Quantcast

അർധരാത്രി കൊച്ചിയിലെ താമസസ്ഥലത്തെത്തി, വാതിൽ ചവിട്ടിപ്പൊളിച്ച് പൊലീസ്; ലൈവിൽ 'തൊപ്പി'

വീട്ടിൽ വന്നു വാതിൽ ചവിട്ടിപ്പൊളിക്കേണ്ട ആവശ്യമൊന്നുമില്ലെന്നും പൊലീസ് വിളിച്ചപ്പോള്‍ സ്‌റ്റേഷനിൽ ഹാജരാകാമെന്ന് അറിയിച്ചതാണെന്നും ലൈവിൽ നിഹാദ് പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2023-06-23 05:25:28.0

Published:

23 Jun 2023 2:30 AM GMT

Muhammad Nihad Toppi police custody, Toppi custody, Toppi arrest, Toppi case, Muhammad Nihad, Thoppi,
X

കൊച്ചി: പൊതുവേദിയില്‍ അശ്ലീല പദപ്രയോഗം നടത്തിയെന്ന കേസിൽ ഗെയിമറും യൂട്യൂബറുമായ 'തൊപ്പി' എന്ന മുഹമ്മദ് നിഹാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തത് ഇന്നലെ അർധരാത്രി കൊച്ചിയിലെത്തി. ഇവിടെ സുഹൃത്തിന്റെ താമസസ്ഥലത്ത് കഴിയുകയായിരുന്നു നിഹാദ്. മുറിയുടെ വാതിൽ ചവിട്ടിപ്പൊളിച്ചായിരുന്നു പൊലീസ് യുവാവിനെ പുറത്തിറക്കിയത്.

പൊലീസ് എത്തിയതോടെ തൊപ്പി ഗെയിം സ്ട്രീമിങ് പ്ലാറ്റ്‍ഫോമായ 'ലോക്കോ'യിലൂടെ തത്സമയം സംപ്രേഷണം ആരംഭിച്ചു. പൊലീസാണെന്നു പറഞ്ഞ് ആരോ വാതിൽ തുറക്കാൻ ആവശ്യപ്പെടുന്നുണ്ടെന്ന് ലൈവിൽ യുവാവ് പറഞ്ഞു. ആദ്യം വന്ന് പൊലീസ് വാതിൽ ചവിട്ടിത്തുറക്കാൻ ശ്രമിച്ചു. എന്നാൽ, അകത്തുനിന്ന് ശ്രമിച്ചിട്ടും വാതിൽ തുറക്കാനാകുന്നില്ലെന്ന് നിഹാദ് അറിയിച്ചു. തുടര്‍ന്ന് താക്കോൽ പൊലീസിനു നൽകി പുറത്തുനിന്ന് വാതിൽ തുറക്കാൻ ആവശ്യപ്പെടുകയായിരുന്നു.

പൊലീസാണോ ഗുണ്ടകളാണോ എന്ന് അറിയില്ലെന്നും കുറച്ചുനേരമായി വാതിൽ ചവിട്ടിത്തുറക്കാൻ ശ്രമിക്കുന്നുണ്ടെന്നും ഇദ്ദേഹം ലൈവിൽ അറിയിച്ചു. ഇങ്ങനെ വീട്ടിൽ വന്നു വാതിൽ ചവിട്ടിപ്പൊളിക്കേണ്ട ആവശ്യമൊന്നുമില്ല. കുറച്ചുമുൻപ് പൊലീസ് വിളിച്ചപ്പോൾ അടുത്ത ദിവസം സ്‌റ്റേഷനിൽ ഹാജരാകാമെന്ന് അറിയിച്ചതാണെന്നും നിഹാദ് പറഞ്ഞു.

ഈ സമയത്ത് വന്ന് അറസ്റ്റ് ചെയ്യുന്നത് വാർത്ത സൃഷ്ടിക്കാനാണെന്നും യുവാവ് ആരോപിച്ചു. രാഷ്ട്രീയക്കാരുടെ ഒരുപാട് കേസുകൾ നിലവിലുണ്ട്. അതെല്ലാം മുക്കാനാണ് ഇതെന്നും നിഹാദ് കുറ്റപ്പെടുത്തി.

കഴിഞ്ഞയാഴ്ച മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിൽ വസ്ത്രക്കടയുടെ ഉദ്ഘാടനത്തിനെത്തിയപ്പോഴായിരുന്നു വിവാദ പരാമർശം. അശ്ലീല പദപ്രയോഗം നടത്തിയതിനു പുറമെ ഗതാഗതതടസം സൃഷ്ടിച്ചെന്നും കേസുണ്ട്. കടയുടമയ്‌ക്കെതിരെയും കേസെടുത്തിട്ടുണ്ട്. വളാഞ്ചേരി പൈങ്കണ്ണൂർ പാണ്ടികശാല സ്വദേശിയും സന്നദ്ധപ്രവർത്തകനുമായ സെയ്ഫുദ്ദീൻ പാടത്തും എ.ഐ.വൈ.എഫ് നേതാവ് മുർശിദുൽ ഹഖും നൽകിയ പരാതികളിലാണ് നടപടി.

ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതതടസം സൃഷ്ടിച്ചു, ഉച്ചത്തിൽ തെറിപ്പാട്ട് പാടി ഉൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പരാതി.

Summary: Youtuber Muhammad Nihad alias 'Toppi' was taken into custody by the police from his residence in Kochi today at midnight

TAGS :

Next Story