വീട്ടുമുറ്റത്തേക്ക് തുപ്പിയതിന് വീട് കയറി ആക്രമിച്ചു; യുവാവിന് 23 വര്‍ഷം തടവും പിഴയും
2019 ൽ നടന്ന സംഭവത്തിൽ 15,500 രൂപ പിഴയുമടക്കണം
മഞ്ചേരി: പട്ടികജാതിക്കാരിയായ വീട്ടമ്മയെ വീടുകയറി മര്‍ദ്ദിക്കുകയും മാനഹാനി വരുത്തുകയും ചെയ്ത യുവാവിന് മഞ്ചേരി എസ്.സി/ എസ്. ടി സ്‌പെഷ്യല്‍ കോടതി 23 വര്‍ഷവും ഒരു മാസവും തടവും 15,500 രൂപ പിഴയും ശിക്ഷ വിധിച്ചു.
തിരൂര്‍ തലക്കടത്തൂര്‍ പിഎച്ച് റോഡില്‍ പന്ത്രേളി പി.ആര്‍ പ്രസാദ് എന്ന രാജേന്ദ്ര പ്രസാദിനെയാണ് (30) ജഡ്ജ് എം.പി. ജയാരാജ് ശിക്ഷിച്ചത്. മാനഹാനി വരുത്തിയതിന് മൂന്ന് വകുപ്പുകളിലാണ് ശിക്ഷ. ഏഴു വര്‍ഷം തടവ് 5000 രൂപ പിഴ, അഞ്ചു വര്‍ഷം തടവ് 3000 രൂപ പിഴ, മൂന്ന് വര്‍ഷം തടവ് 2000 രൂപ പിഴ എന്നിങ്ങനെയാണിത്.
വീട്ടില്‍ അതിക്രമിച്ചു കയറിയതിന് രണ്ടു വര്‍ഷം തടവ്, 2000 രൂപ പിഴ. തടഞ്ഞു വെച്ചതിന് ഒരു മാസം തടവ്, 500 രൂപ പിഴ. കൈകൊണ്ടടിച്ചതിന് ഒരു വര്‍ഷം തടവ് 1000 രൂപ പിഴ. ഭീഷണിപ്പെടുത്തിയതിന് മൂന്ന് വര്‍ഷം തടവ് 2000 രൂപ പിഴ എന്നിങ്ങനെയാണ് ശിക്ഷ. ഇതിനു പുറമെ എസ്.സി. എസ്. ടി ആക്ടിലെ രണ്ടു വകുപ്പുകളില്‍ ഓരോ വര്‍ഷം വീതം തടവ് ശിക്ഷയുമുണ്ട്. തടവ് ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി.
2019 സെപ്റ്റംബര്‍ 25ന് ഉച്ചക്ക് രണ്ടിന് തിരൂര്‍ തലക്കടത്തൂരിലാണ് കേസിന്നാസ്പദമായ സംഭവം. വീട്ടമ്മ സ്വന്തം വീട്ടുമുറ്റത്തേക്ക് തുപ്പിയത് പ്രതിയെ അപമാനിക്കുന്നതിനാണെന്ന് ആരോപിച്ചായിരുന്നു അക്രമം. പരാതിക്കാരിയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ പ്രസാദ് ദേഹോപദ്രവമേല്‍പ്പിക്കുകയും അസഭ്യം പറയുകയും വസ്ത്രം വലിച്ചുകീറി അപമാനിച്ചുവെന്നായിരുന്നു കേസ്.
Adjust Story Font
16