്താണ് തോണി മറിഞ്ഞത്.

മത്സ്യബന്ധനത്തിന് പോയി തിരിച്ചുവരവെ രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം. റിസ്‌വാനൊപ്പം പിതൃസഹോദരൻ മജീദ്, കുഞ്ഞുമോൻ എന്ന മറ്റൊരാൾ എന്നിവരാണ് തോണിയിലുണ്ടായിരുന്നത്.

ഒട്ടുമ്പുറത്ത് പുഴയിലേക്ക് കയറുന്ന ഭാഗത്തുവച്ച് അമിതമായ തിരമാലയിൽപ്പെട്ട് തോണി മറിയുകയായിരുന്നു. മറ്റ് രണ്ടുപേരും നീന്തി രക്ഷപെട്ടെങ്കിലും റിസ്‌വാൻ തിരയിൽപ്പെടുകയായിരുന്നു.

രക്ഷപെട്ടവർ വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാരും കോസ്റ്റൽ പൊലീസും സന്നദ്ധപ്രവർത്തകരുൾപ്പെടെയുള്ളവർ നടത്തിയ തെരച്ചിലിൽ പത്തേമുക്കാലോടെയാണ് റിസ്‌വാനെ കണ്ടെത്തിയത്.

ആദ്യം താനൂരിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലും പിന്നീട് തിരൂർ ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.

TAGS :

Next Story