സിക്ക വൈറസ്: സ്ഥിതി വിലയിരുത്താൻ കേന്ദ്ര സംഘമെത്തും
രോഗബാധ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ സംഘം പരിശോധന നടത്തും
സിക്ക വൈറസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സ്ഥിതി വിലയിരുത്താൻ കേന്ദ്ര സംഘം സംസ്ഥാനത്ത് എത്തും. രോഗബാധ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ സംഘം പരിശോധന നടത്തും. കഴിഞ്ഞ ദിവസം അയച്ച 17 സാമ്പിളുകളുടെ ഫലം കൂടി വരാനുണ്ട്.
തിരുവനന്തപുരത്ത് 15 പേർക്ക് സിക്ക വൈറസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് കേന്ദ്രം ആറംഗ വിദഗ്ധ സംഘത്തെ അയക്കുന്നത്. രോഗം സ്ഥിരീകരിച്ച നഗരസഭാ പരിധിയിലെ പ്രദേശങ്ങളിലും പാറശാലയിലും സംഘം സന്ദർശിക്കും. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും . നേരത്തെ രോഗം സ്ഥിരീകരിച്ച യുവതി താമസിച്ചിരുന്ന നന്തൻകോട് നിന്നും സ്വദേശമായ പാറശാലയിൽ നിന്നുമുൾപ്പെടെ ശേഖരിച്ച 17 സാംപിളുകളുടെ ഫലം ലഭിക്കാനുണ്ട്. കൂടുതൽ പേർക്ക് രോഗമുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്‍റെ നിഗമനം. അതിനാൽ പരമാവധി സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്താനാണ് തീരുമാനം.
സിക്കയുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് ജില്ലാ ഭരണകൂടവും പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി. വാർഡ്തല സമിതിയുടെ നേതൃത്വത്തിൽ കൊതുക് നശീകരണത്തിനുള്ള നടപടി സ്വീകരിക്കാനാണ് നിർദേശം. പനി ക്ലിനിക്കുകൾ ശക്തമാക്കാനും തീരുമാനിച്ചു.
Adjust Story Font
16