കണ്ടന്റ് ഇട്ടാൽ വൈറലാണ്.. സബ്യസാച്ചിയും ഗുച്ചിയുടെ ബാഗുകളും; അച്ചു ഉമ്മന്റെ ഫാഷൻ ഇൻസ്റ്റ ലോകം
വിവാദങ്ങൾക്ക് പിന്നാലെ അച്ചു ഉമ്മന്റെ ഒഫീഷ്യൽ ഇൻസ്റ്റഗ്രാം പേജിന്റെ ഫോളോവേഴ്‌സ് 150kയിൽ എത്തിയിരിക്കുകയാണ്
പുതുപ്പള്ളിയിൽ മത്സരരംഗത്തുള്ളത് ചാണ്ടി ഉമ്മനാണെങ്കിലും സോഷ്യൽ മീഡിയ അച്ചു ഉമ്മന്റെ പുറകിലാണ്. വിവാദങ്ങൾക്ക് പിന്നാലെയാണ് ഭൂരിഭാഗം ആളുകളും ഉമ്മൻചാണ്ടിയുടെ മകൾ എന്നതിനപ്പുറം അച്ചു ഉമ്മൻ എന്ന കണ്ടന്റ് ക്രിയേറ്റർ ആരാണെന്ന് അറിയുന്നത്. വിവാദങ്ങൾ ചൂടുപിടിക്കുന്നതിനിടെ അച്ചു ഉമ്മാന്റെ സ്റ്റൈലിഷ് ലുക്കും ഡ്രസിങ് സെൻസും സോഷ്യൽ മീഡിയ ചർച്ചകളിൽ ഇടം പിടിച്ചിരിക്കുകയാണ്.
ഫാഷൻ ഇൻസ്റ്റ മാം എന്നാണ് ഇൻസ്റ്റാഗ്രാം പേജിൽ അച്ചു ഉമ്മാന്റെ ബയോ. ഫാഷൻ, യാത്ര, ലൈഫ് സ്റ്റൈൽ എന്നിവയുമായി ബന്ധപ്പെട്ടാണ് ഇവർ പ്രവർത്തിക്കുന്നത്. സ്വന്തം ഇഷ്ടപ്രകാരമാണ് ഈ കരിയർ തെരഞ്ഞെടുത്തതെന്ന് അച്ചു ഉമ്മൻ മാധ്യമങ്ങളോട് വിശദീകരിച്ചിരുന്നു. ജോലിയുടെ ഭാഗമായി ലോകോത്തര ബ്രാൻഡുകളുമായി സഹകരിച്ച് പ്രവർത്തിക്കാൻ അവസരം ലഭിച്ചതെന്നും അച്ചു ഉമ്മൻ വ്യക്തമാക്കിയിരുന്നു.
അച്ചു ഉമ്മന്റെ ഇൻസ്റ്റഗ്രാം പേജ് തേടി പോയവർ ഇതുവരെ കേട്ടിട്ടുപോലുമില്ലാത്ത ബ്രാൻഡുകൾ പരിചയപ്പെട്ടതാണ് മടങ്ങുന്നത്. പ്രമുഖ രാജ്യാന്തര ഫാഷൻ ബ്രാൻഡുകളാണ് അച്ചു ഉമ്മന്റെ പക്കലുള്ളത്. ട്രഡീഷണൽ ആയാലും മോഡേൺ ആയാലും ഡ്രെസിംഗിന്റെ കാര്യത്തിൽ കോമ്പ്രമൈസ് ഇല്ല. ഏത് വേഷം ആണെങ്കിലും വ്യത്യസ്തമായ രീതിയിൽ സ്റ്റൈൽ ചെയ്യും. ഡ്രെസുകൾക്ക് മാച്ചായ ബാഗും കയ്യിലുണ്ടാകും.
ലക്ഷ്വറി ബാഗ് കമ്പനികളായ ഷനെൽ (Chanel), ക്ലോയി (Chloe), ഹെർമീസ് (Hermes), ഗുച്ചി (Gucci) തുടങ്ങിയവയാണ് അച്ചു ഉമ്മന്റെ ലിസ്റ്റിൽ. ജംപ്സ്യൂട്ടിലും മിനി ഡ്രസിലും ഫാഷനബിൾ ഓവർകോട്ടിലുമെല്ലാം വളരെ സ്റ്റൈലിഷ് ആയാണ് അച്ചു എത്താറുള്ളത്. ഫോട്ടോ പോസിങ്ങിലും മുന്നിലാണ്. ഏത് തരത്തിലുള്ള ഫോട്ടോ ആണെങ്കിലും വളരെ കൂളായാണ് അച്ചു ഉമ്മനെ കാണുന്നത്. സബ്യസാചി മുഖർജി അടക്കമുള്ള ഇന്ത്യൻ ഡിസൈനർമാരുടെ ട്രെഡീഷനൽ വെയർ വസ്ത്രങ്ങളും അച്ചു ഉമ്മന്റെ ലിസ്റ്റിലുണ്ട്.
ഫാഷൻ മേഖലയിലുള്ളവരും അച്ചു ഉമ്മന്റെ സ്റ്റൈൽ ചർച്ചയാക്കുകയാണ്. വിവാദങ്ങൾ ഒരു വഴിക്ക് നടക്കുന്നതിനിടെ അച്ചു ഉമ്മന്റെ ഫാഷൻ സെൻസിന് പ്രത്യേക ഫാൻ ബേസും ഉയർന്നുവന്നിട്ടുണ്ട്. അച്ചു ഉമ്മന്റെ ഒഫീഷ്യൽ ഇൻസ്റ്റഗ്രാം പേജിന്റെ ഫോളോവേഴ്‌സ് 150kയിൽ എത്തിയത് ഇതിന്റെ ചുവടുപിടിച്ചാണ്.
Adjust Story Font
16