കടല്‍ത്തീരത്തെ കഥകളെഴുതുന്ന ഒരു ലൈഫ് ഗാര്‍ഡ്
കടലാഴങ്ങളോളം കഥകളുണ്ട് ഇനിയും വിര്‍ജിന് പറയാന്‍.
കടല്‍ത്തീരത്തെ കഥാകാരന്‍. അതാണ് വിര്‍ജിന്‍. ഇത് അയാളുടെ കഥയാണ്. കടലിനെ കുറിച്ചുള്ള അയാളുടെ ഓര്‍മകളാണ്. ജോലിക്കിടെ ഉണ്ടായ അനുഭവങ്ങളും സംഭവങ്ങളും കൂട്ടിച്ചേര്‍ത്ത് മൂന്ന് പുസ്തങ്ങളാണ് ഇതുവരെ വിർജിന്‍ എന്ന ലൈഫ് ഗാര്‍ഡ് എഴുതിയത്. തിരുവനന്തപുരം കരകുളം സ്വദേശിയായ വിര്‍ജിന്‍ തന്‍റെ അടുത്ത പുസ്തകങ്ങളുടെ പണിപ്പുരയിലാണ്
വീശിയടിക്കുന്ന തിരകളെ പുല്‍കിയും ആഴക്കടലില്‍ മുങ്ങിപ്പൊങ്ങിയും കഴിഞ്ഞ 32 വര്‍ഷമായി വിർജിന്‍ ഇവിടെയുണ്ട്. പലകുറി മരണത്തിന് മുന്നില്‍ നിന്ന് പലരേയും ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചു. ഇക്കാലമത്രയും കണ്ട കാഴ്ചകളും ഓര്‍മ്മകളും അയാള്‍ കുറിച്ചുവച്ചു. ആ കോറിയിട്ട വരികള്‍ പിന്നീട് പുസ്തകങ്ങളായി. കടലിന്‍റെ എല്ലാ മുഖങ്ങളും പല കാലങ്ങളിലായി കണ്ട വിര്‍ജിന്‍റെ വരികളില്‍ നിറഞ്ഞു നില്‍ക്കുന്നതും തിരയും തീരവും തന്നെ. ഇതുവരെ ആരും പറയാത്ത കഥകള്‍ എഴുതണമെന്ന് തോന്നി. മത്സ്യത്തൊഴിലാളിയായതിനാല്‍ കുട്ടിക്കാലത്തെ കുറേ അനുഭവങ്ങളും അറിഞ്ഞ മിത്തുകളും ഉണ്ട്.. അവയൊക്കെ പകര്‍ത്തി വെക്കുകയായിരുന്നു താനെന്ന് വിര്‍ജിന്‍ പറയുന്നു.
കടലിലെ അനുഭവങ്ങള്‍ കോര്‍ത്തിണക്കിയ കാഴ്ചപ്പമ്പരവും, തുറയുടെ ശൈലിയിലും ഭാഷയിലും എഴുതിയ, ചാളത്തടിയിലിരുന്ന് ചുവന്ന ആകാശം കണ്ട് എന്ന പുസ്തകവും ഒക്കെ കഥകളും ഓര്‍മക്കുറിപ്പുകളുമായിരുന്നപ്പോള്‍ തീരദേശ ഗ്രാമങ്ങളിലെ ജാതീയതയെ പറ്റിയാണ് ഇരുട്ടിലെ വെള്ളക്കൊടികള്‍ എന്ന പുസ്തകത്തിലൂടെ വിര്‍ജിന്‍ വിവരിക്കുന്നത്.
കാഴ്ചപമ്പരം ഇതിനകം മൂന്ന് പതിപ്പുകള്‍ പുറത്തിറങ്ങിക്കഴിഞ്ഞു. രണ്ടാമത് എഴുതിയ ചാളത്തടിയിലിരുന്ന് ചുവന്ന ആകാശം കണ്ട് എന്ന പുസ്തകവും രണ്ട് പതിപ്പുകള്‍ കഴിഞ്ഞു. അത് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയിട്ടുണ്ട്. അതും രണ്ട് പതിപ്പ് കഴിഞ്ഞു. നാലാമത്തെ പുസ്തകം പ്രസിദ്ധീകരണത്തിലാണ്. അഞ്ചാമത്തെ പുസ്തകത്തിന്റെ എഴുത്തിലാണ് ഇപ്പോള്‍ വിര്‍ജിനുള്ളത്.
വരുമാന മാര്‍ഗം എന്നതിലുപരി ഒരു സേവനം എന്ന നിലയ്ക്കാണ് വിര്‍ജിന്‍ തന്‍റെ ജോലിയെ കാണുന്നത്. ആരെന്നോ എന്തെന്നോ അറിയാത്തവരുടെ ജീവിതം രക്ഷിക്കുന്നതിലൂടെ കിട്ടുന്ന സംതൃപ്തിയാണ് തന്‍റെ ഏറ്റവും വലിയ സമ്പാദ്യം എന്നാണ് ഈ മനുഷ്യന്‍ പറയുന്നത്.
കടലാഴങ്ങളോളം കഥകളുണ്ട് ഇനിയും വിര്‍ജിന് പറയാന്‍. കടലിന്റെ സന്തതിയായി ജനിച്ച്, തീരത്ത് ഓടിക്കളിച്ച് വളര്‍ന്ന വിര്‍ജിന്‍ കടലിനെ കുറിച്ചല്ലാതെ എന്താണ് എഴുതുക, എന്തിനെ കുറിച്ചാണ് പറയുക.
Adjust Story Font
16