Quantcast

പന്തിരിക്കര കൊലപാതകം; വിദേശത്തുള്ള പ്രതികളെ ഇന്റർപോളിന്റെ സഹായത്തോടെ നാട്ടിലെത്തിക്കും

മൂന്ന് പേർക്ക് കൂടി ലുക്കൗട്ട് നോട്ടീസ്

MediaOne Logo

Web Desk

  • Published:

    7 Aug 2022 1:20 AM GMT

പന്തിരിക്കര കൊലപാതകം; വിദേശത്തുള്ള പ്രതികളെ  ഇന്റർപോളിന്റെ സഹായത്തോടെ നാട്ടിലെത്തിക്കും
X

കോഴിക്കോട്: പന്തിരിക്കരയിൽ സ്വര്‍ണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർക്ക് കൂടി ലുക്കൗട്ട് നോട്ടീസ്. താമരശ്ശേരി സ്വദേശി യുനൈസ്, വയനാട് സ്വദേശി ഷാനവാസ്, ഷംനാദ് എന്നിവരെ കണ്ടെത്താനാണ് ലുക്കൗട്ട് നോട്ടീസ്. ഇതിൽ ഷംനാദ് വിദേശത്താണ്. സ്വാലിഹ്, ഷംനാദ് എന്നിവർക്കെതിരെ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിക്കാൻ പൊലീസ് നടപടി തുടങ്ങി.

പൊലീസിന്റെ അപേക്ഷ കേന്ദ്ര ആഭ്യന്തര വകുപ്പിന് കൈമാറും.ഇവരെ ഇൻറർപോളിന്റെ സഹായത്തോടെ നാട്ടിലെത്തിക്കാനാണ് ശ്രമം. കേസിൽ അറസ്റ്റിലായ മുർഷിദിനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് നാളെ കോടതിയിൽ അപേക്ഷ സമർപ്പിക്കും.

കൊല്ലപ്പെട്ട ഇർഷാദിന്റെ കുടുംബത്തെ മുഖ്യപ്രതി സ്വാലിഹ് ഭീഷണപ്പെടുത്തുന്ന ഓഡിയോ സന്ദേശം കഴിഞ്ഞദിവസം പുറത്ത് വന്നിരുന്നു. വീടിന് മുന്നിൽ ഇർഷാദിന്റെ മൃതദേഹം കൊണ്ടിടുമെന്നായിരുന്നു ഭീഷണി. ഇർഷാദിനെ തട്ടിക്കൊണ്ടു പോയ ശേഷമാണ് സ്വാലിഹ് ഭീഷണി സന്ദേശമയച്ചത്. സ്വാലിഹ് വിദേശത്തേക്ക് പോയത് ഇർഷാദിൻ്റെ മരണം ഉറപ്പാക്കിയതിന് ശേഷമാണെന്നാണ് പൊലീസ് നിഗമനം.

അതിനിടെ, ജൂലൈ 15ന് ഒരാൾ പുഴയിൽ ചാടുന്നത് കണ്ടുവെന്ന് കേസിലെ ദൃക്‌സാക്ഷി വെളിപ്പെടുത്തിയിരുന്നു. പുഴയിൽ ചാടിയ യുവാവ് നീന്തിപ്പോയെന്നും മുങ്ങി താഴ്ന്നില്ലെന്നുമാണ് വെളിപ്പെടുത്തല്‍. ഈ സമയം പാലത്തിന് മുകളിൽ നിന്ന് കുറച്ചുപേർ കള്ളൻ എന്നു വിളിച്ചു പറയുന്നുണ്ടായിരുന്നുവെന്നും ദൃക്‌സാക്ഷിയായ കമലം മീഡിയവണിനോട് പറഞ്ഞിരുന്നു. കമലത്തിൽ നിന്ന് പൊലീസ് മൊഴിയെടുത്തിരുന്നു.

ഇർഷാദിന്‍റെ കൈവശം കൊടുത്തയച്ച സ്വർണ്ണം കൈമാറാതിരുന്നതാണ് തട്ടിക്കൊണ്ടുപോകലിലേക്ക് നയിച്ചത്. ഇർഷാദിനെ അപായപ്പെടുത്തിയതിന് ശേഷം പുഴയിലെറിഞ്ഞതാണെന്നാണ് ബന്ധുക്കളുടെ ആരോപണം.

TAGS :

Next Story