ജലന്ധര്‍ ബിഷപ്പിനെ പ്രതിരോധത്തിലാക്കി ഡ്രൈവറുടെ മൊഴി
ജലന്തര്‍ ബിഷപ്പിന് എതിരായ പരാതിയില്‍ ബിഷപ്പിന്റെ സഹോദരന്റെയും ഡ്രൈവറെയും മൊഴി പൊലീസ് രേഖപ്പെടുത്തി
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പ്രതിരോധത്തിലാക്കി ഡ്രൈവറുടെ മൊഴി. ബിഷപ്പ് നിരവധി തവണ കുറവിലങ്ങാട്ടെ മീത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നുവെന്ന് ഡ്രൈവര്‍ നാസര്‍ മൊഴി നല്‍കി. ബിഷപ്പിന്റെ സഹോദരന്റെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി. അതേസമയം ഫാദര്‍ ജെയിസ് എര്‍ത്തയില്‍ സ്വാധീനിക്കാന്‍ ശ്രമിച്ച കേസില്‍ കന്യാസ്ത്രീയുടെ സഹപ്രവര്‍ത്തകയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി.
ബിഷപ്പിന്റെ ഡ്രൈവറായ ഗൂഡല്ലൂര്‍ സ്വദേശി നാസറാണ് കേസില്‍ ബിഷപ്പിനെതിരെ നിര്‍ണ്ണായക മൊഴി നല്‍കിയത്. 2006 മുതല്‍ ഇയാള്‍ ബിഷപ്പിന്റെ ഡ്രൈവറാണ്. ഫ്രാങ്കോ മുളയ്ക്കല്‍ പരാതിക്കാരിയായ കന്യാസ്ത്രീ താമസിക്കുന്ന മീത്തില്‍ നിരവധി തവണ സന്ദര്‍ശനം നടത്തിയെന്നും മീത്തില്‍ താമസിക്കുന്നതിന് ബിഷപ്പിന് പ്രത്യേക സൗകര്യങ്ങള്‍ ഉണ്ടായിരുന്നതായും നാസര്‍ മൊഴി നല്‍കിയിട്ടുണ്ട്. ബിഷപ്പിന്റെ സഹോദരന്‍ ഫിലിപ്പിന്റെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി.
ഫാദര്‍ ജെയിംസ് എര്‍ത്തയില്‍ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹപ്രവര്‍ത്തകയുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി. ഫോണ്‍ ശബ്ദരേഖയടക്കമുള്ള തെളിവുകളും പൊലീസ് ശേഖരിച്ചു. അതേ സമയം നാളെ ഡിജിപി കോട്ടയത്തെത്തി അന്വേഷണ പുരോഗതി വിലയിരുത്തും. കോട്ടയം എസ്പി, അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി എന്നിവരുമായി ഡിജിപി കൂടിക്കാഴ്ച നടത്തും. ഇതിനു ശേഷം മാത്രമേ ജലന്തറിലേക്ക് പോകുന്ന സമയം നിശ്ചയിക്കൂ.
Adjust Story Font
16