Quantcast

മഴക്കെടുതി: കുട്ടനാട്ടില്‍ 1000കോടിയുടെ നഷ്ടമെന്ന് വിലയിരുത്തല്‍

മട കുത്തുന്നതിൽ വീഴ്ച്ച വരുത്തുന്ന പാടശേഖര സമിതി ഭാരവാഹികളെ പിരിച്ചുവിടുന്നതടക്കമുള്ള നടപടികളിലേക്ക് സർക്കാർ കടക്കുമെന്ന് മന്ത്രി ജി.സുധാകരൻ വ്യക്തമാക്കി. 

MediaOne Logo

Web Desk

  • Published:

    5 Aug 2018 8:31 AM GMT

മഴക്കെടുതി: കുട്ടനാട്ടില്‍ 1000കോടിയുടെ നഷ്ടമെന്ന് വിലയിരുത്തല്‍
X

കുട്ടനാട്ടില്‍ മഴക്കെടുതിയില്‍ ആയിരം കോടിയുടെ നഷ്ടമുണ്ടായാതായി അവലോകന യോഗത്തില്‍ വിലയിരുത്തല്‍. കുട്ടനാട് പാക്കേജ് പുനരുജ്ജീവിപ്പിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടാനും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ദുരിതബാധിത മേഖലകളില്‍ എല്ലാ വകുപ്പുകളും ഒരു സ്പെഷ്യൽ ഓഫീസറെ നിയമിക്കണമെന്ന് മുഖ്യമന്ത്രി യോഗത്തിൽ നിര്‍ദേശിച്ചു.

റോഡുകൾ തകർന്നതും, കൃഷി നാശവും, വീടുകളും സാധനങ്ങളും നഷ്ടപ്പെട്ടതും എല്ലാം ചേർത്താണ് 1000 കോടി രൂപയുടെ നഷ്ടം ആലപ്പുഴ ജില്ലയിൽ ഉണ്ടായെന്ന വിലയിരുത്തലിലേക്ക് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗം എത്തിയത്. മട വീണ് കൃഷിയിടങ്ങൾ പൂർണ്ണമായി നശിച്ച കുട്ടനാടാണ് ഏറ്റവും അധികം നാശനഷ്ടം ഉണ്ടായത്. കുട്ടനാട് പാക്കേജ് പുനരുജീവിപ്പിക്കാൻ സർക്കാർ മുൻകൈ എടുക്കാനും യോഗത്തിൽ തീരുമാനമായി. ദുരിത പെയ്ത്തിൽ മടവീണിടത്ത് മട കുത്തി നിർത്താൻ എത്രയും പെട്ടന്ന് നടപടിയെടുക്കും. ഇതിനായി 20% തുക പാടശേഖര സമിതികൾക്ക് നൽകിയിട്ടുണ്ട്.

മട കുത്തുന്നതിൽ വീഴ്ച്ച വരുത്തുന്ന പാടശേഖര സമിതി ഭാരവാഹികളെ പിരിച്ചുവിടുന്നതടക്കമുള്ള നടപടികളിലേക്ക് സർക്കാർ കടക്കുമെന്ന് മന്ത്രി ജി.സുധാകരൻ വ്യക്തമാക്കി. ദുരന്തബാധിത പ്രദേശത്ത് എല്ലാ വകുപ്പുകളും ഒരു സ്പെഷ്യൽ ഓഫീസറെ നിയോഗിക്കണമെന്ന് മുഖ്യമന്ത്രി യോഗത്തിൽ ആവശ്യപ്പെട്ടു. പ്രതിപക്ഷം ബഹിഷ്കരിച്ച അവലോകന യോഗത്തിൽ മന്ത്രിമാരും ജില്ലയിലെ ജനപ്രതിനിധികളും പങ്കെടുത്തു.

അതേസമയം കനത്ത മഴ ഏറ്റവും കൂടുതല്‍ നാശം വിതച്ച കുട്ടനാട് മേഖല മുഖ്യമന്ത്രി സന്ദര്‍ശിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ആലപ്പുഴയിലെ അവലോകന യോഗം ബഹിഷ്കരിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എംഎല്‍എമാരും യോഗത്തില്‍ പങ്കെടുത്തില്ല. യോഗം പ്രഹസനമായിരുന്നുവെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. എന്നാല്‍ പ്രതിപക്ഷത്തിന്റെ നടപടി രാഷ്ട്രീയ പാപ്പരത്തമാണെന്ന് മന്ത്രി ജി സുധാകരനും, തീരുമാനം തെറ്റായിപ്പോയെന്ന് തോമസ് ഐസകും പ്രതികരിച്ചു.

TAGS :

Next Story