Quantcast

കഥകളുടെ സുല്‍ത്താന്‍റെ ഓര്‍മകള്‍ക്ക് 27 വയസ്സ്

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യബജറ്റില്‍ പ്രഖ്യാപിച്ച ടൂറിസം പാക്കേജായ ലിറ്ററി സര്‍ക്യൂട്ട് തുടങ്ങുന്നത് ബേപ്പൂരില്‍ നിന്ന്

MediaOne Logo

Web Desk

  • Published:

    5 July 2021 5:59 AM

കഥകളുടെ സുല്‍ത്താന്‍റെ  ഓര്‍മകള്‍ക്ക് 27 വയസ്സ്
X

കഥയുടെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീര്‍ ഓര്‍മയായിട്ട് 27വര്‍ഷം... കാല്‍പ്പനികതയുടെയും ആലങ്കാരികതയുടെ അമിതഭാരമില്ലാതെ സാധാരണക്കാരന്‍റെ ഭാഷയില്‍ കഥ പറഞ്ഞാണ് ബഷീര്‍ വായനക്കാരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയുമൊക്കെ ചെയ്തത്.

ജീവിതം അനന്തമായൊരു പ്രാർത്ഥനയാണെന്ന് പറഞ്ഞ ബഷീറിന്‍റെ വാക്കിലും വരിയിലുമെല്ലാം നിറഞ്ഞത് മണ്ണിനോടും മാനവികതയോടുമുള്ള അടങ്ങാത്ത പ്രണയമാണ്. കാല്‍പനികതയുടെയും ആലങ്കാരികതയുടെയും അമിതഭാരം ഏതുമില്ലാതെ ബഷീര്‍ വായനക്കാരനോട് മിണ്ടിയും പറഞ്ഞുമിരുന്നു. ലളിതവും സാധാരണവുമായ ജീവിത സന്ധികളിൽ നിന്നുകൊണ്ട്, മനുഷ്യ ആയുസിലെ സങ്കീര്‍ണ മുഖങ്ങളെ , നിഷ്കളങ്ക ഭാവത്തിൽ നമ്മുടെ ഉള്ളിലേക്ക് പെയ്തുവീഴ്ത്തി ബഷീര്‍. തീഷ്ണമായ ജീവിതാനുഭവങ്ങളെ കുറിച്ച് എഴുതുമ്പോഴൊക്കെയും യാഥാര്‍ഥ്യവും ഭാവനയും വേര്‍തിരിച്ചെടുക്കാനാവാത്ത വിധം വിളക്കിവെച്ചു.


പുസ്തകങ്ങളുടെ മഹാലോകം ഒന്നുമില്ലെങ്കിലും ബഷീറിയനെഴുത്ത് എന്നൊന്ന് സൃഷ്ടിച്ചവശേഷിപ്പിച്ചാണ് കഥകളുടെ സുല്‍ത്താന്‍ വിടവാങ്ങിയത്. സാമാന്യ മലയാളം അറിയാവുന്ന ആര്‍ക്കും വഴങ്ങുന്ന കഥകളുണ്ടാക്കി അതില്‍ അടിത്തട്ടു ജീവിതത്തിന്‍റെ ചൂടും ചൂരും ഇഴചേര്‍ത്തു ബഷീര്‍. മുഖ്യധാര ആട്ടിയകറ്റിയ വേശ്യകളും, സ്വവർഗ്ഗാനുരാഗികളും ജയിൽപ്പുള്ളികളും, ഭിക്ഷക്കാരും ബഷീറിന്റെ കഥാപരിസരങ്ങളില്‍ നിറഞ്ഞുനിന്നു. നര്‍മത്തില്‍ മുക്കിയെടുത്ത ചോദ്യങ്ങളൊക്കെയും സമൂഹത്തിലെ ഇരുണ്ട യാഥാര്‍ഥ്യങ്ങളോടുള്ള ബഷീറിന്‍റെ കലഹങ്ങളായിരുന്നു.

ഒരേ സമയം കവിയും കഥാകാരനും ഋഷിയും സൂഫിയും സഞ്ചാരിയുമൊക്കെ ആയിരുന്നു ബഷീര്‍. ഒരുപതിറ്റാണ്ടോളം നീണ്ട ലോകസഞ്ചാരത്തിലൂടെ ആര്‍ജിച്ച അനുഭവങ്ങളുടെ ദാര്‍ശനികഭാവം ബഷീറെഴുത്തില്‍ കാണാം. സകല സമൂഹങ്ങളിലെയും അനാചാരങ്ങള്‍ക്കെതിരെ എഴുതിപ്പോരാടിയാണ് ബഷീര്‍ തൂലിക താഴെവെച്ചത്. മലയാളമുള്ളിടത്തോളം ബഷീറിന്‍റെ കൃതികള്‍ക്ക് മരണമില്ല. ഏതുകാലവും മനുഷ്യായുസ്സ് ചെന്നുപെടാവുന്ന ജീവിത സന്ധികളെക്കുറിച്ചാണ് ലളിതഭാഷയില്‍ അദ്ദേഹം എഴുതിയതത്രയും എന്നതുതന്നെ അതിനുള്ള ഏകകാരണം.


വൈക്കം മുഹമ്മദ് ബഷീറിനൊരു സ്മാരകം എന്നത് ഒരുപാട് കാലത്തെ ആവശ്യമാണ്. ജനകീയനായ എഴുത്തുകാരനായിട്ടും നര്‍മവും ഹാസ്യവും ആത്മീയതും എല്ലാം ചേര്‍ത്ത് അക്ഷരങ്ങള്‍ കൊണ്ട് സാഹിത്യലോകത്തെ കുലപതിയായിമാറിയ വൈക്കം മുഹമ്മദ് ബഷീറിന് നല്ലൊരു സ്മാരകം സ്ഥാപിക്കാന്‍ നമുക്ക് ഇതുവരെ കഴിഞ്ഞില്ല എന്നത് സാഹിത്യലോകത്തിന്‍റെ ഒരു തീരാനഷ്ടം തന്നെയാണ്. 2008 ല്‍ സർക്കാർ സ്മാരകം പ്രഖ്യാപിച്ചു. 50 ലക്ഷംരൂപ കോഴിക്കോട് ജില്ലാ കളക്ടർക്ക് അനുവദിച്ചു. കോർപറേഷന്‍ സൗജന്യമായി സ്ഥലം വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്നാല്‍ സ്മാരകം ഇന്നും യാഥാർഥ്യമായിട്ടില്ല.

വൈകിയാണെങ്കിലും ബേപ്പൂര്‍ സുല്‍ത്താന്‍റെ സ്മാരകം ലിറ്ററി സര്‍ക്യൂട്ടില്‍ ഉള്‍പ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനത്തെ പ്രതീക്ഷയോടെയാണ് സാഹിത്യലോകം കാണുന്നത്. രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യബജറ്റില്‍ പ്രഖ്യാപിച്ച ടൂറിസം പാക്കേജായ ലിറ്ററി സര്‍ക്യൂട്ട് തുടങ്ങുന്നത് ബേപ്പൂരില്‍ നിന്നാണ്. ബേപ്പൂരില്‍ നിന്ന് തുടങ്ങി നീളാ തീരത്തൂകൂടി പോകുന്ന ലിറ്ററി സര്‍ക്യൂട്ടിലൂടെ ബഷീറും എഴുത്തച്ഛനും വള്ളത്തോളും എംടിയും സി രാധാകൃഷ്ണനെയുമെല്ലാം സഞ്ചാരികള്‍ക്ക് അടുത്ത് പരിചയപ്പെടാനാവുമെന്ന പ്രതീക്ഷയിലാണ് സാഹിത്യപ്രേമികള്‍.


TAGS :

Next Story