Quantcast

പഞ്ചഗുസ്തിയിൽ തേജയുടെ ജൈത്രയാത്ര

കരാട്ടെയും പഞ്ചഗുസ്തിയുമെല്ലാം സ്വന്തം വീട്ടിൽ തന്നെ കണ്ടുവളർന്ന തേജ ഒന്നിനുപിന്നാലെ മറ്റൊന്നായി നേട്ടങ്ങൾ പിടിച്ചെടുക്കുന്നതിൽ ഒട്ടും അത്ഭുതമില്ല എന്നതാണ് സത്യം.

MediaOne Logo
പഞ്ചഗുസ്തിയിൽ തേജയുടെ ജൈത്രയാത്ര
X

കോഴിക്കോട് വി.കെ കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന 47-ാമത് സംസ്ഥാന പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ യൂത്ത് ഗേൾസ് ചാമ്പ്യൻ ഓഫ് ചാമ്പ്യൻസ് പട്ടം കരസ്ഥമാക്കിയ ഫാറൂഖ് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനി തേജ പി, അടുത്തതായി ലക്ഷ്യം വെക്കുന്നത് ഒരു അന്താരാഷ്ട്ര മെഡലാണ്. ആറാം ക്ലാസ് മുതൽ പഞ്ചഗുസ്തി ചെയ്തു തുടങ്ങിയ തേജ നിരവധി ദേശീയ മെഡൽ സ്വന്തമാക്കിയതിനു ശേഷമാണ് കോഴിക്കോട്ട് ഈയിടെ നടന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ അഭിമാനാർഹമായ നേട്ടം കൈവരിക്കുന്നത്. കരാട്ടെയും പഞ്ചഗുസ്തിയുമെല്ലാം സ്വന്തം വീട്ടിൽ തന്നെ കണ്ടുവളർന്ന തേജ ഒന്നിനുപിന്നാലെ മറ്റൊന്നായി നേട്ടങ്ങൾ പിടിച്ചെടുക്കുന്നതിൽ ഒട്ടും അത്ഭുതമില്ല എന്നതാണ് സത്യം.

'ആറാം ക്ലാസിലായിരിക്കുമ്പോഴാണ് പഞ്ചഗുസ്തിയിലേക്ക് കടക്കുന്നത്. അച്ഛൻ ജയാനന്ദനായിരുന്നു പ്രചോദനം. പൊലീസ് ഉദ്യോഗസ്ഥനായ അച്ഛൻ കരാട്ടെ മാസ്റ്റർ കൂടിയാണ്. ഇപ്പോൾ കണ്ണൂരിൽ എസ്.ഐ ആയി സേവനമനുഷ്ഠിക്കുന്ന അച്ഛന്റെ കീഴിൽ തന്നെയാണ് പരിശീലനം...' തേജ പറയുന്നു. കരിയറിലെ തന്റെ ആദ്യ മത്സരത്തിൽ തന്നെ സംസ്ഥാനത്തെ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ തേജ, അതിനുശേഷം നടത്തിയത് അക്ഷരാർത്ഥത്തിൽ ഒരു പഞ്ചഗുസ്തി ജൈത്രയാത്രയായിരുന്നു. 2018-ൽ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ദേശീയ തലത്തിൽ ആദ്യ സ്വർണമെഡൽ സ്വന്തമാക്കി.

പഞ്ചഗുസ്തി കുടുംബകാര്യമാണ് തേജയ്ക്ക്. 'ഞങ്ങളുടെ വീട്ടിൽ എല്ലാവർക്കും പഞ്ചഗുസ്തിയിലാണ് താല്പര്യം. അച്ഛനും അമ്മയും സഹോദരനും എല്ലാവരും ദേശീയ ചാമ്പ്യൻമാരാണ്. ഞാൻ സ്വർണം നേടിയപ്പോൾ അമ്മയും സഹോദരനും സിൽവറും, അച്ഛൻ ബ്രോൺസും നേടി.' 2009 മുതൽ പഞ്ചഗുസ്തിയിൽ സജീവമായ അമ്മയ്ക്കും തന്റെ വിജയങ്ങളിൽ നിർണായക പങ്കുണ്ടെന്ന് തേജ കൂട്ടിച്ചേർക്കുന്നു.

'അച്ഛന്റെ മാർഗനിർദേശത്തിലും വീട്ടിലെ പിന്തുണയിലുമാണ് ഞാൻ വളർന്നത്. ഞങ്ങളുടെ വീട്ടിൽ ജിം, കരാട്ടെ, പഞ്ചഗുസ്തി എല്ലാം ജീവിതത്തിന്റെ ഭാഗമാണ്. അധ്യാപകരും സുഹൃത്തുക്കളും സ്‌കൂളിൽ നിന്നും നല്ല പിന്തുണ നൽകിയിട്ടുണ്ട്.' തേജ പറയുന്നു.

2023 ഒക്ടോബറിൽ മുംബൈയിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ രണ്ടു സ്വർണമെഡലുകൾ സ്വന്തമാക്കിയ തേജ, 2022-ൽ തുർക്കിയിലെ ലോക ചാമ്പ്യൻഷിപ്പിൽ ജൂനിയർ ഗേൾസ് വിഭാഗത്തിൽ അഞ്ചാം സ്ഥാനം നേടി. 'എന്റെ അടുത്ത ലക്ഷ്യം അന്താരാഷ്ട്ര മെഡലാണ്. അതിനു വേണ്ടിയുള്ള കഠിന പരിശീലനത്തിലാണിപ്പോൾ...' - തേജയുടെ വാക്കുകളിൽ നിശ്ചയദാർഢ്യം തുടിച്ചു നിൽക്കുന്നു. ദേശീയ തലത്തിൽ ഇതിനകം തന്നെ 11 മെഡലുകൾ നേടിക്കഴിഞ്ഞ തേജയുടെ അന്താരാഷ്ട്ര മെഡൽ എന്ന സ്വപ്‌നം എത്രയും സഫലമാകുമെന്ന് കരുതാം.

ഫാത്തിമ സംഹ

TAGS :

Next Story