Quantcast

ടിവി സ്‌ക്രീൻ വൃത്തിയാക്കുമ്പോൾ മറക്കരുത് ഈ ആറുകാര്യങ്ങൾ

ശ്രദ്ധകുറവും തെറ്റായ വൃത്തിയാക്കൽ രീതിയും മൂലവും നശിക്കുന്നത് നിങ്ങളുടെ ടെലിവിഷൻ സ്‌ക്രീനായിരിക്കും

MediaOne Logo

Web Desk

  • Published:

    3 Feb 2022 10:35 AM GMT

ടിവി സ്‌ക്രീൻ വൃത്തിയാക്കുമ്പോൾ മറക്കരുത് ഈ ആറുകാര്യങ്ങൾ
X

പൊടി നിറഞ്ഞ ടെലിവിഷൻ സ്‌ക്രീനിൽ പരിപാടികൾ കാണാൻ ഇഷ്ടപ്പെടുന്നവർ ആരുമുണ്ടാകില്ല. അൽപം പൊടി ടിവിയിൽ പറ്റിയിട്ടുണ്ടെങ്കിൽ നാമത് തുടച്ചുവൃത്തിയാക്കാറുണ്ട്. മറ്റേത് ഉപകരണം വൃത്തിയാക്കുന്നതു പോലെയാണോ ടിവി വൃത്തിയാക്കേണ്ടത്. അല്ല, ശ്രദ്ധകുറവും തെറ്റായ വൃത്തിയാക്കൽ രീതിയും മൂലവും നശിക്കുന്നത് നിങ്ങളുടെ ടെലിവിഷൻ സ്‌ക്രീനാണെന്ന് ഓർമിക്കണം. നിങ്ങൾ തെറ്റായ രീതിയിൽ വൃത്തിയാക്കി എന്ന കാരണത്താൽ പുതുതായി വാങ്ങിയ ടിവിയുടെ വാറന്റി തന്നെ അസാധുവാക്കാൻ ഇടയാക്കും.

ടിവി സ്‌ക്രീൻ വൃത്തിയാക്കുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ആറ് കാര്യങ്ങളിതാ....

മൈക്രോ ഫൈബർ/നോൺ-സ്റ്റാറ്റിക് തുണി ഉപയോഗിക്കുക

വീട്ടിലുള്ള ഏതെങ്കിലും ടവ്വലുകൾ, ടിഷ്യൂ പേപ്പർ തുടങ്ങിയവയൊക്കെയാണ് മിക്കവരും ടിവി വൃത്തിയാക്കാൻ ഉപയോഗിക്കുന്നത്. എന്നാൽ മിക്ക ടെലിവിഷൻ സ്‌ക്രീനുകളും മൃദുലമായിരിക്കും. അതുകൊണ്ട് തന്നെ ചെറിയൊരു സ്പർശനം പോലും സ്‌ക്രീനിൽ പോറലുണ്ടാക്കിയേക്കാം. ടിഷ്യൂകളും ടവ്വലുകളും ഉപയോഗിക്കുമ്പോൾ സ്‌ക്രീനിൽ പോറലേൽക്കാനുള്ള സാധ്യത കൂടുതലാണ്.


നിങ്ങളുടെ ടിവി എൽ.സി.ഡിയോ ഒ.എൽ.ഇ.ഡിയോ പ്ലാസ്മയോ അതുമല്ലെങ്കിൽ പഴയ സിആർടി ഡിസ്പ്ലേ ആയിരിക്കട്ടെ. വൃത്തിയാക്കാൻ മൈക്രോ ഫൈബർ തുണി മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക. സ്‌ക്രീനിന് കേടുപാടുകളുണ്ടാക്കാതെ വിരലടയാളങ്ങളും മറ്റും നീക്കം ചെയ്യാൻ ഇത്തരത്തിലുള്ള തുണി ഉപയോഗിക്കുന്നതാണ് അനുയോജ്യം.

ടിവി ഓഫ് ചെയ്‌തെന്ന് ഉറപ്പുവരുത്തുക

ടിവി എന്നല്ല ഏത് ഇലക്ട്രിക്കൽ ഉപകരണങ്ങളും വൃത്തിയാക്കുമ്പോൾ അത് ഓഫ് ചെയ്‌തെന്ന് ഉറപ്പുവരുത്തുക. ടിവി ഓഫ് ചെയ്തിരിക്കുമ്പോൾ പൊടികളും മറ്റ് പാടുകളും കാണാനും വൃത്തിയാക്കാനും എളുപ്പമാണ്. കറുത്ത പ്രതലത്തിൽ അഴുക്കുകൾ പെട്ടന്ന് കാണാൻ പറ്റും.

ദ്രാവകങ്ങൾ നേരിട്ട് സ്‌പ്രേ ചെയ്യരുത്

ടിവി വൃത്തിയാക്കുമ്പോൾ ഏതെങ്കിലും തരത്തിലുള്ള ക്ലീനിങ്ങ് ലിക്വിഡുകൾ സ്‌പ്രേ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക. ഇങ്ങനെ സ്‌പ്രേചെയ്യുന്നത് മൂലം ടിവിയുടെ ആന്തരികഭാഗങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാം. ഏത് ദ്രാവകമാണെങ്കിലും അത് തുണിയിലാക്കി വേണം ഉപയോഗിക്കാൻ. അമോണിയ, ആൽക്കഹോൾ, അസെറ്റോൺ എന്നിവ അടങ്ങിയവ അടങ്ങിയ ദ്രാവകങ്ങൾ ഒരിക്കലും വൃത്തിയാക്കുമ്പോൾ ഉപയോഗിക്കരുത്. ഇത് ടിവിയുടെ ആന്റി-ഗ്ലെയർ കോട്ടിംഗിനെ നശിപ്പിക്കും.


ഒരേ ദിശയിൽ വൃത്തിയാക്കുക

സ്‌ക്രീൻ വൃത്തിയാക്കുമ്പോൾ ആദ്യം ഏതെങ്കിലും ഒരുദിശയിൽ മാത്രംതുടയ്ക്കുക. പിന്നീട് അതിന് എതിർദിശയിലേക്ക് വേണം തുടക്കാൻ. ലംബമായാണ് തുടക്കുന്നതെങ്കിൽ അടുത്തത് തിരശ്ചീനമായി തുടക്കണം. ഇങ്ങനെ ചെയ്യുന്നത് മൂലം സ്‌ക്രീനിൽ ഒരു പാടും അവശേഷിക്കില്ല. വൃത്തിയാക്കുമ്പോൾ സ്‌ക്രീനിൽ വരകൾ വീഴാതിരിക്കാനും ഇത് സഹായിക്കും.

തുണിയിൽ കൂടുതൽ അഴുക്കാകാതെ നോക്കുക

കുറച്ച് വൃത്തിയാക്കിയത് ശേഷം തുണിയിലെ അഴുക്ക് ഒഴിവാക്കണം. തുണിയിൽ അമിതമായ പൊടി പറ്റിയിട്ടുണ്ടെങ്കിൽ അത് സ്‌ക്രീനിൽ പോറലുണ്ടാക്കും. അതുകൊണ്ട് പൊടി ആവുന്നതിനനുസരിച്ച് തുണി കുടഞ്ഞതിന് ശേഷം വൃത്തിയാക്കൽ തുടങ്ങാം.

സ്‌ക്രീൻ ഉണങ്ങാൻ അനുവദിക്കുക

ഏതെങ്കിലും ക്ലീനിങ് ഉൽപ്പന്നങ്ങൾ ഉപയോഗിച്ചാണ് സ്‌ക്രീൻ വൃത്തിയാക്കിയതെങ്കിൽ നന്നായി ഉണങ്ങാൻ അനുവദിക്കുക. അല്ലെങ്കിൽ സ്‌ക്രീനിൽ വല്ലാത്ത് തിളക്കം അനുഭവപ്പെടും. ഇത് കാഴ്ചാസുഖം ഇല്ലാതാക്കും.

TAGS :

Next Story