ലൈറ്റ് ആൻഡ് സൗണ്ട് ഷോ അഴിമതി; എ.പി. അബ്ദുള്ളക്കുട്ടിയുടെ മൊഴിയെടുത്തു
കണ്ണൂർ കോട്ടയിലെ ലൈറ്റ് ആൻഡ് സൗണ്ട് ഷോ പദ്ധതിയിൽ ക്രമക്കേടുണ്ടെന്ന പരാതിയിൽ ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടിയുടെ മൊഴിയെടുത്തു. കണ്ണൂർ പള്ളിക്കുന്നിലെ വീട്ടിലെത്തിയാണ് കണ്ണൂർ വിജിലൻസ് ഡി.വൈ.എസ്.പി മൊഴി രേഖപ്പെടുത്തിയത്.
2011-16 കാലഘട്ടത്തിൽ അബുള്ളക്കുട്ടി കണ്ണൂർ എം.എൽ.എ ആയിരിക്കെ നാലു കോടി രൂപമുടക്കി കോട്ടയിൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോ പദ്ധതി നടപ്പിലാക്കിയത്. കോട്ടയുടെ ചരിത്രം ഡിജിറ്റൽ രൂപത്തിൽ അവതരിപ്പിക്കുന്നതായിരുന്നു പദ്ധതി. എന്നാൽ സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് ഉദ്ഘാടനത്തിനു ശേഷം പദ്ധതി നിലച്ചു. ഇതിനായി തയ്യാറാക്കിയ കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങൾ നശിച്ചു. തുടർന്ന് മാധ്യമവാർത്തകളുടെ അടിസ്ഥാനത്തില്‍ വിജിലൻസ് കേസ് എടുക്കുകയായിരുന്നു. ഇക്കാലയളവിൽ സ്ഥലം എം.എൽ.എ ആയിരുന്ന അബ്‍ദുള്ളക്കുട്ടിയുടെ ഫണ്ടും പദ്ധതിക്കായി വിനിയോഗിച്ചിരുന്നു. കേസിൽ പ്രാഥമികാന്വേഷണം നടത്തുന്നതിന്‍റെ ഭാഗമായാണ് മൊഴിയെടുത്തത്.
അതെ സമയം കണ്ണൂർ കോട്ടയിലെ ലൈറ്റ് ആൻഡ് സൗണ്ട് ഷോ പദ്ധതിയിൽ അഴിമതി നടന്നിട്ടുണ്ടെന്ന് എ.പി അബ്ദുള്ളക്കുട്ടി പ്രതികരിച്ചു. നടന്നത് വൻ അഴിമതിയാണെന്നും അന്നത്തെ ടൂറിസം മന്ത്രിക്കാണ് ഇതില്‍ പങ്കെന്നും അബ്ദുള്ളക്കുട്ടി ആരോപിച്ചു. പിന്നിൽ തട്ടിപ്പ് കമ്പനികൾ ആയിരുന്നുവെന്നും അന്വേഷണം നടക്കട്ടെയെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കി.
Adjust Story Font
16