'കറുത്ത, പൊക്കമുള്ള ഒരാളെ മകൾ വിവാഹം കഴിക്കുമെന്നായിരുന്നു എന്റെ ധാരണ, അതു തെറ്റി'; സച്ചിൻ-അഞ്ജലി പ്രണയത്തിൽ അമ്മ അന്നബെൽ
"വാർഡൻ റോഡിലെ ഞങ്ങളുടെ വീട്ടിൽ സ്ഥിരം സന്ദർശകനായിരുന്നു സച്ചിൻ. ആരും അവനെ തിരിച്ചറിഞ്ഞില്ല"
ഇന്ത്യൻ ക്രിക്കറ്റിലെ ആഘോഷപൂർമായ പ്രണയകഥയാണ് മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കർ-ഡോ. അഞ്ജലി ദമ്പതികളുടേത്. അഞ്ചു വർഷം നീണ്ട പ്രണയത്തിന് ശേഷം 1995 മെയ് 24നായിരുന്നു ഇരുവരുടെയും വിവാഹം. മാധ്യമങ്ങൾ സദാ ചുറ്റുമുണ്ടായിട്ടു പോലും പ്രണയകാലത്ത് ഇത് കണ്ടുപിടിക്കാൻ അവർക്കായില്ല എന്നതാണ് ഏറെ കൗതുകകരം. ഇരുവരുടെയും സ്വകാര്യജീവിതം വാർത്തകളിൽ നിറയുന്നത് വിവാഹനിശ്ചയത്തിന് ശേഷവും.
മകളെ സച്ചിന് വിവാഹം ചെയ്തു നൽകാൻ പേടിയുണ്ടായിരുന്നു എന്നാണ് അഞ്ജലിയുടെ അമ്മ അന്നബെൽ പറയുന്നത്. സച്ചിൻ ഒരു പ്ലേ ബോയ് ആയി മാറുമോ എന്നായിരുന്നു തന്റെ ആശങ്കയെന്നും മൈ പാസ്സെജ് ടു ഇന്ത്യ: എ മെമർ എന്ന പുസ്തകത്തിൽ അന്ന ബെൽ എഴുതുന്നു. 1940ൽ ഇംഗ്ലണ്ടിൽ ജനിച്ച അന്നബെൽ കോളജ് പഠനകാലത്ത് ആനന്ദ് മേത്തയെന്ന ഇന്ത്യക്കാരനെ പരിചയപ്പെടുകയും പിന്നീട് വിവാഹിതരാകുകയുമായിരുന്നു. ആനന്ദുമായുള്ള പ്രണയസാക്ഷാത്കാരത്തിനായി ലണ്ടനിൽനിന്ന് മുംബൈയിലേക്കുള്ള യാത്രയുടെ കഥയാണ് പുസ്തകം. ഇതിലാണ് മകളെ കുറിച്ചും മരുമകളെ കുറിച്ചും അന്നബെൽ വിശദമായി എഴുതുന്നത്.
'അവൻ കൊച്ചു പയ്യനായിരുന്നു'
ബേയ്‌സ്‌വാട്ടറിൽ സഹോദരൻ റിച്ചാർഡിന്റെ വീട്ടിൽ വച്ചാണ് സച്ചിനെ ആദ്യമായി കണ്ടത്. കൂടെ അഞ്ജലിയും ബന്ധുവുമുണ്ടായിരുന്നു. കണ്ട വേളയിൽ ഞാൻ മറ്റുള്ളവരോട് മുറിക്കു പുറത്തു പോകാൻ ആവശ്യപ്പെട്ടു. ഞങ്ങൾ രണ്ടു പേരും നീണ്ട കിച്ചൺ ടേബിളിലെ ഇരുവശത്തുമിരുന്നു. എത്ര ചെറുതും സുന്ദരനുമാണ് ഈ ചെറുപ്പക്കാരൻ എന്ന് ഞാൻ ചിന്തിച്ചു. അഞ്ജലി ഞങ്ങളുടെ ഒരേയൊരു വിലപ്പെട്ട മകളാണ് എന്നാണ് ഞാൻ സച്ചിനോട് പറഞ്ഞത്. ഒരു മകളെ ഞങ്ങൾക്ക് നേരത്തെ നഷ്ടപ്പെട്ടിരുന്നു. അഞ്ജലിയെ കുറിച്ച് എന്താണ് ചിന്തിക്കുന്നത് എന്ന് ഞാൻ അവനോട് ചോദിച്ചു. പരമ്പരാഗതമായി ഇത് അച്ഛന്റെ നിയന്ത്രണത്തിലുള്ള കാര്യമാണ്. എന്നാൽ ആനന്ദ് ഒരു പരമ്പരാഗത ബ്രിട്ടീഷ് പുരുഷനായിരുന്നില്ല. അതുകൊണ്ടു കൂടിയാണ് ഞാൻ അദ്ദേഹത്തെ വിവാഹം ചെയ്തത്. കൂടിക്കാഴ്ചകൾ അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല.
സച്ചിൻ ഇന്ത്യൻ ക്രിക്കറ്റിലെ ശോഭിക്കുന്ന നക്ഷത്രമാണ് എന്ന് ഞാൻ സമയക്രമത്തിൽ മനസ്സിലാക്കിയിരുന്നു. മറ്റു സഹകളിക്കാരെ പോലെ ഒരു പ്ലേ ബോയ് ആയി മാറാനുള്ള സാധ്യതയായിരുന്നു എന്റെ ഉത്കണ്ഠ. ഇംഗ്ലണ്ടിൽ ഡേവിഡ് ബെക്കാമിന്റെ സ്ഥിതിയാണ് തൊണ്ണൂറുകളിൽ സച്ചിന് ഇന്ത്യയിലുണ്ടായിരുന്നത്. എന്റെ മകളെ കുറിച്ച് എന്താണ് അവൻ ചിന്തിക്കുന്നത് എന്ന് അവന്റെ കണ്ണുകളിൽ നോക്കി എനിക്ക് ചോദിക്കണമായിരുന്നു.
''ഞങ്ങൾക്ക് വിവാഹം കഴിക്കണം'' എന്നു മാത്രമാണ് അവൻ പറഞ്ഞത്. അഞ്ജലി പൊക്കമുള്ള, കറുത്ത, സുന്ദരനായ ഒരാളെ മാത്രമേ വിവാഹം കഴിക്കൂ എന്നാണ് ഞാൻ ചിന്തിച്ചിരുന്നത്. സച്ചിൻ കറുത്ത് സുന്ദരനാണ്. എന്നാൽ 19ൽ അവൻ ഒരു കുട്ടിയായിരുന്നു. തീരെ ചെറുതും. അഞ്ജലിയേക്കാൾ കുറിയയാൾ. അഞ്ചടി അഞ്ചിഞ്ചു മാത്രം ഉയരം. പൊന്തി നിൽക്കുന്ന സച്ചിന്റെ മുടിയുള്ളതു കൊണ്ട് ഒരിഞ്ചു കൂടി ഉയരം തോന്നിച്ചു. എന്നാൽ അഞ്ജലിക്ക് ഇഷ്ടമായ ഹൈ ഹീൽഡ് ചെരുപ്പ് ധരിക്കുമ്പോൾ ചേർച്ച തോന്നിച്ചിരുന്നില്ല.
'വീട്ടിലേക്ക് ആരുമറിയാതെ എത്തിയ സച്ചിൻ'
താൻ കാര്യത്തിലാണ് എന്ന് ആദ്യ ദിവസം മുതൽ സച്ചിൻ തന്നോട് പറഞ്ഞതായി അഞ്ജലി പിന്നീടെന്നോട് പറഞ്ഞിട്ടുണ്ട്. അവന്റെ ആദ്യത്തെ ഗേൾഫ്രണ്ടും അവളായിരുന്നു. അവർ ശരിക്കും ഭ്രാന്തമായ, ആഴമേറിയ പ്രണയത്തിലായിരുന്നു. എനിക്കത് കാണാമായിരുന്നു. അഞ്ജലി സന്തോഷവതിയായിരിക്കാനാണ് ഞാൻ ആഗ്രഹിച്ചത്. ചില വേളയിൽ ദീർഘസമയം അവൻ കൂടെ ഉണ്ടായിരിക്കില്ല എന്നതിൽ എനിക്ക് ഉത്കണ്ഠയുണ്ടായിരുന്നു. എന്നാൽ ആ നേരം അവന്റെ ചുറുചുറുക്കുള്ള, നിഷ്‌കളങ്കമായ, പ്രത്യാശാഭരിതമായ, നിർവൃതിയുള്ള മുഖമാണ് ഞാൻ കണ്ടത്.
ഇന്ത്യയിൽ 21 വയസ്സായാലേ പുരുഷന്മാർക്ക് വിവാഹം കഴിക്കാനാകൂ. അവന് 19 ആയിരുന്നു പ്രായം. അഞ്ജലി മെഡിക്കൽ പോസ്റ്റ് ഗ്രാജ്വേഷൻ പൂർത്തിയാക്കിയിരുന്നുമില്ല. മുംബൈയിൽ വച്ച് വിവാഹിതരാകാൻ രണ്ടു വർഷം കൂടി കാത്തിരിക്കേണ്ടി വന്നു. അതുവരെ ബന്ധം രഹസ്യമാക്കി വയ്ക്കുന്നതാണ് എന്റെ സന്തോഷമെന്ന് ഞാൻ അവനോട് പറഞ്ഞിരുന്നു.
വാർഡൻ റോഡിലെ ഞങ്ങളുടെ വീട്ടിൽ സ്ഥിരം സന്ദർശകനായിരുന്നു സച്ചിൻ. ആരും അവനെ തിരിച്ചറിഞ്ഞില്ല. ഞങ്ങളുടെ ഗൂർഖ വാച്ച്മാന്റെ മകനാണ് സച്ചിൻ എന്നാണ് എന്റെ നാത്തൂൻ തുളസി വിചാരിച്ചിരുന്നത്. എന്നാൽ തെരുവിൽ കടല വിറ്റിരുന്ന കച്ചവടക്കാരനും റോഡിനപ്പുറത്തുള്ള അമേരിക്കൻ കോൺസുലേറ്റിലെ സുരക്ഷാ ജീവനക്കാർക്കും തീർച്ചയായും അവന്റെ മുഖമറിയാമായിരുന്നു. എന്നാൽ ആരും ഇതേക്കുറിച്ച് പത്രക്കാരോട് മിണ്ടിയില്ല. ഒരു സൂപ്പർഹീറോയുടെ അപരൻ എന്നേ അവർ ധരിച്ചിരിക്കാൻ ഇടയുള്ളൂ എന്ന് ഞാൻ ഊഹിക്കുന്നു.
ക്രിക്കറ്റിന്റെ സമ്പൂർണ തിരക്കിലായി സച്ചിൻ. ജെ.ജെ ഹോസ്പിറ്റലിൽ പീഡിയാട്രിക്‌സ് പഠനവുമായി അഞ്ജലിയും. ആശുപത്രിയുടെ ഹോസ്റ്റലിലായിരുന്നു അവളുടെ താമസം. എന്നാൽ അവൾ അക്ഷമയായിരുന്നു. ഒരിക്കൽ സച്ചിൻ ന്യൂസിലാൻഡിൽനിന്ന് വിളിച്ചപ്പോൾ വിവാഹാലോചനയുമായി വരാൻ എന്നാണ് പ്ലാൻ എന്നാണ് അഞ്ജലി ചോദിച്ചത്. അച്ഛന്റെയും അമ്മയുടെയും സമ്മതം ചോദിക്കട്ടെ എന്നാണ് അന്ന് സച്ചിൻ മറുപടി നൽകിയത്. അവരുടെ സമ്മതമില്ലാതെ വിവാഹത്തിന് അവന് താത്പര്യമില്ലായിരുന്നു. അവർ സമ്മതിച്ചാൽ നാട്ടിലെത്തിയ ഉടൻ വിവാഹനിശ്ചയം നടത്താമെന്ന് സച്ചിൻ ഉറപ്പു കൊടുത്തു. ഞാനും ആനന്ദും മറ്റൊന്നുമാലോചിക്കാതെ അംഗീകരിക്കുകയും ചെയ്തു.
രഹസ്യ വിവാഹനിശ്ചയം
അഞ്ജലിക്ക് സച്ചിന്റെ മാതാപിതാക്കളെ കാണാൻ മൂത്ത ജ്യേഷ്ഠൻ അജിതാണ് സൗകര്യമൊരുക്കിയത്. വിവാഹനിശ്ചയത്തിന് കുറച്ചു മുമ്പു മാത്രമാണ് ഞങ്ങൾ അവന്റെ മാതാപിതാക്കളെ കണ്ടത്. രണ്ട് വ്യത്യസ്ത സമൂഹസാഹചര്യത്തിൽ നിന്ന് വരുന്നവരായിട്ടും ഞങ്ങൾ വേഗത്തിൽ പൊരുത്തപ്പെട്ടു. അവർ മധ്യവർഗ മഹാരാഷ്ട്രീയരായിരുന്നു. ഭക്തരായ ഹിന്ദുക്കളും. സച്ചിന്റെ അച്ഛൻ രമേശ് വിഖ്യാനായ കവിയും കീർത്തി കോളജിലെ മറാത്ത പ്രൊഫസറുമായിരുന്നു. എൽഐസി ഉദ്യോഗസ്ഥയായിരുന്നു അമ്മ രജനി. മഠാഠിയിൽ മാത്രമേ അവർ സംസാരിക്കൂ. അച്ഛൻ ഇംഗ്ലീഷിലും.
1994 ഏപ്രിൽ 24ന് സച്ചിന്റെ ഇരുപതാം ജന്മദിനത്തിലാണ് വിവാഹനിശ്ചയം കഴിഞ്ഞത്. 25 ബന്ധുക്കൾക്ക് വിരുന്നുമുണ്ടായിരുന്നു. ഔപചാരിക പത്രക്കുറിപ്പും നൽകി. വിവരമറിഞ്ഞ പത്രക്കാർ ഇളകി. ആരാണ് ഈ അഞ്‌ലി മേത്ത എന്നവർക്കൊരു പിടിയുമുണ്ടായിരുന്നില്ല. 16-ാം വയസ്സിൽ സെന്റ് സേവ്യർ കോളജിൽ ചേർന്ന സമയത്ത് നൽകിയ ഒരു ഫോട്ടോഗ്രാഫ് മാത്രമാണ് അവർക്ക് കിട്ടിയത്. വിവാഹ നിശ്ചചയത്തോടെ ദശലക്ഷക്കണക്കിന് ഇന്ത്യൻ യുവതികൾ നിരാശരായി എന്നു വരെ റിപ്പോർട്ടു ചെയ്യപ്പെട്ടു. സച്ചിനേക്കാൾ അഞ്ചു വയസ്സ് കൂടുതലുണ്ടായിരുന്നു അവൾക്ക്.
ഒരുപാട് പേരുടെ റോൾ മോഡലായ ഒരാളുടെ അമ്മായിയമ്മ ആയി മാറി ഞാൻ പിന്നീട്. 19-ാം വയസ്സിൽ നാണം കുണുങ്ങിയായ, മൃദുവായി സംസാരിക്കുന്ന പയ്യനായിരുന്നു സച്ചിൻ. അതേക്കുറിച്ച് ഞാൻ അഞ്ജലിയോട് പറഞ്ഞപ്പോൾ, ബാക്കിയുള്ള കുടുംബക്കാരെയും കാണണം. അവർ സമ്പൂർണമായി നിശ്ശബ്ദരാണ് എന്നാണ് അവൾ മറുപടി നൽകിയത്.- അന്ന ബെൽ എഴുതി.
ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കളിക്കാരിലൊരാളാണ് സച്ചിൻ ടെണ്ടുൽക്കർ. ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്രിക്കറ്റർ. 24 വർഷം നീണ്ട താരത്തിന്റെ ക്രിക്കറ്റ് കരിയർ സമർപ്പണത്തിന്റെയും സ്‌പോട്‌സ്മാൻഷിപ്പിന്റെയും ഏറ്റവും മികച്ച ഉദാഹരണമായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. സാറയും അർജുനുമാണ് മക്കൾ.
Adjust Story Font
16