സുബൈറിന്റെ കൊലപാതകം സഞ്ജിത്ത് വധത്തിന്റെ പ്രതികാരം; പ്രതി രമേശ് സഞ്ജിത്തിന്‍റെ സുഹൃത്ത്
കൊലപാതകം ആസൂത്രണം ചെയ്തതും രമേശാണെന്ന് പൊലീസ്
പാലക്കാട്: എലപ്പുള്ളിയിലെ പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകം സഞ്ജിത്തിന്റെ വധത്തിലെ പ്രതികാരമെന്ന് എ.ഡി.ജിപി വിജയ്‌സാഖറെ. കൊലപാതകം ആസൂത്രണം ചെയ്തതത് രമേശാണ്. കൊല്ലപ്പെട്ട സഞ്ജിത്തിന്റെ സുഹൃത്താണ് രമേശ്. അറസ്റ്റിലായ രമേശ് , അറുമുഖൻ , ശരവണൻ എന്നിവര്‍ ആർ.എസ്.എസ് പ്രവർത്തകരാണെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ കാരണം സുബൈർ ആണെന്ന് സഞ്ജിത്ത് രമേശിനോട് പറഞ്ഞിരുന്നു. നേരത്തേയും പ്രതികൾ കൊല നടത്താനുള്ള ശ്രമം നടത്തിയിട്ടുണ്ട്. സംഭവത്തില്‍ ഗൂഡാലോചനയും അന്വേഷിക്കുന്നുണ്ടെന്നും പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്നും വിജയ് സാഖറെ പറഞ്ഞു.
വിഷുവിന് ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് പാലക്കാട് എലപ്പുള്ളിയിൽ പോപ്പുലർ ഫ്രണ്ട് എലപ്പുള്ളി പാറ ഏരിയാ പ്രസിഡന്റ് കുത്തിയതോട് സ്വദേശി സുബൈറിനെ(47) അക്രമിസംഘം പട്ടാപ്പകൽ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തിയത്. ജുമുഅ നമസ്‌കാരം കഴിഞ്ഞ് പിതാവിനൊപ്പം മടങ്ങുംവഴി രണ്ടു കാറുകളിലെത്തിയ സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
സുബൈറിനെ ഇടിച്ചിട്ട കാർ കൊല്ലപ്പെട്ട സഞ്ജിത്തിന്റെതാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. എന്നാൽ ഈ കാർ സഞ്ജിത്ത് കൊല്ലപ്പെടുന്നതിന് ഒന്നരമാസം മുമ്പ് വർക് ഷോപ്പിൽ കൊടുത്തതാണെന്ന് പിന്നീട് വാങ്ങിയില്ലെന്നുംസഞ്ജിത്തിന്റെ ഭാര്യയും പിതാവും പറഞ്ഞിരുന്നു. എങ്ങനെയാണ് കാർ അവിടെയെത്തിയത് എന്ന് അറിയില്ലെന്നും സഞ്ജിത്തിന്റെ കുടുംബം വ്യക്തമാക്കിയിരുന്നു.
സുബൈറിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ആർ.എസ്.എസ് പ്രവർത്തകനായ ശ്രീനിവാസൻ കൊല്ലപ്പെടുന്നത്.ശ്രീനിവാസന്റെ കൊലപാതകത്തിലെ പ്രതികളെ മുഴുവൻ തിരിച്ചറിഞ്ഞതായും വിജയ് സാഖറെ മാധ്യമങ്ങളോട് പറഞ്ഞു.
Adjust Story Font
16