നല്ല ഒന്നാന്തരം പപ്പടം വീട്ടിലുണ്ടാക്കാം; എങ്ങനെ?
വീട്ടാവശ്യങ്ങൾക്കുള്ള പപ്പടം സാധാരണ കടയിൽനിന്നു വാങ്ങിക്കുകയാണ് മലയാളിയുടെ പതിവ്
ഓണം വരികയാണ്. സദ്യവട്ടത്തിനുള്ള ഒരുക്കം തുടങ്ങും മുമ്പെ മലയാളികളുടെ അന്വേഷണത്തിലുള്ള വിഭവമാണ് പപ്പടം. തൂശനിലയുടെ ഒരുവശത്ത് പപ്പടം എത്ര വലുതാണോ അത്രയും ജോറായി സദ്യ. വീട്ടാവശ്യങ്ങൾക്കുള്ള പപ്പടം സാധാരണ കടയിൽനിന്നു വാങ്ങിക്കുകയാണ് മലയാളിയുടെ പതിവ്. എന്നാൽ മനസ്സുവച്ചാൽ നമുക്കും നല്ല ഒന്നാന്തരം പപ്പടം വീട്ടിലുണ്ടാക്കാം, അതും ചെറിയ ചെലവിൽ.
ഉഴുന്നു പരിപ്പ്, അപ്പക്കാരം, പെരുംകായം, ഉപ്പ് എന്നിവയാണ് പപ്പടം ഉണ്ടാക്കുന്നതിന് ആവശ്യമായ വസ്തുക്കൾ. ഒരു കിലോ ഉഴുന്നു പരിപ്പിന് 35 ഗ്രാം അപ്പക്കാരവും ഒരു ടീസ്പൂൺ പെരുംകായവും മതി. ഉപ്പ് പാകത്തിന്.
ഉഴുന്നുപരിപ്പ് നന്നായി പൊടിച്ചെടുക്കുകയാണ് ആദ്യം വേണ്ടത്. അതിലേക്ക് ഉപ്പ്, അപ്പക്കാരം, പെരുംകായം എന്നിവ ചേർക്കുക. വെള്ളം കുറച്ച് ചേർത്ത് ഈ മാവ് അൽപ്പനേരം നല്ല കട്ടിയിൽ നന്നായി കുഴച്ചെടുക്കുക.
കുഴച്ചതിന് ശേഷം 10- 12 ഗ്രാം വരുന്ന ചെറിയ ഉരുളകളായി ഉരുട്ടിയെടുത്ത് ഇത് 7 സെ.മി വ്യാസത്തിൽ പരത്തിയെടുക്കുക. പരത്തിയതിന് ശേഷം വെയിലത്ത് ഉണക്കാനിടുക. നല്ല ഒന്നാന്തരം പപ്പടം റെഡി.
അതിനിടെ, രണ്ടു തവണ കോവിഡിൽ പൊടിഞ്ഞു പോയ ഓണവിപണി ഇത്തവണ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിലാണ് പ്രാദേശിക പപ്പട നിർമാതാക്കൾ. ഒരു കിലോ പപ്പടത്തിന് 200 രൂപ വരെയാണ് വില. പ്രിന്റഡ് കവറിൽ ലഭിക്കുന്ന പപ്പടത്തിന് 20 രൂപ മുതലാണ് വില.
Adjust Story Font
16