Quantcast

‘ജോര്‍ജ്ജ് മൂന്നാമന്‍ തീവണ്ടിയോടിക്കുമ്പോള്‍’; കെ.ആര്‍ മീരയുടെ കഥ

കെ.ആര്‍. മീര എഴുതിയ കഥ - ജോര്‍ജ്ജ് മൂന്നാമന്‍ തീവണ്ടിയോടിക്കുമ്പോള്‍

MediaOne Logo

കെ.ആർ മീര

  • Published:

    1 Feb 2019 2:59 AM GMT

‘ജോര്‍ജ്ജ് മൂന്നാമന്‍ തീവണ്ടിയോടിക്കുമ്പോള്‍’; കെ.ആര്‍ മീരയുടെ കഥ
X

എല്ലാ തീവണ്ടികളും മുന്നോട്ടുമാത്രം പാഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. ഞങ്ങളുടെയൊക്കെ യൗവനം. ഞങ്ങളുടെ യൗവനത്തില്‍നിന്ന് നിങ്ങള്‍ക്ക് ഒരുപാടു കാര്യങ്ങള്‍ പഠിക്കാനുണ്ടായിരുന്നു. എന്തൊരു കാലമായിരുന്നു അത്.

അന്ന് ജോര്‍ജ് ഒരു ചൂണ്ടുവിരല്‍കൊണ്ട് രാജ്യത്തെ തീവണ്ടികള്‍ മുഴുവന്‍ പിടിച്ചുനിര്‍ത്തി. ആദ്യം കണ്ടതുമുതല്‍ ജോര്‍ജിനെക്കുറിച്ചു കേള്‍ക്കുമ്പോഴൊക്കെ തീവണ്ടി പായുന്ന ഭൂമിപോലെ ഞാന്‍ പ്രകമ്പനംകൊണ്ടു. അതുകൊണ്ട് ആശ്രമവളപ്പിലേക്ക് അര്‍ദ്ധ രാത്രി കടത്തിക്കൊണ്ടുവന്ന വി.ഐ.പി അദ്ദേഹമാണെന്നറിഞ്ഞപ്പോള്‍ ഞാന്‍ പരിഭ്രാന്തയായി.

മിസ് ഗോണ്‍സാല്‍വസ് എന്ന് ആരൊക്കെയോ ഉറക്കെ വിളിക്കുന്നുണ്ടായിരുന്നു. കേള്‍ക്കാത്തമട്ടില്‍ ഞാന്‍ അഡ്മിനിസ്‌ട്രേറ്ററുടെ ഡ്യൂട്ടി റൂമിലേക്കു പാഞ്ഞു. പക്ഷേ, ഇരിപ്പുറച്ചില്ല. എന്റെ ശരീരത്തിലെ ഓരോ അണുവും വിറപൂണ്ടു. ആശുപത്രിക്കു പിന്നില്‍ അന്തേവാസികള്‍ക്കായുള്ള കെട്ടിടത്തില്‍, ഹിരോഷിമയിലെ അണുബോംബ് സ്‌ഫോടനത്തിന്റെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം തൂക്കിയ കുടുസ്സുമുറിയിലേക്ക് ഞാന്‍ പലായനം ചെയ്തു. കമഴ്ന്നുകിടന്നു. ചുളിഞ്ഞുതൂങ്ങിയ മാറിടം വീതി കുറഞ്ഞ തടിക്കട്ടിലില്‍ അമര്‍ത്തി ഹൃദയത്തെ നിശ്ചലമാക്കാന്‍ യത്‌നിച്ചു. പ്രയോജനമുണ്ടായില്ല.

അദ്ദേഹത്തെ പൂര്‍ണ്ണമായും വെറുക്കാന്‍ എനിക്ക് ഒരിക്കലും സാധിച്ചില്ല. സേനാപതിക്കു ഹസ്തദാനംമാത്രം നല്‍കി കാലാളിനെ ഗാഢം പുണരുന്ന ചക്രവര്‍ത്തിയെ എങ്ങനെ വെറുക്കും?

ഭൂമിയും ആകാശവും ഭിത്തിയും തടിക്കട്ടിലും പ്രകമ്പനം തുടര്‍ന്നു. മേല്‍ക്കൂരയ്ക്കു മുകളിലും കട്ടില്‍ക്കാലുകള്‍ക്കടിയിലും നട്ടെല്ലിലും ഹൃദയത്തിലും അടിവയറ്റിലും അതിവേഗതീവണ്ടികള്‍ പാഞ്ഞു. സ്മൃതികള്‍ ഇരമ്പി. കോലന്‍ മുടി, തീക്ഷ്ണമായ കണ്ണുകള്‍, ഇടിമുഴങ്ങുന്ന ശബ്ദം. അദ്ദേഹത്തെ പ്രവേശിപ്പിച്ച വണ്‍ സി കോട്ടേജില്‍ പിറ്റേന്ന് ഡോക്ടറോടൊപ്പം റൗണ്ട്സിന് പ്രവേശിക്കുന്നതോര്‍ത്ത് അറുപത്തിണ്ടാം വയസ്സിലും ഞാന്‍ വിവശയായി. വീണ്ടും കാണാന്‍ എനിക്കു വയ്യ. ജോര്‍ജിന്റെ സ്മരണപോലും, അതു പാഞ്ഞുപോകുന്ന വഴിയിലെ സര്‍വ്വഞരമ്പുകളെയും ചതയ്ക്കും. എന്തൊരു പുരുഷനായിരുന്നു അദ്ദേഹം.

തീവണ്ടികള്‍ കല്‍ക്കരിയിലോടിയിരുന്ന ആ കാലത്ത്, എന്‍ജിനിന്‍ കരി കോരിയിടുന്ന കേവലനായൊരു തൊഴിലാളിയുടെ മകളെ അദ്ദേഹം എഴുത്തുകാരിയും പ്രണയിനിയുമാക്കി. എഴുത്തുകാരിയും പ്രണയിനിയും. രണ്ടു കൂട്ടരും രഹസ്യങ്ങളുടെ ആരാധകര്‍. അവസാനവരിയിലെ പരിണാമഗുപ്തിയാല്‍ വായനക്കാരെ തകര്‍ത്തെറിയാനുള്ള ആഗ്രഹത്തോടെയാണ് ഞാന്‍ എന്റെ കവിതകള്‍ വിഭാവന ചെയ്തത്. നിഗൂഢതയുടെ തീവ്രതയില്‍ നീറി ദഹിക്കുന്നതിന്റെ ആനന്ദത്തിനുവേണ്ടിയാണ് ഞാന്‍ എന്റെ പ്രണയം ആസൂത്രണം ചെയ്തത്. എന്തൊരു പ്രണയമായിരുന്നു അത്.

സമരങ്ങളുടെ സമാന്തരമായ ഇരുമ്പുകമ്പികള്‍ സ്വപ്നങ്ങളുടെ തടിക്കഷണങ്ങള്‍കൊണ്ട് ബന്ധിച്ചുണ്ടാക്കിയ പാളങ്ങളിലൂടെ പാഞ്ഞുപോകുന്ന ജീവിതത്തെക്കുറിച്ച് ഞങ്ങളുടെ ആംഗ്ലോ ഇന്‍ഡ്യന്‍ ഇംഗ്ലിഷില്‍ ഞാന്‍ എത്രയോ കവിതകള്‍ എഴുതി. കവിതകളില്‍ ഞാന്‍ ജോര്‍ജിനെ രാജാവ്, ചക്രവര്‍ത്തി, സാമ്രാജ്യം, കിരീടം, പാളങ്ങള്‍, തീവണ്ടി തുടങ്ങിയ രൂപകങ്ങളിലും ബിംബങ്ങളിലും വേഷപ്രച്ഛന്നനാക്കി. ജോര്‍ജ് ഒന്നാമന്‍, പ്രീയൂണിവേഴ്‌സിറ്റി നോട്ട്ബുക്കിന്റെ താളുകളില്‍ ഞാന്‍ ആവര്‍ത്തിച്ചു കുറിച്ചു, കരിപിടിച്ച ഈ ലോകം വെടിപ്പായിത്തീരുന്ന ദിവസമെത്താന്‍ നിന്റെ കിരീടധാരണത്തിനായി ഞാന്‍ കാത്തിരിക്കുന്നു; നിന്റെ സാമ്രാജ്യത്തിലെ പ്രജയും പട്ടമഹിഷിയുമായിത്തീരാന്‍ ഞാന്‍ ആര്‍ത്തിയോടെ ആഗ്രഹിക്കുന്നു. സ്വന്തം കവിത വായിച്ച് ഞാന്‍ ഉന്മത്തയായി. വെറുതെ തുള്ളിച്ചാടി. മുറിയില്‍ വട്ടംകറങ്ങി. വെറും നിലത്തുരുണ്ടു. പതിനേഴുവയസ്സിന്റെ മിനുമിനുത്ത തുടകളില്‍നിന്ന് പറന്നുയരാന്‍ ഞൊറിവില്ലാത്ത എന്റെ കളംകളം ഫ്രോക്കുകള്‍ വ്യഗ്രതപ്പെട്ടു.

ജോര്‍ജ് ഒന്നാമന്‍. കരിപുരണ്ടു കറുപ്പായിത്തീര്‍ന്ന നീല യൂണിഫോമുകള്‍ തോരാനിട്ടിരുന്ന ഞങ്ങളുടെ ഗലികളിലൂടെ അദ്ദേഹം തനിച്ചെഴുന്നള്ളി. പുരോഹിതന്റെ കുപ്പായമൂരി യൂണിയന്‍ നേതാവായ ചെറുപ്പക്കാരന്‍ അഴിമതിയുടെയും അധികാരത്തിന്റെയും ഭാഷയ്ക്കു പകരം വിപ്ലവത്തിന്റെയും സമത്വത്തിന്റെയും ഭാഷ സംസാരിച്ച് ഞങ്ങളെ ഹരം പിടിപ്പിച്ചു. ഞങ്ങളുടെ ക്വാര്‍ട്ടേഴ്‌സിന്റെ മുമ്പിലെ ചാര്‍പ്പായയില്‍ കിടന്നുറങ്ങി. ഞങ്ങളുടെ ടോസ്റ്റും ചപ്പാത്തിയും മീന്‍കറിയും പങ്കുവെച്ചു. കോലന്‍ മുടി, തീക്ഷ്ണമായ കണ്ണുകള്‍, മൂര്‍ച്ചയുള്ള വാക്കുകള്‍. നിലാവില്‍, മുറ്റത്തെ കയറുകട്ടിലില്‍ ചാരിക്കിടക്കുന്ന ജോര്‍ജിനെ ജനാലവിരികള്‍ക്കിടയിലൂടെ ഞാന്‍ മതിവരാതെ നോക്കി. കോട്ടും സൂട്ടുമിട്ട ഡാഡിയും വെളുത്ത ബ്രൈഡല്‍ ഗൗണ്‍ ധരിച്ച മമ്മിയും കേക്കുമുറിക്കുന്ന ഫോട്ടോയ്ക്കു താഴെയുള്ള പഠനമേശയില്‍ തലചായ്ച്ചുകിടന്ന് കോട്ടും സൂട്ടും ധരിച്ച ജോര്‍ജിനെയും വെളുത്ത ഗൗണ്‍ ധരിച്ച എന്നെയും സങ്കല്പിച്ചു. അദ്ദേഹത്തെ കാണുമ്പോഴും ശബ്ദം കേള്‍ക്കുമ്പോഴും എന്റെ ശരീരം പ്രകമ്പനംകൊണ്ടു.

തീവണ്ടിയാത്ര പോലെയായിരുന്നു ജോര്‍ജിന്റെ വളര്‍ച്ച. കടകടാരവത്തോടെയും ചൂളംവിളിയോടെയും തുടക്കത്തില്‍ സാവധാനവും പിന്നീട് എത്തിപ്പിടിക്കാന്‍ കഴിയാത്ത സ്ഥിരമായ വേഗത്തിലും ജോര്‍ജ് മുന്നോട്ടു പാഞ്ഞു. തെരഞ്ഞെടുപ്പില്‍ ഒരു വലിയ നേതാവിനെ ജോര്‍ജ് മലര്‍ത്തിയടിച്ചപ്പോള്‍ തുടര്‍ന്ന് എത്രയോ രാവും പകലും എന്റെ ഹൃദയം അഭിമാനംകൊണ്ടും അതേ അളവില്‍ ദുഃഖംകൊണ്ടും കിടുങ്ങി.

എന്റെ ആദ്യപ്രണയം. വാസ്തവത്തില്‍, അവസാനത്തേതും. ആദ്യപ്രണയ ത്തിന്റെ ആകെ നന്മ അത് യാത്രയുടെ തുടക്കമാണെന്നതു മാത്രമാണ്. യാത്രക്കാരുടെ ശുഭ്രവും നിഷ്‌കളങ്കവുമായ കുപ്പായങ്ങള്‍ ഉടയുകയോ ഉലയുകയോ അഴുക്കു പുരളുകയോ ചെയ്തിട്ടുണ്ടാകുകയില്ല. മനസ്സിലെ ശുഭപ്രതീക്ഷകള്‍ ചതഞ്ഞുതുടങ്ങിയിട്ടുണ്ടാവില്ല. വണ്ടി പാളംതെറ്റുമെന്നോ പാലത്തില്‍നിന്ന് പുഴയിലേക്കു പതിക്കുമെന്നോ ഭയപ്പെടാന്‍ മാത്രം അനുഭവസമ്പത്തുണ്ടാകുകയില്ല. പ്ലാറ്റ്‌ഫോമില്‍ ഓടിയെത്തുംമുമ്പേ വിട്ടുപോയ വണ്ടിയില്‍ എനിക്കുവേണ്ടി കാത്തുനില്‍ക്കാന്‍ കൂട്ടാക്കാതെ ജോര്‍ജ് ധൃതിയില്‍ പാഞ്ഞു. പിന്നാലെ ഓടിച്ചെല്ലാന്‍ ഞാന്‍ ഉത്ക്കടമായി ആഗ്രഹിച്ചു. പക്ഷേ, കണ്ണടച്ചുതുറക്കുംമുമ്പ് വണ്ടിയും ജോര്‍ജും കണ്ണില്‍നിന്നു മാഞ്ഞു. വളരെപ്പെട്ടെന്ന് അദ്ദേഹം വിവാഹിതനായി. തീവണ്ടികളുടെ കടകട ശബ്ദത്തില്‍ എന്റെ ഹൃദയമിടിപ്പുകള്‍ അരഞ്ഞുചേര്‍ന്നു.

ഞങ്ങളുടെയൊക്കെ മദ്ധ്യവയസ്സിലുമുണ്ട് നിങ്ങള്‍ക്ക് പഠിക്കാന്‍ ഒരുപാട് പാഠങ്ങള്‍. വര്‍ഗീയ പാര്‍ട്ടികള്‍ക്ക് അനുകൂലമായ ജോര്‍ജിന്റെ പ്രസ്താവന വായിച്ചപ്പോള്‍ നാവില്‍ വിഷപ്പുകയുടെ കയ്പ് നിറഞ്ഞു.

നാല്‍പതു വര്‍ഷത്തിനുശേഷവും കഠിനമായ ആ വേദന എന്നെ തകര്‍ക്കാറുണ്ട്. പിന്നെ രണ്ടു വഴി പിരിഞ്ഞ് തിരിച്ചുപോകാന്‍ പറ്റാത്ത ദൂരങ്ങള്‍ താണ്ടിയശേഷം, മുറ്റത്തു ചുവന്ന പൂക്കള്‍ നിറഞ്ഞ വീപ്പിങ് വില്ലോ മരങ്ങളുള്ള ആശ്രമത്തില്‍ ഒന്നിക്കാനായിരുന്നു ഞങ്ങളുടെ നിയോഗം. ഞങ്ങളുടെ ജീവിതത്തില്‍നിന്ന് ഒരുപാടു കാര്യങ്ങള്‍ നിങ്ങള്‍ക്കു പഠിക്കാനുണ്ട്. എന്തൊരു കാലമായിരുന്നു അത്.

പുകയുന്ന ഉമിക്കൂനപോലെയൊരു ലോകം. തീവണ്ടി സമരം. ഇരുപതു ദിവസം രാജ്യം നിശ്ചലമായി. മുംബൈ വി.ടി.യില്‍ നിര്‍ത്തിയിട്ട തീവണ്ടിക്കു മുകളില്‍നിന്ന് ചുവന്ന ഹാരം കഴുത്തിലിട്ട് ജോര്‍ജ് പ്രസംഗിക്കുന്ന ചിത്രം വിസ്മരിക്കാന്‍ സാധ്യമല്ല. ഇരുപതു ദിവസം. രാജ്യം ഭരിച്ചവരെ ജോര്‍ജ് വിറപ്പിച്ചു. സമരം പരാജയപ്പെട്ടെങ്കിലും ജോര്‍ജ് വിജയശ്രീലാളിതനായി. പിന്നീട് ബൂട്ടുകളുടെയും വിസിലുകളുടെയും കാലമെത്തി. തോക്കിന്റെ പാത്തികൊണ്ടുള്ള അടിയേറ്റ് എന്റെ ഡാഡി ആശുപത്രിയിലായി. ജോര്‍ജ് ഒളിവില്‍ പോയി. രാജ്യത്തെ മുഴുവന്‍ അദ്ദേഹം വെല്ലുവിളിച്ചു. ജോര്‍ജിനെ തിരഞ്ഞ് പോലീസിനു ഭ്രാന്തിളകി. ജോര്‍ജിന്റെ വൃദ്ധപിതാവും സഹോദരന്മാരും അറസ്റ്റിലായി. ഒരു സഹോദരന്റെ കാല്‍ പോലീസ് തല്ലിയൊടിച്ചു. പക്ഷേ, അദ്ദേഹത്തെ കണ്ടെത്താന്‍ അവര്‍ക്കു കഴിഞ്ഞില്ല.

നഴ്‌സിങ് ക്വാര്‍ട്ടേഴ്‌സിലെ എന്റെ കുടുസ്സുമുറിയില്‍ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കുഞ്ഞിനെയെന്നതുപോലെ ജോര്‍ജിനെ ഞാന്‍ പതിനെട്ടുദിവസം ഒളിപ്പിച്ചു. ഭാര്യയോടൊപ്പം ഹോട്ടലില്‍ ഭക്ഷണം കഴിക്കുമ്പോഴാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച വാര്‍ത്ത റേഡിയോയിലൂടെ കേട്ടത്. അദ്ദേഹം എഴുന്നേറ്റു. എനിക്കു പോകണം. രാജ്യത്തിന് എന്നെ ആവശ്യമുണ്ട്. ജോര്‍ജ് ഇറങ്ങി വന്നു. അവള്‍ എത്രനേരം കാത്തിരുന്നു എന്ന് അറിയില്ല--ജോര്‍ജ് ഇടയ്ക്കിടെ എന്നോടു മന്ത്രിച്ചു. ഞങ്ങളുടെ കുഞ്ഞ്--അവന്‍ കരയുന്നുണ്ടായിരുന്നു. ആ ദിവസങ്ങളിലൊന്നും ഞാന്‍ ജോര്‍ജിനെ നോക്കാന്‍ ധൈര്യപ്പെട്ടില്ല. അദ്ദേഹത്തോടു സംസാരിക്കാന്‍ ധൈര്യപ്പെട്ടില്ല. ഭക്ഷണം വിളമ്പുമ്പോഴോ പുസ്തകങ്ങള്‍ കൈമാറുമ്പോഴോ വിരലുകള്‍ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രദ്ധിച്ചു.

ജോര്‍ജ് ഒളിവില്‍ പോയി. രാജ്യത്തെ മുഴുവന്‍ അദ്ദേഹം വെല്ലുവിളിച്ചു. ജോര്‍ജിനെ തിരഞ്ഞ് പോലീസിനു ഭ്രാന്തിളകി. നഴ്‌സിങ് ക്വാര്‍ട്ടേഴ്‌സിലെ എന്റെ കുടുസ്സുമുറിയില്‍ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കുഞ്ഞിനെയെന്നതുപോലെ ജോര്‍ജിനെ ഞാന്‍ പതിനെട്ടുദിവസം ഒളിപ്പിച്ചു.

ജോര്‍ജ് മുറിയില്‍ പാഞ്ഞുനടന്നു. കല്‍ക്കരി കത്തുമ്പോഴുള്ള ചുവന്ന പ്രഭ മുഖത്ത് സദാ ജ്വലിച്ചു. വല്ലാത്ത ഭീകരതയായിരുന്നു ചുറ്റും. ജോര്‍ജ് ഉറങ്ങുമ്പോള്‍ ഞാന്‍ കാവലിരുന്നു. പുറത്ത് പാദപതനം കേട്ടാല്‍ കിടിലംകൊണ്ടു. ബോംബ് വീണ ഹിരോഷിമയുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം അന്നുമെന്റെ ചുമരിലുണ്ടായിരുന്നു. ഒരു ഭീമന്‍ കൂണിന്റെ ആകൃതിയില്‍ ഉയര്‍ന്നുപൊന്തിയ പുകയുടെ സ്തൂപം നോക്കിയിരുന്ന് ഞാന്‍ രാത്രികള്‍ വെളുപ്പിച്ചു.

ജോര്‍ജിന്റെ സ്‌നേഹിതയെ അറസ്റ്റുചെയ്ത വാര്‍ത്തകള്‍ അധികം വൈകാതെ വന്നു. അവര്‍ രോഗിയായിരുന്നു. അവര്‍ കസ്റ്റഡിയില്‍ മരിച്ചതറിഞ്ഞ് അദ്ദേഹം വികാരാധീനനായി. കീഴടങ്ങാന്‍ അദ്ദേഹം യാത്രയായ നിമിഷം എനിക്കിന്നും ഓര്‍മ്മയുണ്ട്. ഞാന്‍ വീര്‍പ്പുമുട്ടലടക്കി നിശ്ശബ്ദയായി പിന്നിലൊളിപ്പിച്ച കൈകളാല്‍ ഭിത്തിയില്‍ അള്ളി പ്പിടിച്ചുനിന്നു. അദ്ദേഹം പുറത്തേക്കു പോകുംവഴി എന്റെ തലയ്ക്കുമുകളില്‍നിന്ന് ആ ചിത്രം പറിച്ചെടുത്തു. ഞാന്‍ ഞെട്ടി പിന്നോക്കം മാറി. എന്നെ തിരിഞ്ഞുനോക്കിയില്ല. യാത്ര പറഞ്ഞതുമില്ല.

പിന്നീട് അവിടം വിട്ടുപോകുംവരെ ചിത്രത്തിന്റെ ഒട്ടലിന്റെ അടയാളങ്ങള്‍ അവശേഷിച്ച ഭിത്തിയിലെ ശൂന്യതയിലേക്കു നോക്കി നിസ്സഹായയായ പ്രണയിനി ഹൃദയംപൊട്ടിക്കരഞ്ഞു. എന്തൊരു ദുഃഖമായിരുന്നു അത്. നിരാസത്തിന്റെ ബോംബ് വീണ് ഹൃദയം പണ്ടേ തകര്‍ന്നിരുന്നു. വിഷപ്പുകയുടെ ഭീമന്‍ കൂണ്‍ നെഞ്ചില്‍ നിമിഷംപ്രതി വളര്‍ന്നു. കൈയിലും കാലിലും ചങ്ങലയിട്ടാണ് പോലീസ് അദ്ദേഹത്തെ കോടതിയിലേക്കു കൊണ്ടുപോയത്. എന്റെ ഹൃദയത്തില്‍ രോഷവും വേദനയും അതേ അളവില്‍ അഭിമാനവും ആളിക്കത്തി. എനിക്ക് എല്ലാം തച്ചുതകര്‍ക്കാനും പൊട്ടിക്കരയാനും പൊട്ടിച്ചിരിക്കാനും തോന്നി. കൈയിലും കാലിലും ചങ്ങലകള്‍ അലങ്കാരമാക്കി തലയുയര്‍ത്തി നടന്നുപോയ ജോര്‍ജിനെയോര്‍ത്താണ് പില്‍ക്കാലത്ത് ഹൃദയം എല്ലാ ഇല്ലായ്മകള്‍ക്കും ജീവിതത്തിനു മാപ്പു നല്‍കിയത്.

പിന്നെ ഒന്നരക്കൊല്ലത്തെ ജയില്‍വാസം, സര്‍ക്കാരിന്റെ വീഴ്ച, തെരഞ്ഞെടുപ്പ്, ജയിലില്‍ക്കിടന്നു പുറത്തുള്ളവര്‍ക്കു കിട്ടാത്ത ഭൂരിപക്ഷത്തോടെ ജോര്‍ജിന്റെ ജയം, മന്ത്രിപദം. എന്തൊരു കാലമായിരുന്നു അത്. പക്ഷേ, അപ്പോഴേക്ക് ഞാന്‍ എഴുത്തുകാരിയല്ലാതായിക്കഴിഞ്ഞിരുന്നു. സൈന്യത്തിലെ ഒരു സാധാരണ നേഴ്‌സ്. സ്വഭാവംകൊണ്ടും സംസ്‌കാരംകൊണ്ടും ആഗ്രഹംകൊണ്ടും ഒറ്റപ്പെട്ടുപോയവള്‍. വിട്ടുപോയ വണ്ടിയില്‍ ഓടിക്കയറാനോ അടുത്ത വണ്ടിയില്‍ യാത്രതുടരാനോ കഴിയാതെപോയവള്‍. പ്ലാറ്റ്‌ഫോമില്‍ കുടുങ്ങിയ ജീവിതം.

പക്ഷേ, കണ്ണടച്ചുതുറക്കുംമുമ്പ് വണ്ടിയും ജോര്‍ജും കണ്ണില്‍നിന്നു മാഞ്ഞു. വളരെപ്പെട്ടെന്ന് അദ്ദേഹം വിവാഹിതനായി. തീവണ്ടികളുടെ കടകട ശബ്ദത്തില്‍ എന്റെ ഹൃദയമിടിപ്പുകള്‍ അരഞ്ഞുചേര്‍ന്നു. 40 വര്‍ഷത്തിനുശേഷവും കഠിനമായ ആ വേദന എന്നെ തകര്‍ക്കാറുണ്ട്.

എന്തുകൊണ്ടാണ് ഞങ്ങളുടെയൊക്കെ ജീവിതം അങ്ങനെയായിപ്പോയത്? അതറിയാന്‍ ഞാന്‍ ആര്‍ത്തിയോടെ ചരിത്രപുസ്തകങ്ങള്‍ വായിച്ചു. ഒരു നഴ്‌സിന് ആവശ്യമില്ലാത്ത ജിജ്ഞാസയോടെ ഞാന്‍ രാജാക്കന്മാരെയും ചക്രവര്‍ത്തിമാരെയും പഠിച്ചു. എല്ലാ അന്വേഷണങ്ങളും എന്നെ ജോര്‍ജുമാരിലേക്കുതന്നെ എത്തിച്ചു. ജോര്‍ജ് ഒന്നാമന്‍ ഹാനോവറില്‍നിന്നുള്ള ആദ്യ ബ്രിട്ടീഷ് രാജാവ്. ജോര്‍ജ് രണ്ടാമന്‍, സൈന്യത്തെ നയിച്ച അവസാന ബ്രിട്ടീഷ് ചക്രവര്‍ത്തി. ജോര്‍ജ് രണ്ടാമന്‍, പത്രത്താളുകളിലെ മന്ത്രിയുടെ ചിത്രങ്ങള്‍ നോക്കി ഞാന്‍ വ്യാകുലപ്പെട്ടു, ചെങ്കോലേന്തിയിട്ടും എന്തുകൊണ്ടാണ് നിന്റെ രാജ്യം വരാത്തത്? എന്തുകൊണ്ടാണ് നിന്റെ പടനീക്കങ്ങള്‍ ആരംഭിക്കാത്തത്? ഞാന്‍ യുദ്ധഭൂമികളില്‍ അലഞ്ഞു. മുറിവേറ്റ സൈനികര്‍ ജോര്‍ജിനെ ഓര്‍മ്മിപ്പിച്ചു. അവരുടെ മുറിവുകള്‍ എന്റെ നഷ്ടപ്രണയത്തെ കൂകിവിളിച്ചു.

കച്ചില്‍നിന്ന് സ്ഥലംമാറ്റംകിട്ടി രാജസ്ഥാനിലേക്കു തീവണ്ടിയിലിരിക്കെ യാണ് ജോര്‍ജും ഭാര്യയും വേര്‍പിരിഞ്ഞത് അറിഞ്ഞത്. തീവണ്ടിയുടെ കുടുക്കത്തില്‍ സഹയാത്രികരുടെ വാക്കുകള്‍ കരിങ്കല്‍ച്ചീളുകള്‍പോലെ എന്റെമേല്‍ തെറിച്ചു. അദ്ദേഹത്തിന്റെ സുന്ദരിയും സമര്‍ത്ഥയുമായ സഹപ്രവര്‍ത്തകയുടെ വിവാഹമോചനവും എന്നെ മുറിവേല്പിച്ചു. പിന്നീട് യാത്ര തീരുവോളം ഞാനൊന്നും കേട്ടില്ല, ഒന്നും ഭക്ഷിച്ചില്ല, അല്‍പവും ഉറങ്ങിയില്ല. മുമ്പേ പോയ വണ്ടി പാളംതെറ്റിയതും ഞങ്ങളുടെ വണ്ടി മണിക്കൂറുകളോളം കുടുങ്ങിക്കിടന്നതും വെള്ളവും ഭക്ഷണവുമില്ലാതെ കൊടുംചൂടില്‍ യാത്രക്കാര്‍ ബുദ്ധിമുട്ടിയതും പിന്നീട് പത്രത്തില്‍നിന്നാണ് ഞാനറിഞ്ഞത്.

എനിക്കു ദാഹിച്ചില്ല. അതുകൊണ്ട് വെള്ളം വേണ്ടിവന്നില്ല. എനിക്കു വിശന്നില്ല. അതുകൊണ്ട് ഭക്ഷണം വേണ്ടിവന്നില്ല. ഞാന്‍ വിവാഹം കഴിച്ചില്ല. അതുകൊണ്ട് വിവാഹമോചിതയായില്ല. ആത്മാവ് കത്തിക്കെട്ടു. ശരീരം തരിതരിയായി പൊടിഞ്ഞു. സ്വപ്നത്തിന്റെ വണ്ടികളെ കടലെടുത്തു. കാലത്തിന്റെ ഉപ്പുവെള്ളം അവയില്‍ തുരുമ്പിന്റെ ചെതുമ്പലുകള്‍ മുളപ്പിച്ചു. കാലം മനുഷ്യരെ എങ്ങനെയെല്ലാം ചതച്ചരയ്ക്കുന്നു. എങ്ങോട്ടെല്ലാം ഇടിച്ചുതെറിപ്പിക്കുന്നു. ജോര്‍ജും മാറുകയായിരുന്നു. ചില പാളംതെറ്റലുകള്‍. ചില തലകീഴ്മറിച്ചിലുകള്‍. എനിക്കും എന്റെ കരിപ്പണിക്കാരന്‍ ഡാഡിക്കും പരിചയമില്ലാത്ത ജോര്‍ജ്.

ഞങ്ങളുടെ യൗവനം മാഞ്ഞുതുടങ്ങിയിരുന്നു. മദ്ധ്യവയസ്സ് ആരംഭിച്ചിരുന്നു. ഞങ്ങളുടെയൊക്കെ മദ്ധ്യവയസ്സിലുമുണ്ട് നിങ്ങള്‍ക്ക് പഠിക്കാന്‍ ഒരുപാട് പാഠങ്ങള്‍. വര്‍ഗീയ പാര്‍ട്ടികള്‍ക്ക് അനുകൂലമായ ജോര്‍ജിന്റെ പ്രസ്താവന വായിച്ചപ്പോള്‍ നാവില്‍ വിഷപ്പുകയുടെ കയ്പ് നിറഞ്ഞു. ഞാന്‍ സൈന്യത്തില്‍നിന്നു പിരിയാന്‍ തീരുമാനിച്ച വര്‍ഷമാണ് ജോര്‍ജ് വീണ്ടും മന്ത്രിയായത്. സത്യപ്രതിജ്ഞയുടെ ദിവസം ഡാഡിയുടെ ഓര്‍മ്മകള്‍ എന്നെ അസ്വസ്ഥയാക്കി.

മുംബൈ വി.ടി.യില്‍ നിര്‍ത്തിയിട്ട തീവണ്ടിക്കു മുകളില്‍നിന്ന് ചുവന്ന ഹാരം കഴുത്തിലിട്ട് ജോര്‍ജ് പ്രസംഗിക്കുന്ന ചിത്രം വിസ്മരിക്കാന്‍ സാധ്യമല്ല. ഇരുപതു ദിവസം. രാജ്യം ഭരിച്ചവരെ ജോര്‍ജ് വിറപ്പിച്ചു. സമരം പരാജയപ്പെട്ടെങ്കിലും ജോര്‍ജ് വിജയശ്രീലാളിതനായി.

ഡാഡിയുടെ കണ്‍വെട്ടത്തുതന്നെ എല്ലാം മാറിമറിഞ്ഞിരുന്നു. കരിവണ്ടി ഡീസല്‍വണ്ടിയായി. പഴയ ശത്രുക്കള്‍ പുതിയ മിത്രങ്ങളായി. പഴയ മിത്രങ്ങള്‍ പുതിയ ശത്രുക്കളായി. തോക്കിന്റെ പാത്തിയുടെ അടിയേറ്റുള്ള വീഴ്ചയില്‍നിന്ന് ഡാഡി ഒരിക്കലും എഴുന്നേറ്റില്ല. പക്ഷേ, അവസാന ശ്വാസംവരെ വീണ്ടും എഴുന്നേല്‍ക്കുമെന്നു വിശ്വസിച്ചു. ജോര്‍ജിനെ സ്‌നേഹിച്ചു. സര്‍വ്വസന്നാഹങ്ങളോടെയും ജോര്‍ജ് വീണ്ടും വരുമെന്ന് ഉള്ളഴിഞ്ഞു പ്രതീക്ഷിച്ചു. ജോര്‍ജിന്റെ മൂന്നാം വരവ്.

ഡീസല്‍ വണ്ടി വൈദ്യുതിവണ്ടിയായി. ഭരണകൂടങ്ങള്‍ മാറി. അധികാരത്തിന്റെ മുഖച്ഛായകള്‍ മാറി. എന്റെയും അദ്ദേഹത്തിന്റെയും പ്രണയഭാജനങ്ങ ളൊഴികെ മറ്റെല്ലാം, എല്ലാവരും മാറി. ജോര്‍ജ് മൂന്നാമന്‍, ഞാന്‍ വിചാരിച്ചു, നെപ്പോളിയനുമായി യുദ്ധം ചെയ്ത ജോര്‍ജ് മൂന്നാമന്‍, അമേരിക്കയില്‍ പടയോട്ടം നടത്തിയ ജോര്‍ജ് മൂന്നാമന്‍. ചില യുദ്ധങ്ങള്‍ ജയിച്ചു. ചിലതൊക്കെ പരാജയപ്പെട്ടു. ചിലപ്പോഴൊക്കെ ഒളിയമ്പുകളേറ്റു. കൈയിലും കാലിലും ചങ്ങല വീഴുമ്പോഴും തലയുയര്‍ത്തിയുള്ള നടപ്പുമാത്രം മാറിയില്ല. അതുകൊണ്ട് അദ്ദേഹത്തെ പൂര്‍ണ്ണമായും വെറുക്കാന്‍ എനിക്ക് ഒരിക്കലും സാധിച്ചില്ല. സേനാപതിക്കു ഹസ്തദാനംമാത്രം നല്‍കി കാലാളിനെ ഗാഢം പുണരുന്ന ചക്രവര്‍ത്തിയെ എങ്ങനെ വെറുക്കും?

ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് മുന്‍ പ്രധാനമന്ത്രി എ.ബി വാജ്പേയി, രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാം എന്നിവര്‍ക്കൊപ്പം പൊഖ്റാനില്‍

അണുപരീക്ഷണകാലത്ത് എല്ലാം തച്ചുതകര്‍ക്കാന്‍ എന്റെ ചുളിവീണ കൈകള്‍ വെമ്പിയതാണ്. പക്ഷേ, അപ്പോള്‍ ഏതോ ടിവി ചാനലില്‍ ജോര്‍ജിന്റെ കാവല്‍ക്കാരില്ലാത്ത വീടുകണ്ടു . ഓഫീസ് മുറി കണ്ടു. ചുവരില്‍ ആ ചിത്രം. എന്റെ ചുവരില്‍ തൂങ്ങിയിരുന്ന ഹിരോഷിമയുടെ അതേ ചിത്രം. തച്ചുതകര്‍ക്കാന്‍ തരിച്ച കൈകള്‍ തളര്‍ന്നു. വാര്‍ദ്ധക്യത്തിന്റെ കരിപ്പൊടിക്കിടയില്‍ യൗവ്വനത്തിന്റെ കനലുകള്‍ വീണ്ടും ജ്വലിച്ചു. വെറുതെ. അഭിമാനത്തോടെ സ്‌നേഹിക്കാന്‍ അധികമാരുണ്ട്, ഞങ്ങളുടെയൊക്കെ ജീവിതത്തില്‍?

ആശ്രമത്തിലേക്ക് ജോര്‍ജിന്റെ വരവ് എനിക്ക് ഒരടിയായിരുന്നു. ആ സത്യത്തോടു പൊരുത്തപ്പെടുക ദുഷ്‌കരമായിരുന്നു. ഞാന്‍ അദ്ദേഹത്തെക്കുറിച്ചു കേള്‍ക്കാതിരിക്കാന്‍ യത്‌നിച്ചു. ഞാനൊരു വൃദ്ധ. രോഗികളെ ശുശ്രൂഷിക്കുകയല്ലാതെ മറ്റൊന്നും എനിക്കു ചെയ്യാനില്ല. എന്നെക്കുറിച്ചു വേവലാതിപ്പെടാന്‍ ആരുമില്ല. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വഴിത്തിരിവുകള്‍ക്കു സാക്ഷ്യം വഹിച്ച അസംഖ്യം സാധാരണക്കാരില്‍ ഒരാള്‍. ഞങ്ങള്‍ ജീവിച്ചു. കൂടുതല്‍ നല്ല ജീവിതം പ്രതീക്ഷിച്ചു. ആയുസ്സെത്തിയോ എത്താതെയോ മരിച്ചു. മനസ്സിനൊപ്പം കുതിക്കാന്‍ ശരീരം ഊര്‍ജ്ജസ്വലമായിരുന്ന കാലത്ത് വരാനിരിക്കുന്ന വണ്ടികളെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ ബാക്കിനിന്നു. ശരീരം ദുര്‍ബ്ബലമായപ്പോള്‍ ഇച്ഛാഭംഗത്തില്‍ മനസ്സും ദ്രവിച്ചു. ഒരു പുലര്‍ച്ചെ ആംബുലന്‍സിന്റെ ചൂളംവിളികേട്ട് ഞാന്‍ ചാടിയെണീറ്റു. മണി രണ്ടു കഴിഞ്ഞിരുന്നു. ആശ്രമവളപ്പില്‍ രോഗികളെ മോണിങ് വാക്കിനു കൊണ്ടു പോകുന്ന മണല്‍വഴികളിലൂടെ ഞങ്ങളുടെ ആംബുലന്‍സ് ചരിഞ്ഞ് ഓടുന്നതുകണ്ട് ഞാന്‍ മിഴിച്ചുപോയി. ആരാണ് പേഷ്യന്റ്‌സിനെ ബുദ്ധിമുട്ടിക്കാന്‍ ആംബുലന്‍സ് ഓടിച്ചുകളിക്കുന്നത് എന്ന് ആക്രോശിച്ച് ഞാന്‍ വരാന്തയിലേക്കിറങ്ങി. ഓടിവന്ന അറ്റന്‍ഡര്‍ തലചൊറിഞ്ഞു. അത് ആ വണ്‍ സിയിലെ വി.ഐ.പിയാണ് മാഡം.

പാര്‍ലമെന്റില്‍ പോകാന്‍ നേരമായെന്നു പറഞ്ഞു ബഹളംകൂട്ടി. വണ്ടിയെവിടെ എന്നു ചോദിച്ചു വഴക്കിട്ടു. ഹോ എന്തൊരു ശബ്ദം. ഇടിമുഴക്കംപോലെ. ഡോക്ടര്‍ സാബാണു പറഞ്ഞത്, ചുമ്മാ ഒന്നു വട്ടം കറക്കാന്‍. ഞാന്‍ തകര്‍ന്നുപോയി. ഉച്ചിയില്‍ ചുവന്ന വെട്ടവുമായി ആംബുലന്‍സ് വട്ടംചുറ്റി. അപ്പോഴും ബാക്കിയുള്ള നിലാവില്‍ അത് ബോഗികള്‍ ഉപേക്ഷിച്ച എന്‍ജിനെ ഓര്‍മ്മിപ്പിച്ചു. ഒരു വൃത്തം പൂര്‍ത്തിയാക്കി എനിക്കുമുമ്പിലൂടെ കടന്നുപോയപ്പോള്‍ ചില്ലുകള്‍ക്കുള്ളില്‍ തലയുയര്‍ത്തിപ്പിടിച്ചിരിക്കുന്ന രൂപം കണ്ടു. ഞാന്‍ സ്വപ്നത്തിലെന്നതുപോലെ നോക്കി നിന്നു. എത്രപെട്ടെന്നാണ് ഞങ്ങള്‍ വൃദ്ധരായത്. അതെ, വാര്‍ദ്ധക്യം. മുന്നോട്ടുമാത്രം ഓടാന്‍ കഴിയുന്ന കാലം കഴിഞ്ഞു. ഇനിയുള്ള ഓട്ടം വട്ടത്തിലാണ്. ഒരേ വൃത്തപരിധിയില്‍. അവനവനു പിന്നാലെ, അവനവനെ തിരിച്ചുപിടിക്കാനുള്ള ഓട്ടം. എന്റെ കണ്ണുകള്‍ നീറി നനഞ്ഞു.

ഏറെനേരം വട്ടത്തിലോടിയ വണ്ടി വണ്‍ സി കോട്ടേജിനുമുമ്പില്‍ ഓട്ടം നിര്‍ത്തി. അറ്റന്‍ഡറും നേഴ്‌സും ഓടിച്ചെല്ലുന്നതും മെലിഞ്ഞ ഒരു രൂപത്തെ പുറത്തിറക്കി വാതില്‍ക്കലേക്കു നടത്തുന്നതും ഞാന്‍ കിടിലത്തോടെ നോക്കിനിന്നു. രോഗികളുടെ തലയ്ക്കല്‍ തൂക്കിയിടുന്ന കേസ്ഷീറ്റ് അദ്ദേഹം ഇടംകൈയില്‍ ഏതോ സുപ്രധാന ഫയല്‍പോലെ അന്തസ്സില്‍ പിടിച്ചിരുന്നു. നടക്കുമ്പോള്‍ അദ്ദേഹം പഴയതുപോലെ തലയുയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ചു. പക്ഷേ, ചുവടുകള്‍ വേച്ച് വീഴാ നാഞ്ഞു. എന്തൊരു കാഴ്ചയായിരുന്നു അത്.

പിന്നീട് യാത്ര തീരുവോളം ഞാനൊന്നും കേട്ടില്ല, ഒന്നും ഭക്ഷിച്ചില്ല, അല്‍പവും ഉറങ്ങിയില്ല. മുമ്പേ പോയ വണ്ടി പാളംതെറ്റിയതും ഞങ്ങളുടെ വണ്ടി മണിക്കൂറുകളോളം കുടുങ്ങിക്കിടന്നതും വെള്ളവും ഭക്ഷണവുമില്ലാതെ കൊടുംചൂടില്‍ യാത്രക്കാര്‍ ബുദ്ധിമുട്ടിയതും പിന്നീട് പത്രത്തില്‍നിന്നാണ് ഞാനറിഞ്ഞത്.

നിലാവില്‍, കൈയിലും കാലിലും അദൃശ്യമായ ചങ്ങലകളിട്ട യോദ്ധാവിനെപ്പോലെ കൂനിയും ഇടറിയും അദ്ദേഹം ചുവടുവെച്ചു. പടികയറുമ്പോള്‍ പക്ഷേ, തലചെരിച്ച് എന്നെ നോക്കി. തിരിച്ചറിയാന്‍ കഴിയുന്നതിനെക്കാള്‍ ഇരുളിലായിരുന്നു ഞാന്‍. എന്നിട്ടും അദ്ദേഹം പുഞ്ചിരിച്ചു. വലതുകൈ വീശി. ശക്തിയില്ലാതെ ഞാന്‍ മുറിയിലേക്കു പാഞ്ഞു. എന്റെ കാലുകളും വേച്ചു. ഞാനും വീഴാനാഞ്ഞു. ദിവസങ്ങള്‍ കടന്നുപോയിട്ടും വണ്‍ സിയില്‍ പ്രവേശിക്കാന്‍ ഞാന്‍ ശക്തയായില്ല.

മറ്റു രോഗികളെ ശുശ്രൂഷിച്ചും അവരുടെ ബന്ധുക്കളോടു സംസാരിച്ചും അദ്ദേഹത്തില്‍നിന്ന് എന്നെ രക്ഷിക്കാന്‍ ഞാന്‍ പണിപ്പെട്ടു. എങ്കിലും എന്റെ മുറിയില്‍ തിരിച്ചെത്തുമ്പോള്‍ ഞാന്‍ പുകയും. കരിപ്പൊടികള്‍ക്കിടയില്‍ കനലിന്റെ പൊട്ടുകള്‍ എന്നെ പൊള്ളിക്കും. ഭിത്തിയിലെ ചിത്രത്തില്‍ പുകയുടെ കൂണ്‍ നോക്കിനില്‌ക്കെ വലുതാകും. ഞാന്‍ ആ ചിത്രത്തിനുള്ളില്‍ പല ചിത്രങ്ങള്‍ കാണും. നിവര്‍ത്തിപ്പിടിച്ച ഒരു വെളുത്ത കുട. അല്ലെങ്കില്‍ ചുരുട്ടിയ മുഷ്ടി. അതല്ലെങ്കില്‍ പാറി ക്കിടക്കുന്ന കോലന്‍മുടി. അതുമല്ലെങ്കില്‍ പുകമറയ്ക്കപ്പുറം തിളയ്ക്കുന്ന രണ്ടു കണ്ണുകള്‍. എല്ലാം ഒരാളെത്തന്നെ ഓര്‍മ്മിപ്പിച്ചു. അയാള്‍ എന്റെ കൈയെത്തും ദൂരത്ത് ഒരു മുറ്റം വളഞ്ഞു ചെല്ലുന്നിടത്തുണ്ട് എന്ന ഓര്‍മ്മയില്‍ ശരീരം കിടിലംകൊണ്ടു. അങ്ങനെയൊരു സന്ധ്യയ്ക്ക് മേലാസകലം ചങ്ങലയിട്ട രൂപമാണ് തെളിഞ്ഞത്. അതു നോക്കിയിരിക്കെ ഡ്യൂട്ടി നേഴ്‌സുമാരിലൊരാള്‍ വന്നു. മാഡം, വണ്‍ സിയിലെ വി.ഐ.പി.യുടെ മുറിയില്‍ കശപിശ.

ഡോക്ടര്‍മാര്‍ സ്ഥലത്തില്ല. എനിക്കു പോകേണ്ടി വന്നു. ആ സമയത്ത് പെട്ടെന്നു പ്രായത്തിന്റെ ഓര്‍മ്മ കാലുകളില്‍ ഭാരമായി തൂങ്ങി. അറുപത്തിരണ്ടു വയസ്സ്. ഈ പ്രായത്തില്‍ എത്രദൂരം മുന്നോട്ടുപോകും? തീവണ്ടികള്‍ പിന്നോട്ടു പാഞ്ഞിരുന്നെങ്കില്‍. ഹൃദയം കടകടകടാ ശബ്ദിക്കുകയായിരുന്നു. വണ്‍ സിയുടെ വരാന്തയിലേക്കു കയറുമ്പോള്‍ ഞാന്‍ ശക്തി സംഭരിക്കാന്‍ ശ്രമിച്ചു. അസ്തമയമായിട്ടും ഭൂമി തപിക്കുകയാണ്. കാറ്റ് തീക്കാറ്റാണ്. എന്നിട്ടും വീപ്പിങ് വില്ലോ മരങ്ങളില്‍ ചുവന്ന പുഷ്പങ്ങള്‍ വാടാന്‍ വിസമ്മതിക്കുകയാണ്. ഞാന്‍ വിറയ്ക്കുന്ന കൈകളോടെ ചില്ലുവാതില്‍ തുറന്നു. എ.സിയുടെ തണുപ്പ് പുറത്തേക്കിരമ്പി. വലിയ ബഹളമായിരുന്നു അകത്ത്. പഴയ സൈനികയായ അഡ്മിസ്‌ട്രേറ്റര്‍ ഉണര്‍ന്നു.

എന്താണിവിടെ? വാതില്‍ പിടിച്ചുനിന്ന് ആരെയും നോക്കാതെ ഞാന്‍ ഉച്ചത്തില്‍ ചോദിച്ചു. മുറി നിശ്ശബ്ദമായി. മുപ്പതുവര്‍ഷം, ഒരു നിമിഷത്തിനുശേഷം കോപത്താല്‍ ഇടറിയ സ്ത്രീശബ്ദം ഉയര്‍ന്നു. മുപ്പതുവര്‍ഷം എവിടെയായിരുന്നു എല്ലാവരും? ഞാന്‍ വീണ്ടും ശാസിക്കാന്‍ തുടങ്ങുമ്പോള്‍ സുന്ദരിയായ ആ മദ്ധ്യവയസ്‌ക നനഞ്ഞ കണ്ണുകളില്‍ കത്തുന്ന രോഷവുമായി എന്നെ നോക്കാതെ എന്റെ തൊട്ടരികിലൂടെ പാഞ്ഞുപോയി. അതാരാണെന്നു വ്യക്തമായിരുന്നു. എന്റെയുള്ളില്‍ അസൂയയുടെ പുകക്കൂണ്‍ പൊട്ടിമുളച്ചു. എന്റെ സ്‌നേഹം ഒരിക്കലും അദ്ദേഹം തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല. മരിച്ചവരും മുറിവേറ്റവരുമായ സൈനികര്‍ക്കിടയില്‍ ജീവിതത്തിന്റെയും മനുഷ്യരുടെയും അര്‍ത്ഥങ്ങള്‍ തേടി ഞാന്‍ അലയുമ്പോള്‍ ഈ സ്ത്രീ സ്‌നേഹിക്കപ്പെട്ടു. വിലമതിക്കപ്പെട്ടു. തലച്ചോറിലൂടെ വേദനയുടെ ഒരു തീവണ്ടി കൂടി ചൂളംവിളിച്ചു പാഞ്ഞുപോയി.

അതു ജോര്‍ജ്ജിന്റെ തന്നെ ജീവചരിത്രമായിരുന്നു. അതിന്റ മുഖചിതം ജോര്‍ജ് തന്നെയായിരുന്നു. മുന്നിലിരിക്കുന്നത് ഒരു നാലു വയസ്സുകാരനാണെന്ന് എനിക്കു തോന്നി. ഒരുപക്ഷേ, എന്റെ ശുഭവും സ്വച്ഛവും അഴുക്കു പുരളാത്തതുമായ കൗമാരത്തില്‍ ഞങ്ങള്‍ ഒന്നായിരുന്നെങ്കില്‍ എനിക്കു ജനിക്കുമായിരുന്ന കുഞ്ഞിന്റെ മുഖം അതായിരുന്നേനേ.

അപ്പോള്‍ പുറംതിരിഞ്ഞുനിന്ന മറ്റൊരു സ്ത്രീയും ചെറുപ്പക്കാരനുംകൂടി പുറത്തേക്കുവന്നു. ബോബ് ചെയ്ത മുടി മുഖത്തുനിന്ന് കുടഞ്ഞ്, ആ സ്ത്രീയും എന്നെ അവഗണിച്ച് ആരോടെന്നില്ലാതെ ക്ഷോഭിച്ചു: മുപ്പതു വര്‍ഷം ഞങ്ങള്‍ ഒരു പൈസയ്ക്കുപോലും കണക്ക് ചോദിച്ചിട്ടില്ല. ഉണ്ടോ? അവസാനം വന്നത് ജോര്‍ജിന്റെ സഹോദരനായിരുന്നു. അദ്ദേഹം എന്നെ തിരിച്ചറിഞ്ഞില്ല. കൈപ്പത്തികള്‍ മുന്നില്‍ കോര്‍ത്ത് നിലത്തു മിഴിനട്ട് ഏതോ ശവഘോഷയാത്രയിലെന്നവണ്ണം അദ്ദേഹം സാവധാനം നടന്നു പോയി. പരിസരം പെട്ടെന്നു ശൂന്യമായി.

നാല്‍പതുകൊല്ലത്തെ കണക്ക് എനിക്കുമുണ്ട് ചോദിക്കാന്‍. പക്ഷേ, എനിക്ക് അദ്ദേഹത്തെ കാണണ്ട. അദ്ദേഹം എന്നെയും കാണണ്ട. ഞാന്‍ പോകാനൊരുങ്ങി. അപ്പോഴാണ് ഡ്യൂട്ടി നേഴ്‌സ് ട്രോളിയുന്തി വന്നത്. ഗുഡ് ഈവനിങ് മാഡം. അടിപിടി കഴിഞ്ഞോ? ഞാന്‍ ഡയപ്പറും മെഡിസിനും വാങ്ങാന്‍ ഫാര്‍മസിയില്‍ പോയതാണ്. ഞാനൊന്നു ഞെട്ടി. ഡയപ്പര്‍ എന്ന പദം എന്നെ പിടിച്ചുലച്ചു. നിര്‍ത്തിയിട്ട തീവണ്ടിക്കു മുകളില്‍ ചുവന്ന മാലയിട്ടു ചൂണ്ടുവിരല്‍ ആകാശത്തേക്ക് ഉയര്‍ത്തി ഗര്‍ജ്ജിക്കുന്ന രൂപം കണ്‍മുന്നില്‍ തെളിഞ്ഞു.

തീക്ഷ്ണമായ കണ്ണുകള്‍. ഇടിമുഴങ്ങുന്ന ശബ്ദം. ഈ രാജ്യത്തെ സ്വത്രന്തമാക്കുന്നതു വരെ എനിക്കു വിശ്രമമില്ല. ഇതു വരെ നമ്മള്‍ അറിഞ്ഞതല്ല, യഥാര്‍ഥ സ്വാത്രന്ത്ര്യം. അത് വെറും കടലാസ് സ്വാത്രന്ത്യമാണ്. യഥാര്‍ഥ സ്വാതന്ത്ര്യം മനസ്സിന്റെതാണ്. ഒരുപാടു തീവണ്ടികള്‍ ഒന്നിച്ചു മടങ്ങി വരുന്നതു പോലെ എനിക്ക് അനുഭവപ്പെട്ടു. എന്റെ മേല്‍ക്കൂടി അവ പായുകയാണ്. എനിക്ക് അദ്ദേഹത്തെ ഒന്നു കൂടി കാണണമെന്നു തോന്നി.

ഞാന്‍ വാതില്‍ വീണ്ടും തുറന്നു. ജോര്‍ജ് മൂന്നാമന്‍, വെളുത്ത ടൈല്‍സിട്ട വെറും നിലത്ത് ഒരു കാല്‍ നീട്ടിയും ഒരു കാല്‍ മടക്കിയും തനിച്ചിരിക്കുന്നു. കൈയില്‍ തടിച്ചൊരു പുസ്തകമുണ്ടായിരുന്നു. വെളുത്ത കോലന്‍ മുടി പറ്റെ വെട്ടിയിരുന്നു. തടവുപുള്ളികളുടേതുപോലെ വെളുത്ത പൈജാമയും കുര്‍ത്തയും ധരിച്ചിരുന്നു. ഓര്‍മ്മ തീരെയില്ല മാഡം, സാധനങ്ങള്‍ ഷെല്‍ഫില്‍ വെക്കുന്നതിനിടെ നഴ്‌സ് അറിയിച്ചു. ഞാന്‍ സാവധാനം അടുത്തു ചെന്നു. ജോര്‍ജ്, ഞാന്‍ മൃദുവായി മന്ത്രിച്ചു. അദ്ദേഹം പുസ്തകത്തില്‍ നിന്നു തലയുയര്‍ത്തി. എന്റെ കണ്ണുകളിലേക്കു നോക്കി. നിഷ്‌കളങ്കമായി പുഞ്ചിരിച്ചു. പുസ്തകം എനിക്കു നീട്ടി. ഞാനത് വിറയലോടെ വാങ്ങി. അതു ജോര്‍ജ്ജിന്റെ തന്നെ ജീവചരിത്രമായിരുന്നു. അതിന്റ മുഖചിതം ജോര്‍ജ് തന്നെയായിരുന്നു. മുന്നിലിരിക്കുന്നത് ഒരു നാലു വയസ്സുകാരനാണെന്ന് എനിക്കു തോന്നി. ഒരുപക്ഷേ, എന്റെ ശുഭവും സ്വച്ഛവും അഴുക്കു പുരളാത്തതുമായ കൗമാരത്തില്‍ ഞങ്ങള്‍ ഒന്നായിരുന്നെങ്കില്‍ എനിക്കു ജനിക്കുമായിരുന്ന കുഞ്ഞിന്റെ മുഖം അതായിരുന്നേനേ. ഞങ്ങള്‍ ഒന്നിച്ചില്ല. ആ കുഞ്ഞു പിറന്നില്ല. രണ്ടു ദിശയിലുള്ള തീവണ്ടികളിലെന്നതു പോലെ ഞങ്ങള്‍ എത്രയോ കാതങ്ങള്‍ അകന്നു പോയി.

സാബ്, എക്‌സര്‍സൈസ് ചെയ്യേണ്ടേ? നഴ്‌സ് അടുത്തേക്കു വന്നു. അവള്‍ അദ്ദേഹത്തെ വാതിലിനു നേരെ തിരിച്ചിരുത്തി കൈയില്‍ ഒരു റിമോട്ട് പിടിപ്പിച്ചു. ഈ ബട്ടനുകള്‍ അമര്‍ത്തൂ. ങ്ഹാ, ഇങ്ങനെ. അദ്ദേഹത്തിന്റെ ചൂണ്ടുവിരല്‍ പിടിച്ച് അവള്‍ റിമോട്ടില്‍ അമര്‍ത്തി. വിരലും തലച്ചോറും തമ്മിലുള്ള ബന്ധം ശരിയാക്കാനുള്ള വ്യായാമങ്ങളിലൊന്ന്. എന്റെ കൈയില്‍നിന്നു പുസ്തകം താഴെ വീണു. പ്ലീസ് പ്രസ് ദിസ് ബട്ടണ്‍ സാബ്. ജോര്‍ജ്ജിന്റെ വിരലുകള്‍ റിമോട്ടില്‍ വഴുതി. അപ്പോള്‍ എന്നെ ഞെട്ടിച്ച് ചൂളം മുഴങ്ങി. കടകട ശബ്ദം ഉയര്‍ന്നു. വെറും നിലത്ത് വട്ടത്തിലുറപ്പിച്ച കറുത്ത പ്ലാസ്റ്റിക് പാളങ്ങളില്‍ ഒരു ചുവന്ന കളിപ്പാട്ട തീവണ്ടി ഓടിത്തുടങ്ങി. സാബ്, ഇനി സ്‌റ്റോപ് ബട്ടന്‍, നഴ്‌സസ് പറഞ്ഞു. ഞാന്‍ മരവിച്ചു നിന്നു. ദൈവമേ, ഞങ്ങളുടെയൊക്കെ വാര്‍ധക്യം. ജോര്‍ജ് ചൂണ്ടുവിരല്‍ അമര്‍ത്താന്‍ ശ്രമിച്ചു പരാജയപ്പെട്ട് നിസ്സഹായതയോടെ നാലുവയസ്സുകാരന്റെ കണ്ണുകളുയര്‍ത്തി. റിമോട്ട് എനിക്കു നീട്ടി.

ദൈവമേ, എന്തൊരു പരിണാമ ഗുപ്തി. ഞങ്ങളുടെ വാര്‍ധക്യത്തില്‍ നിന്നും നിങ്ങള്‍ക്ക് ഒരുപാട് പഠിക്കാനുണ്ട്.

(ഡി.സി ബുക്‍സ് പ്രസിദ്ധീകരിച്ച കെ.ആര്‍ മീരയുടെ കഥകള്‍ എന്ന പുസ്തകത്തില്‍ നിന്ന്)

TAGS :

Next Story